play-sharp-fill
നടൻ സിദ്ദിഖിനെ കണ്ടെത്താൻ മാധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; കണ്ടെത്തുന്നവർ ഉടൻ പോലീസിൽ വിവരം അറിയിക്കണമെന്ന് നോട്ടിൽ നിർദേശം; നോട്ടീസ് പ്രസിദ്ധീകരിച്ചത് ഒരു മലയാളം പത്രത്തിലും ഇംഗ്ലീഷ് പത്രത്തിലും

നടൻ സിദ്ദിഖിനെ കണ്ടെത്താൻ മാധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; കണ്ടെത്തുന്നവർ ഉടൻ പോലീസിൽ വിവരം അറിയിക്കണമെന്ന് നോട്ടിൽ നിർദേശം; നോട്ടീസ് പ്രസിദ്ധീകരിച്ചത് ഒരു മലയാളം പത്രത്തിലും ഇംഗ്ലീഷ് പത്രത്തിലും

തിരുവനന്തപുരം: നടൻ സിദ്ദിഖിനെ കണ്ടെത്താൻ മാധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണസംഘം. ബലാത്സംഗക്കേസിൽ പ്രതിയായ സിദ്ദിഖിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്.

സിദ്ദിഖിനെ കണ്ടെത്തുന്നവർ ഉടൻ പോലീസിൽ വിവരം അറിയിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേയും, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റേയും, അസി.കമ്മീഷണറുടേയും മ്യൂസിയം പോലീസിന്റേയും നമ്പറുകളാണ് നോട്ടീസിൽ നൽകിയിരിക്കുന്നത്.

ഒരു മലയാളം പത്രത്തിലും ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി സിദ്ദിഖിന് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. സിദ്ദിഖ് രാജ്യം വിടുന്നത് തടയുന്നതിന്റെ ഭാഗമായി മൂന്ന് ആഴ്ചകൾക്ക് മുമ്പ് വിമാനത്താവളങ്ങളിലടക്കം തിരച്ചിൽ നോട്ടീസ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ സുപ്രീംകോടതിയെ സിദ്ദിഖ് സമീപിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. വിഷയത്തിൽ തടസഹർജി നൽകാൻ സർക്കാരും തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിൽ എടുക്കാനാകില്ലെന്നും, മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീംകോടതി വിധികൾക്ക് എതിരാണെന്നുമാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് അവകാശപ്പെടുന്നത്.

നിലനിൽക്കാത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നാണ് മറ്റൊരു വാദം. ലൈംഗികബന്ധം ഇല്ലാത്തതിനാൽ ബലാത്സംഗമെന്ന് താൻ വാദിച്ചിട്ടില്ലെന്നും, താൻ വാദിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്നും സിദ്ദിഖ് അവകാശപ്പെടുന്നു.