play-sharp-fill
അതിരപ്പള്ളി വെള്ളച്ചാട്ടം ഹോളിവുഡില്‍; ‘ഹോളീ സ്‌മോക്….’  അഭിമാനത്തിളക്കത്തില്‍ കേരളം

അതിരപ്പള്ളി വെള്ളച്ചാട്ടം ഹോളിവുഡില്‍; ‘ഹോളീ സ്‌മോക്….’ അഭിമാനത്തിളക്കത്തില്‍ കേരളം

അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയായ ‘അഗ്ലീസ്’ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ഇതിനുപിന്നാലെ കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജില്‍ വന്നൊരു റീല്‍ ഏറെ ശ്രദ്ധനേടി അഗ്ലീസ് സിനിമയില്‍ കേരളത്തിന്റെ സ്വന്തം അതിരപ്പള്ളി വെള്ളച്ചാട്ടവും വന്നുപോകുന്നുണ്ട് എന്നതായിരുന്നു പോസ്റ്റ്. ‘ഹോളീ സ്മോക്.. അതിരപ്പള്ളി നെറ്റഫ്ളിക്സില്‍’ എന്നായിരുന്നു റീലിന്റെ ക്യാപ്ഷൻ.

ടൊറന്റീനോ സിനിമയായ വണ്‍സ് അപോണ്‍ എ ടൈം ഇൻ ഹോളീവുഡിലെ ലിയനാർഡോ ഡികാപ്രിയോയുടെ പ്രശസ്തമായ മീമാണ് ഈ റീലിന് ഉപയോഗിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇൻസ്റ്റഗ്രാമില്‍ ഈ റീല്‍ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിച്ച്‌ മനോഹരമായ റീലായി പോസ്റ്റ് ചെയ്ത അഡ്മിനെ അഭിനന്ദിച്ചും പലരും കമന്റ് ചെയ്തിട്ടുണ്ട്.

സിനിമ കണ്ട പലർക്കും ഇത് അതിരപ്പള്ളിയാണെന്ന് സംശയം തോന്നിയിരുന്നുവെങ്കിലും ഉറപ്പില്ലായിരുന്നു. ഇപ്പോള്‍ കേരള ടൂറിസം ഒഫീഷ്യൻ അക്കൗണ്ടില്‍ ഇത് വന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമായി. ജോയി കിങ്, ചാസ് സ്റ്റോക്സ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന അഗ്ലീസ് സെപ്തംബർ 13നാണ് നെറ്റ്ഫ്ളിക്സ് വഴി റിലീസായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ നയാഗ്ര

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൃശൂർ നഗരത്തില്‍ നിന്ന് 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ വലുതും കേരളത്തിന്റെ ടൂറിസം ആകർഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്. 80 അടി ഉയരത്തില്‍ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദർശകരെ ശരിക്കും അദ്ഭുതപ്പെടുത്തും. പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു കാണാനാവുമെന്നതും പ്രത്യേകതയാണ്. ചാലക്കുടിയില്‍ നിന്ന് 33 കിലോമീറ്റർ ആനമല റോഡിലൂടെ സഞ്ചരിച്ചാല്‍ അതിരപ്പിള്ളിയിലെത്താം. പശ്ചിമഘട്ട മലനിരയിലെ ഷോളയാർ റേഞ്ചിലെ ഏറ്റവും മനോഹരപ്രദേശമായ ഇവിടേക്കുള്ള യാത്ര പോലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും.

ഇവിടെ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടവും പ്രകൃതി ഒരുക്കിയ മറ്റൊരു അതുല്യകാഴ്ചയാണ്. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ വനം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ് ആതിരപ്പിള്ളി. സംവിധയകൻ മണിരത്നത്തിന്റെ ‘രാവണ്‍’ എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങള്‍ അതിരപ്പിള്ളിയില്‍ ചിത്രീകരിച്ച്‌ ഗ്രാഫിക്സിന്റെ സഹായത്തോടെ വിപുലീകരിച്ചവയാണ്.