
റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്
ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച് റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ എന്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയും വൈറലാകാന്‍ ശ്രമിക്കുന്നു. ബൈക്ക് സ്റ്റണ്ട് നടത്തിയും, പൊതുസ്ഥലങ്ങളില്‍ നൃത്തം ചെയ്തും, അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ സാഹസികത കാണിച്ചുമൊക്കെയാണ് ഇക്കൂട്ടരുടെ റീല്‍സ് ഷൂട്ട്. ജീവന്‍ പണയപ്പെടുത്തിയുളള ഇത്തരം പ്രവണതകള്‍ പലപ്പോഴും ഗുരുതര സാഹചര്യത്തിലേക്കോ മരണത്തിലേക്കോ വരെ നയിച്ചെന്നുവരും.
പല തവണ ഇത്തരം പ്രവണതകള്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടും ആളുകള്‍ ഇതൊന്നും വകവയ്ക്കാറില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. കിണറിന്റെ വക്കിലിരുന്ന് സ്വന്തം കുഞ്ഞിനെ ഒറ്റക്കൈയ്യില്‍ തൂക്കിയിട്ട് റീല്‍സ് ഷൂട്ട് ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇത്. വീഡിയോ കണ്ട് കാണികളില്‍ പലരും ഞെട്ടിത്തരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
@Raw and Real Man എന്ന എക്‌സ് അക്കൗണ്ടാണ് ചങ്കിടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ കിണറിനുള്ളിലേക്ക് കാലിട്ട് അതിന്റെ വക്കിലിരിക്കുന്നതാണ് കാണുന്നത്. ഈ സ്ത്രീയുടെ കൈയ്യില്‍ ഒരു പിഞ്ചുകുഞ്ഞുമുണ്ട്. ആശ്ചര്യപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍ കുഞ്ഞിനെ തന്റെ ഒറ്റക്കൈകൊണ്ട് പിടിച്ച് യുവതി കിണറ്റിനുള്ളിലേക്ക് തൂക്കിയിട്ടിരിക്കുകയാണ്. തുടര്‍ന്ന് പാട്ടിനൊത്ത് അവര്‍ മറുകൈകൊണ്ട് നൃത്തം ചെയ്യുന്നതാണ് കാണുന്നത്. പാട്ടിനനുസരിച്ച് കുഞ്ഞിനെ കൈകള്‍ മാറി മാറി പിടിക്കുന്നതും മറു കൈകൊണ്ട് സ്ത്രീ നൃത്തം ചെയ്യുന്നതുമാണ് റീല്‍സിലുടനീളം കാണുന്നത്.
അപകടസാധ്യതപോലും കണക്കിലെടുക്കാതെയാണ് ഈ അമ്മ കുട്ടിയെ അശ്രദ്ധമായി പിടിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. കുട്ടി ആകട്ടെ എന്താണ് നടക്കുന്നതെന്ന് പോലുമറിയാതെ ഭയം കൊണ്ട് യുവതിയുടെ കാലില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ കുട്ടി കാലുകള്‍ ഇട്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ വൈറലായി മാറിയത്. നിരവധി ആളുകളാണ് യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കുട്ടിയുടെയും അവളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുപകരം ഏതാനും സെക്കന്‍ഡുകള്‍ വരെ നീളുന്ന ഷോര്‍ട്ട് റീലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെ കാണികള്‍ വിമര്‍ശിച്ചു. ‘ഇന്നത്തെ ലോകത്ത് ഒരു അമ്മ എന്നതിലുപരി ഇന്റര്‍നെറ്റ് പ്രശസ്തി പ്രധാനമാണ്. ഇത് വളരെ സങ്കടകരമാണ്,’ എന്ന് ഒരു ഉപഭോക്താവ് കുറിച്ചു. കുട്ടിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ യുവതിക്കെതിരെ നടപടി വേണമെന്ന് ഭൂരിഭാഗം ആളുകളും ആവശ്യപ്പെട്ടു.
എങ്ങനെയാണ് ഈ സ്ത്രീയെ റീല്‍ സംസ്‌കാരം സ്വാധീനിച്ചതെന്നും വീഡിയോകള്‍ സൃഷ്ടിക്കുന്നതിനായി കുട്ടിയുടെ ജീവന്‍ പോലും അപകടത്തിലാക്കാന്‍ അവള്‍ക്കെങ്ങനെ മനസ്സുവന്നു എന്നുമാണ് പലരും ചോദിച്ചത്. ‘ഇത് ശരിക്കും അസുഖമാണ്, അവള്‍ക്ക് അതിനുള്ള ശിക്ഷ ലഭിക്കണമെന്നാണ് മറ്റൊരാള്‍ ആവശ്യപ്പെട്ടത്.