
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമിയെന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായ സംഭവത്തില്‍ നിർണായക വിവരവുമായി അദ്ദേഹത്തിന്റെ മുൻ മാനേജർ സോമസുന്ദരം.
മാമിയെ കാണാതായി ഒരു മാസത്തിനുള്ളില്‍ സ്ഥലമിടപാടിന്റെ രേഖ ആവശ്യപ്പെട്ട് ഒരു
സംഘം തന്റെ അടുത്തെത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് സോമസുന്ദരം മൊഴി നല്‍കി. ഒരു സ്ഥലത്തിന്റെ എഗ്രിമെന്റ് തേടിയാണ് മാമിയുടെ ഡ്രൈവർ ഉള്‍പ്പെടെയുള്ള സംഘമെത്തിയത്.
തിരൂർ, പുളിക്കല്‍ സ്വദേശികളാണ് വന്നത്. എന്നാല്‍ മാമിയെ കാണാനില്ലാത്ത സാഹചര്യത്തില്‍ തനിക്ക് സഹായിക്കാനാകില്ലെന്ന് വന്നവരോട് പറഞ്ഞതായി സോമസുന്ദരം പറഞ്ഞു. എഗ്രിമെന്റ് തന്റെ കൈയ്യിലില്ലെന്നും അഥവാ ഉണ്ടെങ്കില്‍ മാമിയറിയാതെ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാമി പരിചയമുള്ളയാളുടെ കൂടെയാണ് അവസാനമായി
പോയതെന്നാണ് തന്റെ തോന്നലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു. കാണാതായതിന് ശേഷം മാമിയുടെ ഫോണില്‍ നിന്ന് വന്ന എസ്.എം.എസ് സംബന്ധിച്ചും സോമസുന്ദരം സംശയം ഉന്നയിക്കുന്നുണ്ട്.
വാട്സ്‌ആപ്പ് സന്ദേശം അല്ലാതെ എസ്.എം.എസ് അയക്കുന്ന പതിവില്ലെന്ന് സോമസുന്ദരം പറയുന്നു. പെട്ടെന്ന് ഒരു സുഹൃത്തിനെ വിളിക്കുകയെന്നായിരുന്നു സന്ദേശം. മാമി സ്വയം പോയതല്ലെന്ന് ഉറപ്പാണെന്നും മുൻ മാനേജർ പറയുന്നു.
മാനേജറുടെ മൊഴിയും സ്ഥലത്തിന്റെ എഗ്രിമെന്റ് തേടിയെത്തിയവരുടെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. 2023 ആഗസ്റ്റ് 21നാണ് ബാലുശ്ശേരി സ്വദേശി മാമിയെന്ന മുഹമ്മദ് ആട്ടൂരിനെ കാണാതാവുന്നത്.