
കണ്ണൂർ: റിട്ട. ഡിവൈഎസ്പി പി. സുകുമാരൻ, കോണ്‍ഗ്രസ് ഇരിക്കൂർ മണ്ഡലം മുൻ പ്രസിഡന്‍റ് എം.കെ. രാജു എന്നിവർ കുമ്മനം രാജശേഖരനില്‍ നിന്നു ബിജെപി അംഗത്വം സ്വീകരിച്ചതായി ജില്ലാ കമ്മിറ്റി ഔദ്യോഗികമായി പ്രസ്താവന ഇറക്കിയതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് പി.സുകുമാരൻ രംഗത്തെത്തി.
രാഷ്‌ട്രീയത്തില്‍ താത്പര്യമില്ലെന്നും ബിജെപിയില്‍ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണെന്നുമാണ് റിട്ട. ഡിവൈഎസ്പി പി. സുകുമാരൻ പ്രതികരിച്ചത്.
എന്നാല്‍ ബിജെപി ആസ്ഥാനത്തു നടന്ന അംഗത്വ കാന്പയിൻ അവലോകനയോഗത്തില്‍ പങ്കെടുത്ത മുൻ ഡിവൈഎസ്പി പി. സുകുമാരനെ ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഷാള്‍ അണിയിക്കുന്നതും ഈസമയം അദ്ദേഹം മുഷ്ടി ചുരുട്ടി മുകളിലേക്ക് ഉയർത്തി അഭിവാദ്യം ചെയ്യുന്ന ഫോട്ടോ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു വലിയ വിവാദമായതോടെയാണ് പാർട്ടി പ്രവേശനം നിഷേധിച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നതെന്ന് കരുതുന്നു.
ഒരു മെംബർഷിപ്പിനും താൻ അപേക്ഷിച്ചിട്ടില്ല, ആര് പരിപാടിക്കു വിളിച്ചാലും പോകാറുണ്ട്. അതുപോലെ ബിജെപിയുടെ പരിപാടിയിലും പങ്കെടുത്തു. അതിനിടയില്‍ ബിജെപി പ്രവർത്തകർ മെംബർഷിപ്പ് നല്‍കുകയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇതിന്‍റെ പേരില്‍ താൻ ബിജെപിയില്‍ ചേർന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഒരു രാഷ്‌ട്രീയപാർട്ടിയുമായും ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പി. സുകുമാരൻ പറഞ്ഞു.
എന്നാല്‍ കണ്ണൂർ ജില്ലയിലെയടക്കം പ്രമാദമായ നിരവധി കേസുകളില്‍ തുമ്പുണ്ടാക്കി അന്വേഷണത്തില്‍ മികവ് പുലർത്തിയ ഒരു ഡിവൈഎസ്പി അബദ്ധത്തില്‍ ബിജെപിയില്‍ എത്തുമെന്ന് പലരും വിശ്വസിക്കുന്നില്ല.
ഇക്കാര്യം മാധ്യമങ്ങളിലും വലിയ ചർച്ചയായതോടെയാണ് അദ്ദേഹം പിന്നീട് നിഷേധവുമായി രംഗത്തെത്തിയതെന്നാണു വിലയിരുത്തല്‍.