video
play-sharp-fill
Main
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരേ  വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രം;  ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല; ആറ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം; അന്വേഷണച്ചുമതല എസ് പി ജോണിക്കുട്ടിയ്ക്ക്; മേല്‍നോട്ട ചുമതല യോഗേഷ് ഗുപ്തയ്ക്ക്; എഡിജിപിയെ പൂട്ടാനൊരുങ്ങി ഒരേ സമയം രണ്ട് ഏജന്‍സികളുടെ അന്വേഷണം

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രം; ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല; ആറ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം; അന്വേഷണച്ചുമതല എസ് പി ജോണിക്കുട്ടിയ്ക്ക്; മേല്‍നോട്ട ചുമതല യോഗേഷ് ഗുപ്തയ്ക്ക്; എഡിജിപിയെ പൂട്ടാനൊരുങ്ങി ഒരേ സമയം രണ്ട് ഏജന്‍സികളുടെ അന്വേഷണം

Spread the love

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രമെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല. ആറ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

എസ് പി ജോണിക്കുട്ടിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-ഒന്നിനാണ് അന്വേഷണച്ചുമതല. എസ് പി സുജിത് ദാസിനെതിരായ പരാതികളും ജോണിക്കുട്ടി അന്വേഷിക്കും. ആറു മാസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ആരോപണങ്ങളില്‍ കേസെടുക്കേണ്ടതുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് കണ്ടെത്തുന്നതെങ്കില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാം. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേശ് സാഹേബിന്റെ ശുപാര്‍ശയിലാണ് എം.ആര്‍. അജിത്കുമാറിനും സസ്‌പെന്‍ഷനിലുള്ള എസ്.പി. എസ്. സുജിത്ദാസിനുമെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത പോലീസ് മേധാവിയാകാന്‍ സാധ്യതയുള്ള വ്യക്തിയാണ് അജിത് കുമാര്‍. വിജിലന്‍സ് അന്വേഷണം ഇതിന് തടയിടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഭരണകക്ഷി എം.എല്‍.എ.യായ പി.വി. അന്‍വര്‍ അജിത് കുമാറിനും സുജിത് ദാസിനുമെതിരേ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലും ആരോപണങ്ങള്‍ അന്‍വര്‍ ആവര്‍ത്തിച്ചു.

ഇതിനു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് പോലീസ് മേധാവി ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചശേഷം ആഭ്യന്തര-വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എ.ഡി.ജി.പി.ക്കെതിരായി നേരിട്ടു ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ നിര്‍ദേശം വരുന്നതുവരെ പ്രാഥമിക പരിശോധന വേണ്ടെന്ന നിലപാടിലുമായിരുന്നു വിജിലന്‍സ്.

ഇതിനിടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ വിജിലന്‍സ് ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് മേല്‍നോട്ട ചുമതല. എം ആര്‍ അജിത് കുമാറിനെ നേരിട്ട് ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗേഷ് ഗുപ്തയാകും കൈകാര്യം ചെയ്യുക. ഔദ്യോഗിക സ്വഭാവത്തോടെ അന്വേഷണം ഉടന്‍ തന്നെ ആരംഭിക്കുന്നു എന്നതാണ് പ്രധാനമായും എടുത്തുപറയേണ്ടത്.

സംസ്ഥാനത്തിന്റെ ക്രമാസമാധാനപാലന ചുമതലയുള്ള ഒരു എഡിജിപിക്കെതിരെ ഒരേ സമയം രണ്ട് ഏജന്‍സികളുടെയും അന്വേഷണം നടക്കുന്നു. പോലീസ് മേധാവി നേരിട്ടാണ് മറ്റൊരു അന്വേഷണം നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനം, മരം മുറി, സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള 5 വിഷയങ്ങളാണ് വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരിക.

തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നാണ് അന്വേഷണം നടത്തുക. മറുനാടന്‍ മലയാളിയ്‌ക്കെതിരായ കേസ് അട്ടിമറിക്കാന്‍ രണ്ടു കോടി പണം കൈക്കൂലിയായി കൈപ്പറ്റി എന്നത് അടക്കമുള്ള അന്‍വറിന്റെ ആക്ഷേപവും പരിശോധിക്കും. അതിനിടെ വിജിലന്‍സ് അന്വേഷണം വൈകിപ്പിച്ചത് പി ശശി എന്നാണ് പിവി അന്‍വറിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ മുന്നില്‍ ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഫയല്‍ വന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.

കുറ്റവാളികളെ ആരെയും സംരക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അന്വേഷണശേഷം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം എഡിജിപിയെ മാറ്റിയാല്‍ മതിയെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.