കോട്ടയം നഗരസഭയുടെ പ്രധാന നിരത്തുകളെല്ലാം ഇരുട്ടിൽ; തെരുവുവിളക്കുകള്‍ പണിമുടക്കിയിട്ട് മാസങ്ങൾ; ഇതു മറയാക്കി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നിത്യസംഭവം; കോളടിച്ചത് കള്ളന്മാർക്ക്; ഇരുട്ടിന്റെ മറവിൽ ടൗണിൽ ഒരേസമയം മോഷണം നടന്നത് 8 കടകളിൽ; ശാസ്ത്രി റോഡില്‍നിന്നു ലോഗോസിലേക്കു പോകുന്ന വഴിയിലും സ്ഥിതി സമാനം; താത്കാലിക പരിഹാരമെങ്കിലും വേണമെന്ന ആവശ്യവുമായി വ്യാപാരികളും നാട്ടുകാരും
കോട്ടയം: നഗരസഭയിലെ പ്രധാനനിരത്തുകളെല്ലാം ഇരുട്ടിലാണ്. മാസങ്ങളായി തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ടും കണ്ടില്ലെന്ന മനോഭാവമാണ് അധികൃതർക്ക്. രാത്രികാലങ്ങളില്‍ കാല്‍നടയാത്രകാര്‍ക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
നഗരസഭയുടെ പരിധിയില്‍ വരുന്ന കെകെ റോഡ്, എംസി റോഡ്, എംഎല് റോഡ്, ടിബി റോഡ് തുടങ്ങിയ നിരത്തുകളിലെല്ലാം ഇരുട്ടിൽ തപ്പിയാണ് യാത്രക്കാരുടെ യാത്ര. ഇതു മറയാക്കി രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണ് പ്രദേശത്ത്.
മദ്യപിച്ചും ലഹരി ഉപയോഗിച്ചും വഴിയില്‍ കിടന്നാളുകള് അസഭ്യവര്‍ഷം നടത്തുന്നതും തമ്മിലടിക്കുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയായിരിക്കുന്നു. ഇത്തരം സംഭവങ്ങൾക്കിടെ വാഹനയാത്രക്കാരുടെ മുമ്പിലേക്ക് ഇവർ ചാടുന്നതും അപകടങ്ങളുടെ ആഴം കൂട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെല്ലാം പുറമെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടൗണിലെ എട്ട് കടകളില്‍ രാത്രിയില്‍ ഒരേസമയം മോഷണങ്ങള്‍ നടന്നിരുന്നു. ഇരുട്ടിന്റെ മറവില്‍ ജില്ലയില്‍ കള്ളന്മാരുടെ ശല്യവും വർധിക്കുകയാണ്. എംഎല് റോഡിലേയും കെകെ റോഡിലേയും തെരുവ് വിളക്കുകള്‍ രാത്രി കാലങ്ങളില്‍ മോഷ്ടാക്കള്‍ക്ക് സഹായകമാണ്.
രാത്രികാലങ്ങളില്‍ ജോലികഴിഞ്ഞു താമസസ്ഥലത്തേക്കു മടങ്ങുന്ന കാല്നടയാത്രികാര്ക്കു ഭയംകൂടാതെ പോകാനാകാത്ത സാഹചര്യമാണ്. നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രി റോഡില്‍നിന്നു ലോഗോസിലേക്കു പോകുന്ന വഴിയിലും സ്ഥിതി സമാനമാണ്. നിലവിലെ പ്രശനങ്ങള്‍ക്കു താത്കാലിക പരിഹാരം കാണണമെന്നാണു വ്യാപാരികളുടേയും നാട്ടുകാരുടേയും ആവശ്യം.