
രാത്രി 10 മണിക്ക് ശേഷം റോഡിലിറങ്ങി നടക്കാൻ അനുവാദമില്ലന്ന് ജാഗ്രതാ സമിതി അംഗങ്ങൾ: മകളുമായി സാധനം വാങ്ങാൻ എത്തിയ അച്ഛനെ തല്ലിചതച്ചു, തടയാനെത്തിയ സുഹൃത്തുക്കൾക്കും ക്രൂരമർദനം, പരാതി നൽകി ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളെ സംരക്ഷിച്ച് പോലീസ്
പാലക്കാട്: കടമ്പഴിപ്പുറത്ത് രാത്രി പത്തുമണിക്കു ശേഷം റോഡിൽ ഇറങ്ങി നടന്നതിന് യുവാക്കളെ നാട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടിക്കാതെ പോലീസ്. ആക്രമണം നടത്തിയ പത്തു പേര്‍ക്കെതിരെയും ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിരുന്നെങ്കിലും ഇതുവരെയും പിടികൂടിയിട്ടില്ല.
രാഹുൽ, ഫൈസൽ, സുബൈര്‍, സന്തോഷ്, സിദ്ദീഖ്, ഷഹീര്‍, ഷിഹാബ്, കുഞ്ഞുട്ടി, മോഹനൻ, ജയറാം തുടങ്ങി, കടമ്പഴിപ്പുറം സ്വദേശികളായ 10 പേര്‍ക്കെതിരെയാണ് കലാപശ്രമം, വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
കടമ്പഴിപ്പുറം അങ്ങാടിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മകൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു അര്‍ഷാദ്. കാറിലെത്തിയ പ്രതികൾ അര്‍ഷാദിനെ തടഞ്ഞുവെച്ചു. ജാഗ്രതാ സമിതി അംഗങ്ങളാണെന്നും പത്തുമണിക്കു ശേഷം പുറത്തിറങ്ങരുതെന്നും പ്രതികൾ പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. പ്രതികൾ കയ്യിലുണ്ടായിരുന്ന ഇരുമ്പ്ദണ്ഡും കത്തിയും ആയുധങ്ങളും ഉപയോഗിച്ച് അര്‍ഷാദിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടയാനെത്തിയ സുഹൃത്തിനെയും സംഘം മര്‍ദ്ദിച്ച് അവശനാക്കി. ഇരു കാലിൻറെയും എല്ലുപൊട്ടി, ചെവി മുറിയുകയും ചെയ്ത അര്‍ഷാദ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതികൾക്ക് യുവാക്കളോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതാണ് ആക്രമണത്തിന്പിന്നിലെ കാരണമെന്നും പോലീസ് പറയുന്നു.