
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യക്ക് കിരീടം
ഹുലുൻബുയർ: ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.
ഗോൾരഹിതമായ മൂന്നുക്വാർട്ടറുകൾക്ക് പിന്നാലെ നാലാം ക്വാർട്ടറിലാണ് ഇന്ത്യ വിജയഗോൾ നേടിയത്. ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്.
കന്നിക്കിരീടമോഹവുമായി കലാശപ്പോരിനിറങ്ങിയ ചൈന തുടക്കം മുതൽ മികച്ച നീക്കങ്ങൾ നടത്തി. കൗണ്ടർ അറ്റാക്കുകളുമായി ചൈന ആദ്യ ക്വാർട്ടറിൽ കളം നിറഞ്ഞു. മറുവശത്ത് ഇന്ത്യയ്ക്ക് ലഭിച്ച രണ്ട് പെനാൽറ്റി കോർണറുകൾ മുതലാക്കാനായില്ല. ആദ്യ ക്വാർട്ടർ ഗോൾരഹിതമായിരുന്നു. രണ്ടാം ക്വാർട്ടറിൽ ഉണർന്നുകളിച്ച ഇന്ത്യ, ചൈനീസ് ഗോൾമുഖം വിറപ്പിച്ചു. എന്നാൽ ചൈനീസ് പ്രതിരോധം ശക്തമായി നിന്നതോടെ ഗോൾശ്രമം വിഫലമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പകുതിയിൽ നാല് പെനാൽറ്റി കോർണറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ചൈനയ്ക്ക് ഒന്നും. എന്നാൽ ടീമുകൾക്ക് ഇത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
എന്നാൽ നാലാം ക്വാർട്ടറിൽ കളി മാറി. ജയത്തിനായി ആക്രമിച്ചുകളിച്ച ഇന്ത്യ 51-ാം മിനിറ്റിൽ മുന്നിലെത്തി. തിരിച്ചടിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ വിദഗ്ദമായി പ്രതിരോധിച്ചതോടെ ഇന്ത്യ കിരീടത്തോടെ മടങ്ങി.