play-sharp-fill
‘മഴത്തുള്ളികളിലെ കപ്പല്‍ യാത്ര’…മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടര്‍ന്നു.. ആറാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മഴയോര്‍മകളെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു; ഭാവന ചിറകുവിടര്‍ത്തി പറക്കട്ടെ വാനോളം, ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും; ഫെയ്സ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ച് അഭിന്ദനങ്ങളുമായി മന്ത്രി വി ശിവന്‍കുട്ടി

‘മഴത്തുള്ളികളിലെ കപ്പല്‍ യാത്ര’…മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടര്‍ന്നു.. ആറാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മഴയോര്‍മകളെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു; ഭാവന ചിറകുവിടര്‍ത്തി പറക്കട്ടെ വാനോളം, ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും; ഫെയ്സ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ച് അഭിന്ദനങ്ങളുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മഴ ഒരോരുത്തര്‍ക്കും ഒരോ അനുഭവവും ഓര്‍മ്മകളുമാണ്. തങ്ങളുടെ കളിക്കും സ്വൈര്യവിഹാരത്തിനുമൊക്ക ഇത്തിരി പ്രശ്നമാണെങ്കിലും കുട്ടികള്‍ക്കും ഒരു പരിധിവരെ മഴ പ്രിയപ്പെട്ടത് തന്നെ. തന്റെ മഴയോര്‍മകളെക്കുറിച്ച്‌ ഒരു ആറാംക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

മഴത്തുള്ളികളിലെ കപ്പല്‍ യാത്ര എന്ന പേരിലാണ് കുട്ടി മഴയോര്‍മ്മകള്‍ പങ്കുവെച്ചത്. നോര്‍ത്ത് പറവൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എസ് ആണ് ഈ വൈറല്‍ കുറിപ്പിന് പിന്നില്‍.


അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പല്‍ ആവശ്യപ്പെട്ടു. പേപ്പര്‍ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ!എന്റെ കടലാസ് കപ്പല്‍ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പില്‍ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാന്‍ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാല്‍ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാന്‍ എന്റെ കപ്പലിനെ അയച്ചു….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെയാണ് ശ്രീഹരി കുറിപ്പിലൂടെ ഓര്‍മ്മകളെ പങ്കുവെക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

‘മഴത്തുള്ളികളിലെ കപ്പല്‍ യാത്ര’

‘മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടര്‍ന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കില്‍ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാല്‍ അതിനും സമ്മതിക്കില്ല ഈ മഴ.

ഞാന്‍ അമ്മുമ്മയുടെ അടുത്ത് ചെന്നു. പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയില്‍ തൂകി നില്‍ക്കുന്നുണ്ടായിരുന്നു. ബുക്കിന്റെ പേജുകളെ ഞാന്‍ കൂട്ടുകാരില്‍ നിന്ന് വേര്‍പെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പല്‍ ആവശ്യപ്പെട്ടു. പേപ്പര്‍ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി.

ഇതാ!എന്റെ കടലാസ് കപ്പല്‍ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പില്‍ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാന്‍ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാല്‍ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാന്‍ എന്റെ കപ്പലിനെ അയച്ചു.

മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പില്‍ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താന്മാര്‍ക്കും തകര്‍ന്നുപോയ എന്റെ കപ്പലിനും ഞാന്‍ ഒരു സല്യൂട്ട് കൊടുത്തു.’

ശ്രീഹരി എസ്

6ബി, ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, നോര്‍ത്ത് പറവൂര്‍.

കുറിപ്പ് പങ്കുവെച്ച്‌ ശ്രീഹരിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി കുറിപ്പും തന്റെ അഭിനന്ദനങ്ങളും പങ്കുവെച്ചത്.

”മഴത്തുള്ളികളിലെ കപ്പല്‍ യാത്ര’ വായിച്ചു. നോര്‍ത്ത് പറവൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി.എസ് – ന്റെ ഉത്തരക്കടലാസിലെ മഴയനുഭവം എന്നില്‍ അഭിമാനം ഉണ്ടാക്കി.

പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്. ഭാവന ചിറകുവിടര്‍ത്തി പറക്കട്ടെ വാനോളം. ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും ..എന്നാണ് മന്ത്രി കുറിച്ചത്.