
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർത്ഥാടകർക്ക് നൽകുന്ന സഹായങ്ങൾ തടസ്സപ്പെടുത്തുകയും കോട്ടയത്ത് പ്രവർത്തിക്കുന്ന അയ്യപ്പ സേവാ സംഘത്തിൻ്റെ ആദ്യ താലൂക്ക് യൂണിയൻ കെട്ടിടം മുന്നറിയിപ്പില്ലാതെ നോട്ടീസ് പതിച്ച് ഏറ്റെടുക്കുകയും ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ അഖില ഭാരത അയ്യപ്പ സേവാ സംഘം; കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒക്ടോബർ 5 ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് മണ്ഡല-മകരവിളക്ക് കാലത്തുൾപ്പെടെ സഹായം നൽകുന്ന പ്രധാന സേവന സംഘടനയായ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന വിവിധ നടപടികളിൽ പ്രതിഷേധവുമായി സംഘടന.
തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുമ്പിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഞായറാഴ്ച പാലക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘടനയുടെ വാർഷിക പൊതു യോഗത്തിൻ്റെതാണ് തീരുമാനം.
കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒക്ടോബർ 5 ന് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പ്രതിഷേധം. കഴിഞ്ഞ മണ്ഡലകാലത്ത് അയ്യപ്പ സേവാ സംഘത്തിൻ്റെ പ്രവർത്തനം തടഞ്ഞതിനാൽ ഭക്തർക്കുള്ള കുടിവെള്ള വിതരണം ഉൾപ്പെടെ വിവിധ സേവനങ്ങൾ മുടങ്ങിയത് വിവാദമായിരുന്നു. അയ്യപ്പ സേവാ സംഘം നടത്തുന്ന അന്നദാനത്തിനെതിരെ നേരത്തെ ദേവസ്വം ബോർഡ് സുപ്രിം കോടതിയെ സമീപിച്ച് ഉത്തരവ് നേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ സന്നിധാനത്തെ അയ്യപ്പ സേവാ സംഘത്തിലേക്കുള്ള കുടിവെള്ള വിതരണം ദേവസ്വം ബോർഡ് തടഞ്ഞിരിക്കുകയാണ്. സംഘടനയുടെ പമ്പാ – സന്നിധാനം ക്യാമ്പ് കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള ഗൂഢനീക്കവും ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്.
കോട്ടയത്ത് പ്രവർത്തിക്കുന്ന അയ്യപ്പ സേവാ സംഘത്തിൻ്റെ ആദ്യ താലൂക്ക് യൂണിയൻ കെട്ടിടം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പോലീസ് സഹായത്തോടെ മുന്നറിയിപ്പ് കൂടാതെ രാത്രിയിൽ വന്ന് നോട്ടീസ് പതിച്ച് ഓഫിസ് കെട്ടിടം ഏറ്റെടുത്തിരുന്നു. അതിന് ശേഷം ഇപ്പോൾ പമ്പാ – സന്നിധാനം ക്യാമ്പുകൾ പൂട്ടാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കത്തിനെതിരെയാണ് അയ്യപ്പ സേവാ സംഘം പ്രവർത്തകർ സംഘടിക്കുന്നത്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അയ്യപ്പ വിശ്വാസികളെ കൂട്ടി ജില്ലാ ആസ്ഥാനങ്ങളിൽ നാമജപഘോഷയാത്ര പോലെയുള്ള പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ദേശീയ സെക്രട്ടറി കൊച്ചു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ്റെ ഉത്ഘാടനം സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദനൻ നിർവ്വഹിച്ചു. അയ്യപ്പ സേവാ സംഘം ഭാരവാഹികളായ ജയകുമാർ തിരുനക്കര , സലിമോൻ, സി. എം., വേണു പഞ്ചവടി, ടി.കെ. പ്രസാദ്, ദിവാകരൻ നമ്പ്യാർ, ഡോ. നാരായണ പ്രസാദ് , ഈശ്വരമൂർത്തി എന്നിവർ പ്രസംഗിച്ചു.
പുതിയ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ:- പ്രസിഡൻ്റ് – സലിമോൻ സി. എം. (ഇടുക്കി), സെക്രട്ടറി – ടി.കെ. പ്രസാദ് (പാലക്കാട്), ട്രഷറർ -അരവിന്ദാക്ഷൻ .സി.പി. ( കണ്ണൂർ) തുടങ്ങി 51 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അഡ്വ.സുരേഷ് ബാബു തിരുവനന്തപുരം ഭരണാധികാരിയായിരുന്നു.