play-sharp-fill
ഉപ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്: പ്രിയങ്ക മത്സരിക്കുന്ന വയനാട്ടില്‍ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, സി.ആര്‍ മഹേഷ് ഉള്‍പ്പെടെ യുവനേതാക്കള്‍ക്ക് ചുമതല: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാന്‍ ധാരണ: എതിര്‍പ്പുമായി പ്രാദേശിക നേതാക്കള്‍. ചേലക്കരയില്‍ രമ്യാ ഹരിദാസ്. നയിക്കാന്‍ വി.ഡി സതീശന്‍

ഉപ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്: പ്രിയങ്ക മത്സരിക്കുന്ന വയനാട്ടില്‍ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, സി.ആര്‍ മഹേഷ് ഉള്‍പ്പെടെ യുവനേതാക്കള്‍ക്ക് ചുമതല: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാന്‍ ധാരണ: എതിര്‍പ്പുമായി പ്രാദേശിക നേതാക്കള്‍. ചേലക്കരയില്‍ രമ്യാ ഹരിദാസ്. നയിക്കാന്‍ വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ലോകസഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. വയനാട് ലോകസഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി സംഘടനാപരമായുളള രാഷ്ട്രീയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് തുടങ്ങിവെച്ചത്.
ഇതിൻെറ ഭാഗമായി പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാകുന്ന വയനാട് ലോകസഭാ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലങ്ങളുടെയും ചുമതലക്കാരെ നിശ്ചയിച്ചു.

ഹൈബി ഈഡനു വണ്ടൂര്‍, സി.ആർ മഹേഷിന് ഏറനാട്
എല്ലാ നിയോജക മണ്ഡലങ്ങളിലും ജനപ്രതിനിധികള്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. കോഴിക്കോട് എം.പി എം.കെ. രാഘവനാണ് തിരുവമ്പാടി മണ്ഡലത്തിൻെറ സംഘടനാ ചുമതല. മലപ്പുറം ജില്ലയിലെ വണ്ടൂർ നിയോജക മണ്ഡലത്തിൻെറ ചുമതല ഹൈബി ഈഡൻ എം.പിക്കും നിലമ്പൂർ മണ്ഡലത്തിൻെറ ചുമതല ആൻേറാ ആൻറണിക്കും ഏറനാട് മണ്ഡലത്തിൻെറ ചുമതല സി.ആർ മഹേഷ് എം.എല്‍.എയ്ക്കും നല്‍കിയിട്ടുണ്ട്.

വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തിൻെറ ചുമതല രാജ് മോഹൻ ഉണ്ണിത്താനും ബത്തേരി മണ്ഡലത്തിൻെറ ചുമതല ഡീൻ കുര്യാക്കോസ് എം.പിക്കും മാനന്തവാടി മണ്ഡലത്തിൻെറ ചുമതല സണ്ണി ജോസഫ് എം.എല്‍.എയ്ക്കും നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാൻഡാണ് ജനപ്രതിനിധികള്‍ക്ക് ഓരോ നിയോജക മണ്ഡലങ്ങളുടെയും ഉത്തരവാദിത്തം നല്‍കി തീരുമാനമെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയങ്കയ്ക്കായ് കരുതല്‍
പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന മണ്ഡലം ആയതിനാല്‍ വയനാട് ലോകസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. നേരത്തെ വയനാടിനെ പ്രതിനിധീകരിച്ചിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മണ്ഡലത്തോട് വൈകാരിക അടുപ്പമുണ്ട്.

വയനാട് മണ്ഡലത്തെ ,സ്വന്തം കുടുംബത്തേപോലെയാണ് കാണുന്നതെന്നാണ് സീറ്റ് ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. അതുകൊണ്ടാണ് സഹോദരി പ്രിയങ്കയെ തന്നെ മണ്ഡലത്തിലേക്ക് നിയോഗിച്ചതും.

