play-sharp-fill
നീറുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം തേടി നിവേദനവുമായി ഫ്രാൻസിസ് ജോർജ് എം പി യെ കണ്ട് റെയിൽ യാത്രക്കാർ ; മെമു അനുവദിക്കണമെന്ന ആവശ്യം ശക്തം

നീറുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം തേടി നിവേദനവുമായി ഫ്രാൻസിസ് ജോർജ് എം പി യെ കണ്ട് റെയിൽ യാത്രക്കാർ ; മെമു അനുവദിക്കണമെന്ന ആവശ്യം ശക്തം

കോട്ടയം : യാത്ര പ്രശ്നങ്ങൾക്ക്‌ പരിഹാരം തേടി ഫ്രാൻസിസ് ജോർജ് എം പി യെ കണ്ട് നിവേദനം കൈമാറി റെയിൽ യാത്രക്കാർ.

ജില്ലയിലെ റെയിൽ യാത്രാക്ലേശം അതിരൂക്ഷമാണെന്നും പാലരുവി, വേണാട് എക്സ്പ്രസ്സുകൾ യാത്രക്കാരെക്കൊണ്ട്‌ നിറഞ്ഞുകവിഞ്ഞാണ് കോട്ടയം സ്റ്റേഷനിൽ എത്തിച്ചേരുന്നതെന്നും അതീവ ദുരിതമാണ് പിന്നീടുള്ള യാത്രയെന്നും ചൂണ്ടിക്കാട്ടി റെയിൽ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിലാണ് യാത്രക്കാർ കോട്ടയം എം പി ഫ്രാൻസിസ് ജോർജിനെ സമീപിച്ചതും “പുതിയ മെമു പാസഞ്ചർ സർവീസ്” അനുവദിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടതും.


ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ ‘ഏറ്റുമാനൂർ പെരുമ’ പുസ്തക പ്രകാശനത്തിലും വികസന സെമിനാറിലും പങ്കെടുക്കാനെത്തിയപ്പോഴാണ് യാത്രക്കാർ കൂട്ടമായിയെത്തി പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് യാത്രക്കാരുടെ ആവശ്യങ്ങൾ ശ്രവിച്ചശേഷം വേദിയിൽ തിരിച്ചെത്തി ഫ്രാൻസിസ് ജോർജ് എം പിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുകയായിരുന്നു.

യാത്രക്കാരുടെ ആവശ്യം ന്യായമാണെന്നും പാലരുവിയ്ക്കും വേണാടിനുമിടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയാണ് ദുരിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതെന്നും ജില്ലയുടെ എല്ലാ യാത്രാക്ലേശങ്ങൾക്ക് മെമു പരിഹാരമാകുമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മൈക്കിൾ ജയിംസ് എം പിയെ അറിയിച്ചു.

കുമാരനെല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ് പോലുള്ള ഹാൾട്ട് സ്റ്റേഷനിലെ യാത്രക്കാർക്കും മെമു വളരെ പ്രയോജനകരവും പാലരുവിയ്ക്കും വേണാടിനും സ്റ്റോപ്പ്‌ ഇല്ലെന്നുമുള്ള പരാതികൾക്കും അതോടെ പരിഹാരമാകുമെന്നും യാത്രക്കാർ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ട്രെയിനിലെ തിരക്കിൽപ്പെട്ട് കാലിന് പരിക്കേറ്റ രജനി സുനിൽ ട്രെയിനിലെ യാത്രക്കാരുടെ ദുരിതം ജനപ്രതിനിധികൾക്ക് മുന്നിൽ വിവരിച്ചു.

പാലരുവി, വേണാട് ഇരുട്രെയിനിലും കടന്നുകൂടാൻ പറ്റാത്ത തിരക്കാണെന്നും ടിക്കറ്റ് എടുത്തവർ പോലും മടങ്ങിപ്പോകുന്ന സാഹചര്യമാണെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ എം പി യുടെ ശ്രദ്ധയിൽപ്പെടുത്തി.

തിരുവനന്തപുരം ഡിവിഷണൽ മാനേജരും പാസഞ്ചേഴ്സുമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൂടിക്കാഴ്ചയ്‌ക്ക് അവസരം ചോദിച്ചിട്ടുണ്ടെന്നും മെമുവിന് വേണ്ടിയുള്ള ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജില്ലയിലെ എല്ലാ സ്റ്റേഷനും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. സിമി ജ്യോതി, സ്മിത നായർ, ജയചന്ദ്രൻ എന്നിവരും യാത്രക്കാരെ പ്രതിനിധീകരിച്ച് സംസാരിച്ചു.