പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഡോക്ടേഴ്സ് ലൈന്‍ റോഡില്‍ ഓടയുടെ വിടവില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങി ; അഗ്നി രക്ഷാ സേന പുറത്തെടുത്തു ; സംഭവം ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ജനറല്‍ ആശുപത്രിയുടെ പുറകില്‍ ഡോക്ടേഴ്സ് ലൈന്‍ റോഡില്‍ ഓടയുടെ വിടവില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങി. ഓമല്ലൂര്‍ ആറ്റരികം തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ 51 വയസുള്ള ബീനയുടെ കാലാണ് ഓടയില്‍ കുടുങ്ങിയത്.

ചൊവ്വാഴ്ച വൈകിട്ട് 5. 30 ന് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ഇവിടെയുള്ള ഡോക്ടറെ കാണാന്‍ വേണ്ടി എത്തിയതായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം ബീന ഓടയുടെ മുകളിലേക്ക് കയറി നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് വിടവില്‍ കാല്‍ കുടുങ്ങിയത്. ഓടയുടെ സ്ലാബിന് മുകള്‍ ഭാഗത്ത് പുല്ലും മറ്റും നിറഞ്ഞ് കിടന്നിരുന്നതിനാല്‍ വിടവ് കാണാന്‍ കഴിഞ്ഞില്ല. ഉറക്കെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് അഗ്നി രക്ഷാ സേനയും എത്തി. ഓടയുടെ സ്ലാബ് അകത്തി കാല്‍ പുറത്തെടുത്തു. ഉടനെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു . ജനറല്‍ ആശുപത്രിയില്‍ കെട്ടിടം പണി നടക്കുന്നതിനാല്‍ ഡോക്ടേഴ്സ് ലൈന്‍ റോഡ് വഴിയാണ് ആശുപത്രിയിലേക്കുള്ള വാഹനങ്ങളും കടന്നു പോകുന്നത്. പ്രധാന ഗേറ്റും പുറക് വശത്ത് കൂടിയാണ്.

അടുത്ത സമയത്താണ് ഡോക്ടേഴ് സ് ലൈന്‍ റോഡ് നവീകരിച്ചത്. എന്നാല്‍ ഓടയുടെ പണികള്‍ ശരിയായി നടന്നിട്ടില്ല. പൊതുവെ വീതി കുറഞ്ഞ റോഡായതിനാല്‍ ആളുകള്‍ നടന്നു പോകുന്നത് ഓടയുടെ മുകളില്‍ കൂടിയാണ്. ഓടയുടെ പല ഭാഗത്തും സ്ലാബ് നിരപ്പില്ലാതെ കിടക്കുകയാണ്.