ലോക ടൂറിസം മാപ്പിൽ ഇടം നേടിയ കുമരകത്തിന്റെ ഉൾപ്രദേശങ്ങളിൽ നല്ല റോഡുപോലുമില്ല: ഉണ്ടായിരുന്ന റോഡ് പൊളിച്ചിട്ടതിനാൽ ആശാരിശ്ശേരി കടമ്പനാട് നിവാസികൾ ദുരിതത്തിൽ

Spread the love

കുമരകം : പഞ്ചായത്ത് എൻജിനിയർ സ്ഥലം മാറി പോയതിന്റെ പേരിൽ റോഡ് പണി അവതാളത്തിലായി.
പഞ്ചായത്ത് 7-ാം വാർഡിലെ ആശാരിശ്ശേരീൽ- കടമ്പനാട് റോഡ് നിർമാണമാണ് തടസപ്പെട്ടത്.
. രണ്ട് മാസം മുൻപ് റോഡ് പണിയുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് പഴയ റോഡ് ഇളക്കി ഇട്ടതാണ്.

ഇപ്പോഴത്തെ റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണം റോഡ് ഇളക്കി ഇട്ടതാണെന്നും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.

ഓണത്തിന് മുൻപ് റോഡ് പണി പൂർത്തീകരിക്കും എന്ന് അധികൃതർ നൽകിയ വാഗ്ദാനം കാറ്റിൽ പറത്തിയെന്നും ആക്ഷേപമുണ്ട്. റോഡ് പൊളിക്കുവാനുള്ള പണികൾ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന എഞ്ചിനീയർ സ്ഥലം മാറി പോയതാണ് റോഡ് പണി അനശ്ചിതത്വത്തിലാകുവാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊളിക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന വഴിയിലൂടെ ബുദ്ധിമുട്ടിയാണെങ്കിലും യാത്ര ചെയ്യുവാനും ഓട്ടോറിക്ഷ വിളിച്ചാൽ ഓട്ടം വരികയും ചെയ്യുമായിരുന്നു എന്നാൽ ഇപ്പോൾ കാൽ നടയായും ഓട്ടോയിലും പോകുവാൻ സാധിക്കാത്ത അവസ്ഥയിലാണ്.

കാൽ നടയായി യാത്ര ചെയ്യുന്നവർക്ക് കാൽ പാദം നീര് വന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുമെന്ന് അനുഭവസ്ഥരായ നാട്ടുകാർ പറയുന്നു. ഓട്ടോയിൽ യാത്ര ചെയ്താൽ നടുവിന് ചികിത്സയും ഒപ്പം ഓട്ടോയുടെ അറ്റകുറ്റപണിയുമാണ് മിച്ചം. ഇതിനെല്ലാം ശാശ്വത പരിഹാരം ഉടൻ കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

മികച്ച ടൂറിസം ഗ്രാമത്തിനുള്ള കേന്ദ്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിയ കുമരകത്തിന്റെ പ്രാദേശിക വികസനം സമ്പൂർണ്ണ പരാജയം ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇതിനെതിരായി ശക്തമായ അമർഷവും നാട്ടുകാർ രേഖപ്പെടുത്തുന്നുണ്ട്. ലോകത്തിന്റെ നെറുകയിൽ കുമരകത്തിന്റെ പേര് ഉയർന്ന് കേൾക്കുമ്പോഴും കുമരകം നിവാസികളുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും. ഈ നിലപാട് മാറ്റി വികസന പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.