മുൻപ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സമ്മർദ്ദം വന്ന ഘട്ടങ്ങളിലെല്ലാം മാറിനിന്ന പ്രിയങ്ക വയനാടിനെ കന്നിമത്സരത്തിനായി തിരഞ്ഞെടുത്തതും നെഹ്റു കുടുംബം മണ്ഡലത്തിന് നല്‍കുന്ന പ്രത്യേക പരിഗണന കൊണ്ടാണ്. പ്രിയങ്ക ആദ്യമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന വയനാട് മണ്ഡലത്തിലെ പാർട്ടിയുടെ സംഘടനാ സംവിധാനം സുശക്തമാകണമെന്ന കണക്കുകൂട്ടലിലാണ് പരിചയ സമ്പന്നരായ ജനപ്രതിനിധികളെ തന്നെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിനും യു.ഡി.എഫിനും ശക്തമായ ജനകീയ അടിത്തറയുളള മണ്ഡലമാണ് ലോകസഭാ മണ്ഡലം. 2019ല്‍ ആദ്യമായി മത്സരിക്കാനെത്തിയ തിരഞ്ഞെടുപ്പില്‍ 4.34 ലക്ഷം വോട്ടിൻെറ ഭൂരിപക്ഷമാണ് വയനാട് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 3.50 ലക്ഷമായി കുറഞ്ഞെങ്കിലും വിജയത്തിളക്കത്തിന് കുറവൊന്നുമുണ്ടായില്ല.

സി.പി.ഐയുടെ ദേശിയ നേതാവ് ആനിരാജ ആയിരുന്നു ഇക്കുറി രാഹുലിൻെറ എതിരാളി. ഉപതിരഞ്ഞെടുപ്പില്‍ ആരെയാണ് സി.പി.ഐ കളത്തില്‍ ഇറക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. വീണ്ടും വയനാട്ടില്‍ മത്സരിക്കാനില്ലെന്ന് കാട്ടി ആനിരാജ പാർട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

ദേശിയ തലത്തില്‍ ഇന്ത്യാ സഖ്യത്തിൻെറ ഭാഗമായ കക്ഷികള്‍ എന്ന നിലയില്‍ പ്രിയങ്കയ്ക്ക് എതിരെ കരുത്തരായ സ്ഥാനാർത്ഥികളെ ഇറക്കേണ്ടതില്ലെന്ന ധാരണ സി.പി.ഐ നേതൃത്വത്തിലുണ്ട്. അതുകൊണ്ടുതന്നെ താരതമ്യേന പുതുമുഖങ്ങളില്‍ ആരെയെങ്കിലുമാകും വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുക.

പത്തനംതിട്ടക്കാരന്‍ പാലക്കാട് സ്ഥാനാര്‍ഥി

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെയും കോണ്‍ഗ്രസ് അതീവ പ്രധാന്യത്തോടെയാണ് കാണുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് സീറ്റ് കോണ്‍ഗ്രസ് സിറ്റിങ്ങ് സീറ്റാണ്. ഷാഫി പറമ്പില്‍ പ്രതിനിധീകരിച്ചിരുന്ന പാലക്കാട് സീറ്റ് നിലനിർത്തുക എന്നത് കോണ്‍ഗ്രസിൻെറ അഭിമാന പ്രശ്നമാണ്.

എല്‍.ഡി.എഫിനേക്കാള്‍ ബി.ജെ.പിയാണ് പാലക്കാട് കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുളള മണ്ഡലമാണ് പാലക്കാട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലാകും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി.

പത്തനംതിട്ട ജില്ലക്കാരനായ രാഹുലിനെ പാലക്കാട് മത്സരിപ്പിക്കാനുളള നീക്കത്തോട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. ഈ എതിർപ്പുകളെ ഒതുക്കുകയാണ് കോണ്‍ഗ്രസിന് മുന്നിലുളള ആദ്യ വെല്ലുവിളി.

രമ്യ ചേലക്കരയിലേയ്ക്ക്
മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ ഒഴിഞ്ഞ ചേലക്കരയും ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ട്. മികച്ച പ്രതിഛായയുളള ലാളിത്യം ജീവിതശൈലിയാക്കിയ രാധാകൃഷ്ണനെ ഒതുക്കി ഡല്‍ഹിക്കയച്ചു എന്ന വികാരം ചേലക്കരയിലെ ഇടത് വോട്ടർമാർക്കിടയില്‍ ശക്തമാണ്.
ഈ വികാരം മുന്നണിക്ക് അനുകൂലമാക്കി മാറ്റാനാണ് കോണ്‍ഗ്രസിൻെറ ശ്രമം. ആലത്തൂരില്‍ കെ. രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യാ ഹരിദാസായിരിക്കും ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി.

പതിവുപോലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെയാകും ഉപതെരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചുക്കാന്‍. സതീശന്‍ നയിച്ച എല്ലാ തെരെഞ്ഞെടുപ്പുകളിലും യു ഡി എഫിന് വന്‍ വിജയമായിരുന്നു ഫലം. തെരെഞ്ഞെടുപ്പ് മാനേജ്മെന്റില്‍ സതീശന്‍റെ വൈദഗ്ധ്യം ഹൈക്കമാണ്ട് പോലും അംഗീകരിച്ചതാണ്.