play-sharp-fill
കള്ളക്കണക്കുകള്‍ ഉള്‍പ്പെടുത്തിയ എസ്റ്റിമേറ്റ് കേന്ദ്രസര്‍ക്കാരിന് അയച്ച സംസ്ഥാന സര്‍ക്കാരിന്റെ കുതന്ത്രം പൊളിയുന്നു ? കേന്ദ്രമാനദണ്ഡ പ്രകാരം തയ്യാറാക്കിയ കണക്കെടുപ്പ് മാത്രമാണ് 1,202 കോടി എന്ന വിശദീകരണത്തിൽ സ്വന്തം കണക്ക് വ്യാജമാണെന്ന് കേരളം സമ്മതിച്ചുവെന്നർത്ഥം; ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നുമാണ് റവന്യൂ മന്ത്രിയുടെ വാദം; വ്യോമസേന ഇതുവരെ പണം ചോദിച്ചതായി വിവരമില്ല; അവർക്കായി കേരളം വകയിരുത്തിയിരിക്കുന്നത് 17 കോടി; അതിശയോക്തി കണക്കുകള്‍ വിവാദത്തിൽ

കള്ളക്കണക്കുകള്‍ ഉള്‍പ്പെടുത്തിയ എസ്റ്റിമേറ്റ് കേന്ദ്രസര്‍ക്കാരിന് അയച്ച സംസ്ഥാന സര്‍ക്കാരിന്റെ കുതന്ത്രം പൊളിയുന്നു ? കേന്ദ്രമാനദണ്ഡ പ്രകാരം തയ്യാറാക്കിയ കണക്കെടുപ്പ് മാത്രമാണ് 1,202 കോടി എന്ന വിശദീകരണത്തിൽ സ്വന്തം കണക്ക് വ്യാജമാണെന്ന് കേരളം സമ്മതിച്ചുവെന്നർത്ഥം; ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നുമാണ് റവന്യൂ മന്ത്രിയുടെ വാദം; വ്യോമസേന ഇതുവരെ പണം ചോദിച്ചതായി വിവരമില്ല; അവർക്കായി കേരളം വകയിരുത്തിയിരിക്കുന്നത് 17 കോടി; അതിശയോക്തി കണക്കുകള്‍ വിവാദത്തിൽ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാദൗത്യത്തിനെന്ന പേരില്‍ 1,202 കോടിയുടെ കള്ളക്കണക്കുകള്‍ ഉള്‍പ്പെടുത്തിയ എസ്റ്റിമേറ്റ് കേന്ദ്രസര്‍ക്കാരിന് അയച്ച സംസ്ഥാന സര്‍ക്കാരിന്റെ കുതന്ത്രം പൊളിയുമെന്ന് ഉറപ്പായി. കേന്ദ്രത്തില്‍ നിന്ന് പുനരധിവാസത്തിന് ആവശ്യമായ പരമാവധി സഹായം വാങ്ങിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രമാനദണ്ഡങ്ങള്‍ പ്രകാരം പെരുപ്പിച്ച കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയച്ചത്.

എന്നാല്‍,അതിശയോക്തി നിറഞ്ഞ കണക്കുകള്‍ വിവാദത്തിലായതോടെ ഈ ഒറ്റക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കേരളത്തിനുള്ള ധനസഹായം തടയാനോ വെട്ടിക്കുറയ്ക്കാനോ വഴിയൊരുങ്ങി. പ്രളയകാലത്ത് 6,000 കോടി ചോദിച്ചപ്പോള്‍ 2,000 കോടിയാണ് കേന്ദ്രം നല്‍കിയത്.

ഈ അനുഭവമുള്ളതിനാലാണ് 1,202 കോടിയുടെ പെരുപ്പിച്ച കണക്കുകളടങ്ങിയ എസ്റ്റിമേറ്റ് കേന്ദ്രത്തിന് അയച്ചത്. കേന്ദ്രത്തിനയച്ച കണക്കിലുള്ള 1,202 കോടി രൂപ യഥാര്‍ത്ഥത്തില്‍ ചെലവായ തുകയല്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തി കേന്ദ്രമാനദണ്ഡ പ്രകാരം തയ്യാറാക്കിയ കണക്കെടുപ്പ് മാത്രമാണെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെ സ്വന്തം കണക്ക് വ്യാജമാണെന്ന് കേരളം സമ്മതിക്കുന്നതിന് തുല്യമായി. ഇതോടെ കേന്ദ്രത്തിന്റെ സഹായം തുലാസിലാണ്. പുനരധിവാസ പാക്കേജിനായി കേന്ദ്രത്തിന് നല്‍കിയ പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണിതെന്നും ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നുമാണ് റവന്യൂ മന്ത്രി കെ.രാജന്‍ പറയുന്നത്.

കൃത്യമായ കണക്ക് പുറത്തുവിട്ടാല്‍ കേരളം നേരത്തേ നല്‍കിയ മെമ്മോറാണ്ടം കളവായിരുന്നെന്ന് ഒരിക്കല്‍ കൂടി തെളിയും. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിവാദമാണെന്ന് മന്ത്രിമാരെല്ലാം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിനയച്ച എസ്റ്റിമേറ്റില്‍ സംസ്ഥാനം പ്രതിരോധത്തിലാണെന്ന് ഉറപ്പാണ്. കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടാല്‍ കേന്ദ്രത്തിനയച്ച നിവേദനത്തിലെ കണക്കുകളും തിരുത്തേണ്ടി വരും.

