play-sharp-fill
ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ മുകേഷ് അംബാനിയുടെ പുതിയ തന്ത്രം

ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ മുകേഷ് അംബാനിയുടെ പുതിയ തന്ത്രം

കോക്കകോള, പെപ്സി.., ശീതള പാനീയ വിപണിയിലെ ആഗോള ഭീമന്‍മാര്‍. ഇവരോട് ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത് സാക്ഷാല്‍ മുകേഷ് അംബാനി.2022ല്‍ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത കാംപ എന്ന ശീതള പാനീയ ബ്രാന്‍റിലൂടെയാണ് മുകേഷ് അംബാനി അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. രുചി കൊണ്ടും, പ്രശസ്തി കൊണ്ടും വിപണിയിലെ അഗ്രഗണ്യന്‍മാരെ പൂട്ടാന്‍ വില കുത്തനെക്കുറച്ചാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. കാംപയുടെ വില 50 ശതമാനം കുറച്ച്‌ ഈ ഉല്‍സവ സീസണില്‍ വിപണിയില്‍ തംരംഗമാകാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. എതിരാളികളേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍, വിവിധ വിലയിലുള്ള പാക്കുകളിലും രുചിയിലുമാണ് കാംപ അവതരിപ്പിച്ചിരിക്കുന്നത്. 250 മില്ലി കുപ്പികള്‍ 10 രൂപയ്ക്ക് ആണ് കാംപ വില്‍ക്കുന്നത്. അതേസമയം കൊക്കകോളയും പെപ്സികോയും ഇതേ അളവിലുള്ള കുപ്പികള്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. കൂടാതെ, കാംപ 500 മില്ലി കുപ്പികള്‍ 20 രൂപയ്ക്ക് വില്‍ക്കുന്നു. അതേസമയം 30 രൂപയ്ക്കോ, 40 രൂപയ്ക്കോ ആണ് കൊക്കകോളയും പെപ്സിയും ഇതേ കുപ്പികള്‍ വില്‍ക്കുന്നത്.

രാജ്യത്തെ ശീതളപാനീയ വിപണിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് വിപണിയില്‍ സജീവമാകുന്നതിന് റിലയന്‍സിനെ പ്രേരിപ്പിക്കുന്നത്. ശീതളപാനീയ വിപണി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 41% വളര്‍ച്ചയാണ് നേടിയത്. കൊക്ക-കോള ഇന്ത്യയുടെ 2023 സാമ്ബത്തിക വര്‍ഷത്തിലെ ലാഭം 722.44 കോടി രൂപയാണ് . ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 57.2% അധികമാണ്.

1970-80 കാലഘട്ടത്തില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടേസ്റ്റ എന്ന ടാഗ് ലൈനോടെ ഇന്ത്യയില്‍ തംരംഗമായ ബ്രാന്‍ഡാണ് കാംപ. 1970 ല്‍ ആരംഭിച്ച കാംപ കോള 1990-കളുടെ അവസാനത്തിലുണ്ടായ കൊക്കകോള, പെപ്സികോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കടന്നുവരവോടെ പ്രതിസന്ധിയിലായി, 2000 ആയപ്പോഴേക്കും ഡല്‍ഹിയിലെ ബോട്ടിലിംഗ് പ്ലാന്‍റുകള്‍ കമ്ബനി അടച്ചുപൂട്ടി, താമസിയാതെ, കടകളില്‍ നിന്നും സ്റ്റാളുകളില്‍ നിന്നും പാനീയം അപ്രത്യക്ഷമായി. 2022ല്‍ ആണ് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പ്യുവര്‍ ഡ്രിങ്ക്സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപയ്ക്ക് റിലയന്‍സ് കാംപ വാങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group