play-sharp-fill
ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന് ക്ഷാമം ; കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഇപ്പോള്‍ മരുന്ന് ലഭ്യമല്ല ; പെരിട്ടോണിയല്‍ ഡയാലിസിസിനുള്ള മരുന്നുവിതരണം നിലച്ചിട്ട് ഒന്നരമാസം ; സൗജന്യ മരുന്നുവിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിൽ ആരോഗ്യവകുപ്പ്

ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന് ക്ഷാമം ; കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഇപ്പോള്‍ മരുന്ന് ലഭ്യമല്ല ; പെരിട്ടോണിയല്‍ ഡയാലിസിസിനുള്ള മരുന്നുവിതരണം നിലച്ചിട്ട് ഒന്നരമാസം ; സൗജന്യ മരുന്നുവിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിൽ ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

ഇൻസുലിൻ പേന ഉപയോഗിച്ച്‌ കുത്തിവെക്കുന്നതിന് ഇൻസുലിൻ അടക്കംചെയ്ത കാട്രിജ് കിട്ടാനില്ല. രണ്ടുമാസമായി ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന് ക്ഷാമമുണ്ട്.


സിറിഞ്ചുപയോഗിച്ച്‌ കുത്തിവെക്കുന്ന മരുന്ന് ഇതില്‍ ഉപയോഗിക്കാൻ കഴിയില്ല. അളവ് കൃത്യമായിരിക്കുമെന്നതിനാല്‍, പ്രമേഹരോഗികളില്‍ ഒട്ടേറെപ്പേർ ഇൻസുലിൻ പേന ഉപയോഗിക്കുന്നവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ പ്രചാരത്തിലുള്ള ഹ്യൂമൻ മിക്സ്റ്റാർഡ് എന്ന ബ്രാൻഡാണ് കിട്ടാതായത്. വൊക്കാർഡ്, ലില്ലി എന്നീ മറ്റുരണ്ട് ബ്രാൻഡിനും ആവശ്യക്കാരേറിയതോടെ മൂന്നിനത്തിനും ക്ഷാമമായി. കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഇപ്പോള്‍ മരുന്നില്ല. ലഭ്യത കുറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ പലരും കൂടുതല്‍ വാങ്ങിക്കൊണ്ടുപോയതായി മെഡിക്കല്‍ സ്റ്റോർ ഉടമകള്‍ പറയുന്നു.

മരുന്ന് നിർമിക്കുന്നതിനുളള ഘടകങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇറക്കുമതിയിലുണ്ടായ തടസ്സങ്ങളാണ് ക്ഷാമത്തിന് ഒരു കാരണം. മരുന്ന് വിതരണക്കമ്ബനിയുടെ കാക്കനാട്ടുള്ള യാർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നവും കാരണമായി പറയുന്നുണ്ട്.

വൃക്കരോഗികള്‍ക്ക് വീട്ടില്‍ത്തന്നെ സ്വയം ഡയാലിസിസ് സാധ്യമാക്കുന്ന പെരിട്ടോണിയല്‍ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട് ഒന്നരമാസം. ആവശ്യമായ ഫ്ലൂയിഡ് ബാഗുകളും അനുബന്ധ ഉപകരണങ്ങളും ഒരുമിച്ച്‌ ജില്ലാ ആശുപത്രികളില്‍നിന്ന് സൗജന്യമായി നല്‍കുന്നതായിരുന്നു പദ്ധതി.

വിതരണം ചെയ്തിരുന്ന കമ്ബനിക്ക് ഏഴുകോടിയോളം രൂപ കുടിശ്ശികയായതോടെയാണ് മരുന്ന് നല്‍കാതെയായത്. സാമ്ബത്തികബാധ്യത ഉണ്ടാക്കുന്നെന്ന കാരണത്താല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള രോഗികള്‍ക്കു മാത്രമായി സൗജന്യ മരുന്നുവിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.

നിയന്ത്രണംവന്നാല്‍ സൗജന്യമായി മരുന്നുലഭിച്ചിരുന്നവരില്‍ പകുതിയോളം പേർക്കും ഇനി കിട്ടില്ല. പദ്ധതിയില്‍ രജിസ്റ്റർ ചെയ്തവരെ സാമ്ബത്തികശേഷി അനുസരിച്ച്‌ രണ്ടായിത്തിരിക്കാൻ ജില്ലാ നോഡല്‍ ഓഫീസർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

2023 ഏപ്രിലിലാണ് സൗജന്യ മരുന്നു വിതരണം ആരംഭിച്ചത്. 550 രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരുതവണ ഡയാലിസിസ് ചെയ്യുമ്ബോഴേക്കും 1000 രൂപയിലധികം ചെലവുവരും. ദിവസം മൂന്നുമുതല്‍ അഞ്ചുതവണവരെ ഡയാലിസിസ് ചെയ്യേണ്ടിവരുന്നവരുണ്ട്.

മരുന്ന് സംഭരണത്തിനായി ഒരുകോടിയോളം രൂപ ജില്ലാ നോഡല്‍ ഓഫീസർമാർ മുഖേന നല്‍കിയിട്ടുണ്ടെങ്കിലും കുടിശ്ശിക തീർക്കാതെ മരുന്നു നല്‍കാൻ കമ്ബനികള്‍ തയ്യാറല്ല.