കേന്ദ്രമാനദണ്ഡ പ്രകാരം പൂര്‍ണമായി വീടു തകര്‍ന്നാല്‍ 1.30 ലക്ഷം രൂപയാണ് കിട്ടുക. ഈ തുക കൊണ്ട് കേരളത്തിലെവിടെയും വീടുണ്ടാക്കാനാവില്ല. വയനാട്ടിലാവട്ടെ നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അതിനാലാണ് കേന്ദ്ര മാനദണ്ഡത്തിലെ മറ്റ് വ്യവസ്ഥകള്‍ പ്രകാരം തുക പെരുപ്പിച്ച്‌ കാട്ടി 1202 കോടിയുടെ വമ്പന്‍ എസ്റ്റിമേറ്റ് കേന്ദ്രത്തിന് അയച്ചത്.

ചീഫ് സെക്രട്ടറിയായിരുന്ന ഡോ.വി.വേണുവിന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതെങ്കിലും പെരുപ്പിച്ചു കാട്ടിയ കള്ളക്കണക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയിലെ വമ്പന്മാരാണുണ്ടാക്കിയതെന്നാണ് അറിയുന്നത്.

ഏതുവിധേനയും കൂടുതല്‍ കേന്ദ്രസഹായം നേടിയെടുക്കാനുള്ള അതോറിട്ടിയുടെ തന്ത്രം അപ്പാടെ പാളിപ്പോവുകയായിരുന്നു. കള്ളക്കണക്കാണെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആരോപിച്ച്‌ ബി.ജെ.പി രംഗത്തെത്തിയതോടെ, വിവാദത്തിന്റെ എരിതീയിലേക്ക് എണ്ണയൊഴിക്കുന്ന സ്ഥിതിയായിട്ടുണ്ട്.

അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടത്തിലെ പ്രസക്ത ഭാഗങ്ങളാണ് പുറത്തുവന്നതെന്നും ദുരന്ത ബാധിതര്‍ക്ക് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമാണിതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയ അനുമാനങ്ങളാണ് പുറത്തുവന്നത്.

പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തിയുള്ള മെമ്മോറാണ്ടമാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതകളേറെയാണ്.

മൃതദേഹങ്ങള്‍ മറവുചെയ്തതും ക്യാമ്പുകളിലുള്ളവര്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്‍കിയതുമടക്കം കഴിഞ്ഞ കാര്യങ്ങളാണ്. ഈ ചെലവുകള്‍ കൃത്യമായി നല്‍കേണ്ടതിന് പകരം അനുമാനക്കണക്ക് നല്‍കിയാല്‍ കേന്ദ്രം അംഗീകരിക്കണമെന്നില്ല.

അനുമാനത്തുക ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല. കേന്ദ്ര മാനദണ്ഡപ്രകാരം ക്ലെയിം ചെയ്യാനുള്ള തുക മാത്രമാണത്. കേന്ദ്രത്തിന്റെ പലഘട്ട പരിശോധനകള്‍ ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നിരിക്കെ, പെരുപ്പിച്ച കണക്കുകള്‍ കാട്ടി 1,202 കോടിയുടെ ക്ലെയിം കേരളം നല്‍കിയാല്‍ കേന്ദ്രം അത് അംഗീകരിക്കാനുള്ള സാദ്ധ്യത കുറയുമെന്നുപോലും മനസിലാക്കാതെയാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്.

ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപയാണ് കാണിച്ചിരിക്കുന്നത്. 359 മൃതദേഹങ്ങള്‍ക്കായി 2.77 കോടിയാണ് വകയിരുത്തിയത്. ദുരിതബാധിതരെ ഒഴിപ്പിക്കാനുള്ള വാഹന ചെലവായി 12 കോടിയാണ് മാറ്റിയത്. മണ്ണുമാന്തികള്‍ക്ക് 15 കോടിയും ചെലവിട്ടെന്നാണ് രേഖ.

രക്ഷാപ്രവര്‍ത്തകരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രയ്ക്കുമായി 6.5 കോടിയും വകയിരുത്തി. വ്യോമസേനയുടെ എയര്‍ലിഫ്റ്റിംഗ് ദൗത്യത്തിന് ഭാവിയില്‍ പണം നല്‍കേണ്ടിവരുമെന്ന പരാമര്‍ശത്തോടെ 17 കോടി കണക്കാക്കി. വ്യോമസേന ഇതുവരെ പണം ചോദിച്ചതായോ ബില്‍ അയച്ചതായോ വിവരമില്ല. സൈന്യം പണിത ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിന് ഒരുകോടി ചെലവ് കാട്ടിയിട്ടുണ്ട്.

എന്നാല്‍, പാലം നിര്‍മ്മാണത്തിന് പണം നല്‍കണമെന്ന് കരസേന ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ജനറേറ്ററുകള്‍ക്ക് 7 കോടി, ഡ്രോണുകള്‍ക്ക് 3 കോടി എന്നിങ്ങനെയും കണക്കെഴുതി. സര്‍ക്കാര്‍ വോളണ്ടിയര്‍മാരുടെ ആരോഗ്യപരിചരണത്തിന് 2.02 കോടിയുമുണ്ട്.

ചെലവിനത്തില്‍ ഇത്രയും കണക്കുകള്‍ പെരുപ്പിച്ച്‌ കാട്ടിയ സര്‍ക്കാര്‍ ആശ്വാസ സഹായമായും പുനരധിവാസമായും താരതമ്യേന കുറഞ്ഞ തുക മാത്രമാണ് കാട്ടിയിരിക്കുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 14.36 കോടിയും പരിക്കേറ്റ 300ലധികം പേര്‍ക്കായി 17.5 കോടിയും ഉപജീവന സഹായത്തിന് 14 കോടിയും മാത്രമാണ് കണക്കിലുള്ളത്.