
കോട്ടയം: ഇരുപത്തിയൊന്ന് വിഭാഗം ഭിന്നശേഷിയുള്ളവരുടേയും ക്ഷേമത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സമദൃഷ്‌ടി ക്ഷമതാ വികാസ് മണ്ഡൽ( സക്ഷമ )യുടെ ഈ വർഷത്തെ വാർഷിക പൊതുയോഗം 28 ,29 തീയതികളിൽ കോട്ടയം തെള്ളകത്തുള്ള ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ നടക്കും.
28 – ന് രാവിലെ 10-ന് സക്ഷമ സംസ്ഥാന പ്രസിഡൻ്റ് ഡോ. എൻ ആർ മേനോന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി യോഗംചേരും. മൂന്നു മുതൽ വിവിധ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന വാർഷിക പൊതുയോഗം ആരംഭിക്കും.
സക്ഷമ ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഉമേഷ് അന്തേര വാർഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സക്ഷമ ചെയ്ത വിവിധ സേവനപ്രവർത്തനങ്ങൾ അവലോകനം ചെയ്‌ത് അതിൻ്റെ അടിസ്ഥാനത്തിൽ ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭിന്നശേഷി അവകാശ നിയമം (RPWD ACT 2016) പൂർണ്ണമായി നടപ്പാക്കുന്നതിനും പൊതുവിടങ്ങളും, കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ട സത്വര നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ഭിന്നശേഷി വിഭാഗങ്ങൾക്ക് പ്രഖ്യാപിച്ച 4% ജോലി
സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെയും, ഭിന്നശേഷിയുള്ളവർക്ക് നൽകി വന്ന കുടുംബപെൻഷൻ വരുമാനപരിധി നിശ്ചയിച്ച് നിഷേധിക്കാനുള്ള ഉത്തരവിനെതിരെയും സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്യും.
ജില്ലാതലം മുതലുള്ള പ്രവർത്തകരാണ് ഈ ദ്വിദിന വാർഷിക യോഗത്തിൽ പങ്കെടുക്കുന്നത് പ്രതിനിധി സമ്മേളനത്തിൽ സക്ഷമ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ ആർ മേനോനെ കൂടാതെ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണൻ കേരളം തമിഴ്‌നാട് പുതുച്ചേരി
സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ സംഘടനാ സെക്രട്ടറി വി.വി. പ്രദീപ് കുമാർ എന്നിവർ പങ്കെടുക്കും. സമ്മേളന വിവരങ്ങൾ അറിയിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ
സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി പി. സുഭാഷ്, സ്വാഗത സംഘം ചെയർമാൻ ഡോ. ബാലചന്ദ്രൻ മന്നത്ത്, ജനറൽ കൺവീനർ ഒ ആർ ഹരിദാസ്, കോട്ടയം ജില്ലാ പ്രസിഡൻ്റ് ബി. ഗോപാലകൃഷ്ണൻ എന്നിവർ കാര്യപരിപാടികൾ വിശദീകരിച്ചു.