
വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കാര്‍ അടക്കം തട്ടിയെടുത്തു ; ബിസിനസ് പങ്കാളിയായിരുന്ന സ്ത്രീ ഒരു കോടിരൂപയോളം തട്ടിയെടുത്തു മുങ്ങിയതായി യുവവ്യവസായിയുടെ പരാതി
സ്വന്തം ലേഖകൻ
തൃശൂര്‍: ബിസിനസ് പങ്കാളിയായിരുന്ന സ്ത്രീയും സംഘവും ഒരു കോടി രൂപയോളം തട്ടിയെടുത്തു മുങ്ങിയതായി യുവവ്യവസായിയുടെ പരാതി. ബാങ്ക് മാനേജരുടെ പിന്തുണയോടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തന്റെ കാര്‍ അടക്കം തട്ടിയെടുത്താണ് മുങ്ങിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. പെരിന്തല്‍മണ്ണ പൂന്താവനം ശ്രീവില്ലയില്‍ എം പി ശ്രീജിത്ത് (42) നല്‍കിയ പരാതിയില്‍ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ പല തട്ടിപ്പുകേസുകളില്‍ പ്രതിയായിട്ടുള്ള ജയശ്രീക്കും കൂട്ടാളികള്‍ക്കുമെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു.
തന്റെ സ്ഥാപനത്തിന് ഹെയര്‍ ഓയില്‍ നിര്‍മിച്ചു കൈമാറാന്‍ ആളെ ആവശ്യമുണ്ടെന്നു പരസ്യം നല്‍കിയതിനെത്തുടര്‍ന്നാണ് 2020 മുതല്‍ ജയശ്രീ സഹകരിച്ചു തുടങ്ങിയതെന്നും പരാതിക്കാരന്‍ പറഞ്ഞു. ഉല്‍പ്പന്നത്തിന്റെ ജിഎസ്ടി രജിസ്‌ട്രേഷനും ബിസിനസ് ഇടപാടുകളുടെ എളുപ്പത്തിനും തനിക്കു കൂടുതല്‍ പരിചയമുള്ള വരന്തരപ്പിള്ളി ഐഒബി ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുടങ്ങാമെന്ന് അവര്‍ പറഞ്ഞ പ്രകാരം ജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ജയശ്രീ തന്റെ കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായും ജോലി ആരംഭിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. ബിസിനസും സൂപ്പര്‍മാര്‍ക്കറ്റും നവീകരിക്കാന്‍ പണം ആവശ്യപ്പെട്ട് ജയശ്രീയും മകനും ചേര്‍ന്ന് പലതവണയായി 7.25 ലക്ഷം രൂപ കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു.
2020 മുതലുള്ള 4 വര്‍ഷം സ്ഥാപനത്തിലെ പല ജീവനക്കാരില്‍നിന്നു വായ്പയായും അവരുടെ പേരില്‍ സ്വര്‍ണം പണയംവച്ചും പണം കൈപ്പറ്റിയതായി ബാങ്കില്‍നിന്ന് ഉള്‍പ്പെടെ വിവരം ലഭിക്കുകയും കൂടുതല്‍ തട്ടിപ്പുകള്‍ തിരിച്ചറിയുകയും ചെയ്തതോടെ കഴിഞ്ഞ ഓഗസ്റ്റ് 13ന് ജയശ്രീയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
പിന്നീടു ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ജോയിന്റ് അക്കൗണ്ടുള്ള വരന്തരപ്പിള്ളി ഐഒബി ബാങ്കില്‍ നിന്ന് തന്റെ ഒപ്പുമായി സാമ്യം പോലും ഇല്ലാത്ത പലതരം ഒപ്പുകളിട്ട് പലപ്പോഴായി ഇവര്‍ 50 ലക്ഷം രൂപ തട്ടിയതായി തിരിച്ചറിഞ്ഞതെന്നും ശ്രീജിത്ത് പരാതിയില്‍ പറഞ്ഞു. പണം പിന്‍വലിക്കുന്നത് അറിയാതിരിക്കാന്‍ മൊബൈല്‍ ഫോണിലേക്കുള്ള ബാങ്ക് സന്ദേശം പോലും ബ്ലോക്ക് ചെയ്തു. ഇതിനു കൂട്ടുനിന്നെന്ന് കരുതുന്ന അന്നത്തെ മാനേജര്‍ സ്ഥലം മാറിപ്പോയെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചതെന്നും പരാതിയില്‍ പറയുന്നു.