
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മാവ് പുളിച്ചു; കെഎസ്‌ഇബിക്ക് മുന്നിലെത്തി തലയിലൊഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ
കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയില്‍ ഒഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ.
ഇളമ്പള്ളൂർ വേലുത്തമ്പി നഗറില്‍ ആട്ട് മില്‍ നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കുണ്ടറ കെഎസ്‌ഇബി ഓഫിസിനു മുന്നില്‍ ആട്ടിയ മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 1 മുതല്‍ 3 വരെയാണ് വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചതെങ്കിലും രാവിലെ 9.30 മുതല്‍ 10. 30 വരെ തുടരെ വൈദ്യുതി തടസ്സപ്പെട്ടു.
പിന്നീട് 11 മണിയോടെ വൈദ്യുതി പൂർണമായും നിലച്ചു. ഇതോടെ രാജേഷ് പകുതി മാത്രം ആട്ടിവച്ച മാവ് പുളിച്ചു ഉപയോഗശൂന്യമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് രാജേഷ് 2മണിയോടെ കെഎസ്‌ഇബി ഓഫിസില്‍ വന്ന് പ്രതിഷേധിച്ചത്. 1ന് മുൻപ് മാവ് കടകളില്‍ കൊടുക്കുന്നതിനായി രാവിലെ 6 മുതല്‍ ആരംഭിച്ച ജോലിയും 10000 രൂപയുടെ സാമ്പത്തികവും നഷ്ടമായതായി രാജേഷ് പറഞ്ഞു. പ്രതിഷേധവുമായി കെഎസ്‌ഇബിയില്‍ എത്തിയപ്പോഴാണ് തനിക്ക് 11 മണി മുതല്‍ വൈദ്യുതി മുടങ്ങുമെന്ന മെസേജ് ലഭിച്ചതെന്ന് രാജേഷ് പറയുന്നു.
കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്കും പൊലീസിലും പരാതി നല്‍കാൻ ഒരുങ്ങുകയാണ് രാജേഷ്.
എന്നാല്‍, ട്രാൻസ്‌ഫോമർ അടിയന്തരമായി മാറ്റേണ്ടി വന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നു കുണ്ടറ സെക്ഷൻ സബ് എൻജിനീയർ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കിയതായും ഫോണില്‍ അയച്ച മെസേജ് ലഭിക്കാൻ വൈകിയതാകാമെന്നു സബ് എൻജിനീയർ പ്രതികരിച്ചു.