play-sharp-fill
ഒടുവില്‍ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തില്‍ എല്ലാവരും പെട്ടെന്ന് മരണപ്പെടുമായിരുന്നു :അവരുടെ കുടുംബത്തില്‍ ആണുങ്ങള്‍ വാഴില്ല: സുഹൃത്തിനെപറ്റി ജനാര്‍ദ്ദനൻ

ഒടുവില്‍ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തില്‍ എല്ലാവരും പെട്ടെന്ന് മരണപ്പെടുമായിരുന്നു :അവരുടെ കുടുംബത്തില്‍ ആണുങ്ങള്‍ വാഴില്ല: സുഹൃത്തിനെപറ്റി ജനാര്‍ദ്ദനൻ

സ്വന്തം ലേഖകൻ
കൊച്ചി: ഒരു കാലത്ത് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ജനാര്‍ദ്ദനന്‍. ഇപ്പോഴും സിനിമയില്‍ സജീവമാണെങ്കിലും മുന്‍പ് ചെയ്തിരുന്ന കഥാപാത്രങ്ങളൊന്നും താരത്തെ തേടി എത്തുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

അതേ സമയം തന്റെ സുഹൃത്തായിരുന്ന നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ കുറിച്ച്‌ ജനാര്‍ദ്ദനന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.


മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. വളരെ വൈകിയാണ് സിനിമയിലേക്ക് വന്നതെങ്കിലും അഭിനയ ജീവിതത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു. കൂടുതല്‍ സിനിമകളിലും സ്വഭാവനടനായിട്ടാണ് താരം അഭിനയിച്ചതെങ്കിലും കോമഡിയും വില്ലത്തരവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരിക്കും വളരെ സാധുവായിട്ടുള്ള ഒരു മനുഷ്യനായിരുന്നു ഒടുവിലെന്നാണ് സ്വകാര്യ ടിവിയ്ക്ക് നല്‍കിയ ഓണപ്പരിപാടിയ്ക്കിടയില്‍ ജനാര്‍ദ്ദനന്‍ പറയുന്നത്. ‘നല്ലൊരു നടനും സാധുവായ മനുഷ്യനുമാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. ഞാനുമായി വളരെ അടുത്ത ഇടപഴകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

‘എടാ ഉവ്വേ, എന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നത് ഞാനാണെന്ന്’ എന്നോട് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കാരണം അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു. അവരുടെ കുടുംബത്തില്‍ ആണുങ്ങള്‍ വാഴില്ല. ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതും അദ്ദേഹമായിരുന്നു.

നല്ലൊരു മനുഷ്യനായിരുന്നു. ഒരുപാട് നല്ല
വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിടയ്ക്ക് ഞാനും ജയറാം ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ് എന്നിവര്‍ ഒരു ടീം പോലെ പത്തു മുപ്പതു പടങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയില്‍ അഭിനയിക്കുന്ന വേറൊരു നടന്‍ മലയാളത്തില്‍ ഉണ്ടോ എന്നറിയില്ല. വളരെ നാച്ചുറലായി അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ശരിക്കും പറഞ്ഞാല്‍ കൊതി കിട്ടുന്ന അഭിനയം എന്ന് വേണമെങ്കില്‍ പറയാം.
യാതൊരു തരത്തിലും ഇഷ്ടക്കേടുകളൊന്നുമില്ലാത്ത എല്ലാവരുമായിട്ടും ഭയങ്കര സ്‌നേഹമുണ്ടായിരുന്ന വ്യക്തിയാണ്. അദ്ദേഹം നന്നായിട്ട് പാട്ടുപാടുകയും മൃദംഗം വായിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. രണ്ട് മൂന്ന് പാട്ടുകള്‍ക്ക് സംവിധാനം നിര്‍വഹിച്ചിട്ടുണ്ടെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു.

ചെറുപ്പ കാലം തൊട്ടേ സംഗീതത്തിനോട് താല്‍പര്യം ഉണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍. ചെറുപ്പത്തിലേ തബല, മൃദംഗം മുതലായ
വാദ്യോപകരണങ്ങള്‍ അഭ്യസിച്ചിരുന്നു. കലാമണ്ഡലം വാസുദേവ പണിക്കര്‍ ആയിരുന്നു നടന്റെ ഗുരു. സംഗീതത്തിലെ കഴിവുള്ളതിനാല്‍ ചില സംഗീത ട്രൂപ്പുകളില്‍ ജോലി ചെയ്യാനും തുടര്‍ന്ന് കെ.പി.എ.സി നാടകവേദിയില്‍ പ്രവര്‍ത്തിക്കാനും കേരള കലാവേദിയുമായി സഹകരിക്കാനും അവസരം ലഭിച്ചു. തബലിസ്റ്റ് ആയിട്ടാണ് തുടക്കത്തില്‍ അദ്ദേഹം ജോലി ചെയ്തത്.

പിന്നീട് സിനിമയിലേക്ക് ചെറിയ റോളുകളില്‍ അഭിനയിച്ച്‌ തുടങ്ങി. 1973-ല്‍ റിലീസ് ചെയ്ത ദര്‍ശനം എന്ന സിനിമയിലൂടെയാണ് ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ ആദ്യമായി അഭിനയിക്കുന്നത്. എ. വിന്‍സന്റ് സംവിധാനം ചെയ്ത ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ.
പിന്നീടിങ്ങോട്ട് ചെറുതും വലുതുായി 400 ലധികം സിനിമകളില്‍ അഭിനയിച്ചു.

ഗുരുവായൂര്‍ കേശവനിലെ ആന പാപ്പാന്‍ , വരവേല്പിലെ നാരായണന്‍, ആറാം തമ്ബുരാനിലെ കൃഷ്ണ വര്‍മ്മ, കളിക്കളത്തിലെ പലിശക്കാരന്‍, പുന്നാരത്തിലെ മക്കള്‍ നോക്കാത്ത അധ്യാപകന്‍, വധു ഡോക്ടറാണ് എന്ന പടത്തിലെ ഗൃഹനാഥന്‍ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങള്‍ അനശ്വരമാക്കി. നിഴല്‍ക്കുത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002-ലെ കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഒടുവില്‍ ഉണ്ണികൃഷ്ണന് ലഭിച്ചിരുന്നു.

2000 മുതലാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അസുഖബാധിതനാവുന്നത്. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ലാണ് മരണപ്പെടുന്നത്. അവസാന കാലം വരെ അദ്ദേഹം അഭിനയത്തില്‍ സജീവമായിരുന്നു.