യുവതലമുറയിലെ ഗ്രൂപ്പിന്റെ മുന്നണി പോരാളി; കോളേജുകളിൽ നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തീപ്പൊരി നേതാവ്; ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായപ്പോൾ ഇന്നോവയുടെ പേരിൽ പിണങ്ങി വിവാദത്തിന് തിരികൊളുത്തി; പ്രസിഡന്റായപ്പോൾ നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും; നിരവധി വിവാദങ്ങളിൽനിന്നും തെന്നിമാറിയ ദിവ്യ എഡിഎമ്മിൽ കുരുങ്ങി
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് ജില്ലാഘടകങ്ങള്‍ തമ്മില്‍ അസ്വാരസ്യവും പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉണ്ടായതോടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പുറത്താക്കലിന് വഴിയൊരുങ്ങിയത്. ആരോപണ വിധേയയായ ദിവ്യയുടെ രാജിക്കായി കണ്ണൂരിലെ പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം നേതാക്കള്‍ ശക്തമായി നിലപാട് സ്വീകരിച്ചതോടെ ചില നേതാക്കളുടെ അതീവ വിശ്വസ്തയായിട്ടും പി പി ദിവ്യയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല.
മന്ത്രി മുഹമ്മദ് റിയാസ്, കെ കെ രാഗേഷ് തുടങ്ങിയ യുവനേതാക്കള്‍ നേതൃത്വം നല്‍കുന്ന യുവതലമുറയിലെ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്നു ദിവ്യ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ പട്ടികയില്‍ ദിവ്യയാണ് പ്രഥമ പരിഗണനയില്‍ വന്നതെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേതുള്‍പ്പെടെയുള്ള നേതാക്കളുടെ പിന്‍തുണ നേടാന്‍ കഴിഞ്ഞില്ല.
പി കെ ശ്രീമതി ടീച്ചര്‍ക്കായി ഇ പി ജയരാജന്‍ ശക്തമായി രംഗത്തു വന്നതോടെ സമവായ സ്ഥാനാര്‍ത്ഥിയായി എം വി ജയരാജന്‍ രംഗത്തുവരികയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിലുള്ള ചടുലമായ പ്രവര്‍ത്തനങ്ങള്‍ പി പി ദിവ്യയ്ക്ക് ഏറെ കൈയ്യടി നേടിക്കൊടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ടീമിന്റെ ഗോളിയായും ആകാശവാണിയില്‍ വാര്‍ത്താ മേഖലയില്‍ ജോലി ചെയ്ത പരിചയവും ദിവ്യയ്ക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ സഹായകരമായി. പള്ളിക്കുന്ന് വി കെ കൃഷ്ണമേനോന്‍ കോളേജിലെ തീപ്പൊരി നേതാവായിരുന്ന പി പി ദിവ്യ നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഡിവൈഎഫ്ഐയുടെ ജില്ലാ നേതാവായും സംസ്ഥാന നേതാവായും പ്രവര്‍ത്തിക്കുമ്പോള്‍ ജലപീരങ്കി പ്രയോഗത്തിനും ലാത്തിചാര്‍ജ്ജിനും വിധേയയായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച പേരുകളിലൊന്ന് ദിവ്യയുടെതായിരുന്നുവെങ്കിലും അവസാന നിമിഷം തെറിക്കുകയായിരുന്നു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നപ്പോഴും വിവാദങ്ങളില്‍ ദിവ്യ ചെന്നുപ്പെട്ടിരുന്നു. പുതിയ ഇന്നോവ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടു ദിവ്യ പിണങ്ങി നിന്നുവെന്ന വാര്‍ത്ത പുറത്തുവരികയും ഒടുവില്‍ അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഇടപെടലിലുടെ അനുനയത്തിന്റെ പാതയിലെത്തുകയുമായിരുന്നു.
എന്നാല്‍, രണ്ടാം ടേമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് പി പി ദിവ്യയുടെ പേര് കൂടുതല്‍ ശോഭിച്ചത്. സംസ്ഥാനത്തെ തന്നെ മികച്ച ജില്ലാപഞ്ചായത്താക്കി കണ്ണൂരിനെ മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. ഓണത്തിന് ഒരു കൊട്ട പൂ പദ്ധതിയിലൂടെ ഇക്കുറി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുകൃഷി രംഗത്ത് വന്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു.
ഇതുകൂടാതെ വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്താനും അവര്‍ക്ക് കഴിഞ്ഞു. കുട്ടികള്‍ എഴുതിയ 1000 പുസ്തകങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചതും ദിവ്യയുടെ നേതൃത്വത്തിലാണ്. കണ്ണൂരിലെ ടൂറിസം മേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ വ്യവസായ സംരഭകരുടെ കോണ്‍ക്ലേവ് നടത്തിയതും 1000 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്തതും മാസങ്ങള്‍ക്ക് മുന്‍പാണ്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ കടലോര ടൂറിസം പദ്ധതികളാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ഭരണ നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും ദിവ്യയെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അനഭിമതയാക്കി. പാലക്കയം തട്ടില്‍ ബിനാമിഭുമിയുണ്ടെന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തിയെങ്കിലും ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
കണ്ണൂരിലെ ചില യുവ നേതാക്കളുമായി ചേര്‍ന്ന് ബിനാമി ബിസിനസുണ്ടെന്ന ആരോപണം ചിലര്‍ ഉയര്‍ത്തിയെങ്കിലും ഇത്തരം കാര്യങ്ങളൊന്നും തെളിയിക്കപ്പെടാതെ പുകമറയായി മാറുകയായിരുന്നു. ഏറ്റവും ഒടുവിലാണ് എഡിഎം നവീന്‍ ബാബു തടസപ്പെടുത്തിയെന്നു പറയപ്പെടുന്ന ചെങ്ങളായിയിലെ നിര്‍ദ്ദിഷ്ട പെട്രോള്‍ പമ്പില്‍ ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന് വ്യവസായ സംരഭകനായ കെ വി പ്രശാന്തുമായി ചേര്‍ന്നു പങ്കാളിത്തമുണ്ടെന്ന ആരോപണം.
പാര്‍ട്ടിയിലെ സൈബര്‍ പോരാളികള്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നുവെങ്കിലും വസ്തുതാപരമല്ലാത്ത ആരോപണമായിട്ടാണ് പാര്‍ട്ടി വിലയിരുത്തിയത്. ഇങ്ങനെ വിവാദങ്ങളില്‍ നിന്നും പോറലേല്‍ക്കാതെ രക്ഷപെട്ട പി പി ദിവ്യ എഡിഎം നവീന്‍ ബാബുവിനെതിരെ നടത്തിയ പരസ്യ വിമര്‍ശനം അദ്ദേഹത്തിന്റെ ജീവനെടുത്തതോടെ വാരി കുഴിയില്‍ വീഴുകയായിരുന്നു.