
ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് ; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകളുടെ ആവശ്യം തള്ളി
സ്വന്തം ലേഖകൻ
കളമശ്ശേരി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തീരുമാനം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ തീരുമാനം പ്രഖ്യാപിച്ചത്.
ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേള്‍ക്കുന്നതിന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം എംബാം ചെയ്യാനും മറ്റു നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചതായി ഡോ. പ്രതാപ് സോമനാഥ് അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് പറഞ്ഞതിന് രണ്ട് സാക്ഷികളുണ്ടെന്നും അവരുടെ വാദം സത്യസന്ധമാണെന്നും ബോധ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കേരള അനാട്ടമി ആക്ട് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള വാദങ്ങള്‍ സാധുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ലോറന്‍സിന്റെ മക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. മക്കളായ അഡ്വ. എം.എല്‍. സജീവന്‍, സുജാത ബോബന്‍ എന്നിവര്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അറിയിച്ചപ്പോള്‍ മകള്‍ ആശ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. മൃതദേഹം സംസ്‌കരിക്കണമെന്നാണ് ആശ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം സമിതി തള്ളി.
ശനിയാഴ്ച്ച ഉച്ചയ്ക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് എംഎം ലോറൻസിന്റെ മരണം സംഭവിക്കുന്നത്. തിങ്കളാഴ്ച്ച കൊച്ചിയിലെ വീട്ടിലും തുടർന്ന് ടൗൺഹാളിലും പൊതുദർശനം നടന്നിരുന്നു. ടൗൺഹാളിലെ പൊതുദർശനത്തിനിടെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരേ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ ഹൈക്കോടതി മെഡിക്കൽ കോളേജിന് നിർദേശവും നൽകി. പിന്നാലെ ടൗൺഹാളിലെത്തിയ ആശയും മകനും മൃതദേഹം ഇവിടെ നിന്നും നീക്കം ചെയ്യാൻ സമ്മതിക്കാതായതോടെ ടൗൺഹാൾ പരിസരത്ത് കയ്യാങ്കളിയായി. ബലം പ്രയോഗിച്ച് ആശയെ മാറ്റിയ ശേഷമാണ് മൃതദേഹം മാറ്റാൻ പോലീസിനായത്. പിന്നാലെ തനിക്കും മകനും മർദനമേറ്റെന്ന പരാതിയുമായി ആശ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതിയും നൽകി.