ഇടുങ്ങിയ മുറി; ചുറ്റും രണ്ടാൾ പൊക്കത്തിൽ മാലിന്യ കൂമ്പാരം; ഈച്ചയുടെയും ഒച്ചിൻ്റെയും ശല്യം; ദുർഗന്ധം കൊണ്ട് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ; വിദ്യാഭ്യാസ പുരോഗതിയിൽ രാജ്യത്തിന് മാതൃകയായ കേരളത്തിൽ കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നത് മാലിന്യ കൂമ്പാരത്തിന് നടുവിൽ
തിരുവനന്തപുരം: മാലിന്യ കൂമ്പാരത്തിന്‍റെ നടുവിലിരുന്ന് ആദ്യാക്ഷരങ്ങൾ പഠിക്കേണ്ട ഗതികേടിലാണ് തിരുവനന്തപുരം ബീമാപ്പള്ളി നഴ്സറി സ്കൂളിലെ കുരുന്നുകൾ. കുട്ടികൾക്ക് രോഗങ്ങൾ പതിവായതോടെ സ്കൂളിലേക്ക് വിടാൻ മാതാപിതാക്കൾ മടിക്കുകയാണ്.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്കൂൾ പ്രവർത്തിക്കുന്നത് മത്സ്യഭവന്‍റെ കെട്ടിടത്തിലെ ഇടുങ്ങിയ മുറിയിലാണ്. ഇടുങ്ങിയ ഒരു മുറി. ചുറ്റും രണ്ടാൾ പൊക്കത്തിൽ മാലിന്യ കൂമ്പാരം. ഈച്ചയുടെയും ഒച്ചിന്‍റെയും ശല്യം. ദുർഗന്ധം കൊണ്ട് ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ കുരുന്നുകൾ ബുദ്ധിമുട്ടുകയാണ്.
വിദ്യാഭ്യാസ പുരോഗതിയിൽ രാജ്യത്തിന് മാതൃകയായ കേരളത്തിൽ തന്നെയാണ് ഈ കൊച്ചു പ്രീ പ്രൈമറി സ്കൂളും പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആണ് ബീമാപ്പള്ളി നഴ്സറി സ്കൂൾ. ഒരു ക്ലാസിനാവശ്യമായ യാതൊരു വിധത്തിലുമുള്ള സാഹചര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾക്കായുള്ള ശുചിമുറിയിൽ വെള്ളം പോലുമില്ല. തൊട്ടടുത്ത പൊതു പൈപ്പിൽ നിന്ന് വെള്ളം ചുമക്കേണ്ട ഗതികേടിലാണ് അധ്യാപകർ. വൃത്തി ഹീനമായ അന്തരീക്ഷം മൂലം രോഗങ്ങൾ വിട്ടുമാറായതോടെ മാതാപിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വിടാത്ത സാഹചര്യവുമുണ്ട്.
സ്കൂളിന് സമീപത്ത് നഗരസഭാ ജീവനക്കാർ തന്നെ ശേഖരിച്ച മാലിന്യങ്ങൾ നിക്ഷേപിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കെട്ടിടത്തിന്‍റെ മുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും അവ ഉപയോഗിക്കാതെ നശിച്ചു കിടക്കുകയാണ്. നാട്ടുകാരുടെ നിരന്തരമായ പരാതികൾക്കൊടുവിൽ നഗരസഭാ അധികൃതർ സ്കൂൾ പരിശോധിച്ച് മടങ്ങി.