play-sharp-fill
ലീഡ് ഒരു ലക്ഷമെന്ന് ഉറപ്പിച്ച് ചാഴികാടൻ: ജനകീയ അടിത്തറയിൽ വിശ്വസിച്ച് വി.എൻ വാസവൻ: അട്ടിമറി പ്രതീക്ഷയിൽ പി.സി തോമസ്; കോട്ടയത്തെ കോട്ടപിടിക്കുന്നതാര്

ലീഡ് ഒരു ലക്ഷമെന്ന് ഉറപ്പിച്ച് ചാഴികാടൻ: ജനകീയ അടിത്തറയിൽ വിശ്വസിച്ച് വി.എൻ വാസവൻ: അട്ടിമറി പ്രതീക്ഷയിൽ പി.സി തോമസ്; കോട്ടയത്തെ കോട്ടപിടിക്കുന്നതാര്

എ.കെ ശ്രീകുമാർ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേയ്ക്ക് മുന്നണികൾ കുതിച്ച് കയറുമ്പോൾ കോട്ടയത്ത് വിജയ പ്രതീക്ഷയിൽ മൂന്ന് സ്ഥാനാർത്ഥികളും. ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ച് വികസന തുടർച്ചയ്ക്കാണ് തോമസ് ചാഴികാടൻ വോട്ട് തേടുന്നത്. ജനകീയ അടിത്തറയും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളും വോട്ടായി മാറുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. മോദി സർക്കാരിന്റെ വികസനത്തിന് വോട്ട് തേടുന്ന എൻ ഡി എ, ശബരിമലയും പി.സി തോമസ് കേന്ദ്ര മന്ത്രിയാകും എന്ന പ്രചാരണവും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്.


പ്രചാരണം ഇഞ്ചോടിഞ്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് മൂന്നു മുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ്. അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ ആര് വിജയിച്ചുകയറും എന്നത് പ്രവചനാതീതമാണ്. യു.ഡ‌ി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍.വാസവനും ലോക്‌സഭയിലേക്ക് കന്നിയങ്കമാണ് കുറിക്കുന്നതെങ്കില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസിലെ പി.സി.തോമസ് മുന്‍ എം.പിയാണ്. ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് കോട്ടയത്ത്.

തോമസ് ചാഴിക്കാടന്‍ വളരെ താമസിച്ചാണ് അങ്കത്തട്ടിലിറങ്ങിയതെങ്കിലും ഇപ്പോള്‍ പ്രചാരണത്തില്‍ മുന്നിലാണ്. നേരത്തെ ഉണ്ടായിരുന്ന വൈര്യം മറന്ന് പി.ജെ.ജോസഫ് വിഭാഗം ചാഴിക്കാടന് വേണ്ടി സജീവമായി രംഗത്തുണ്ട്.

കോണ്‍ഗ്രസ് കാലുവാരുമെന്ന ഭയം ഇപ്പോള്‍ ഇല്ല. പൂര്‍ണ പിന്തുണയാണ് കോണ്‍ഗ്രസ് നല്കുന്നത്.

ജനതാദളില്‍ തിരിച്ചെടുത്ത സീറ്റില്‍ എല്‍.ഡി.എഫ് വി.എന്‍.വാസവനെ രംഗത്ത് ഇറക്കിയതുതന്നെ പൊതുസമ്മതനായ ആളെന്ന നിലയിലാണ്. ആതുര ശുശ്രൂഷാ രംഗത്ത് ഏറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വാസവന്റെ വ്യക്തി പ്രഭാവം വോട്ടായി മാറുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. ഇക്കുറി യു.ഡി.എഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഇടതുമുന്നണി.

കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തിനും സംസ്ഥാനത്തിനും നേടിക്കൊടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി.തോമസ് വോട്ടര്‍മാരെ നേരില്‍ കാണുന്നത്. പി.സി. തോമസ് എന്ന പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയിലൂടെ കോട്ടയത്ത് വിജയിക്കാനാവുമെന്നാണ് എന്‍.ഡി.എ കണക്കുകൂട്ടല്‍. ശക്തമായ പ്രചാരണമാണ് മണ്ഡലത്തില്‍ എന്‍.ഡി.എ നടത്തുന്നത്.

ഒരു ലക്ഷം കടമ്പയുമായി ചാഴികാടൻ

കഴിഞ്ഞ തവണ ജോസ് കെ.മാണി കുറിച്ച ഒന്നേകാൽ ലക്ഷം കടന്ന ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും ഒരു ലക്ഷം എന്ന ലീഡാണ് ഇക്കുറിയും ചാഴികാടൻ ലക്ഷ്യമിടുന്നത്. ആദ്യ റൗണ്ടിലെ പ്രചാരണ മന്ദത മറികടക്കാൻ സാധിച്ചതോടെ ചാഴികാടനും കുതിപ്പിലാണ്. കെ.എം മാണിയുടെ മരണത്തോടെ ലഭിച്ച സഹതാപം പാലായിലും , സമീപ മണ്ഡലങ്ങളിലും കാറ്റായി വീശുമെന്നും ഇത് വോട്ടിൽ പ്രതിഫലിക്കുമെന്നുമാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. രാഹുൽ നേരിട്ട് എത്തി പ്രചാരണ രംഗത്ത് ഇളക്കം സൃഷ്ടിച്ചതോടെ കോൺഗ്രസ് ക്യാമ്പും ആവേശത്തിലാണ്.
എന്നാൽ , കെ.എം മാണിയുടെ മരണത്തോടെ അനാഥമായ കേരള കോൺഗ്രസിനെ വിശ്വസിക്കാനാവില്ലന്ന ഇടത് മുന്നണിയുടെ പ്രചരണം എത്രത്തോളം വോട്ടിൽ പ്രതിഫലിക്കും എന്ന ആശങ്ക യുഡിഎഫ് ക്യാമ്പിനുണ്ട്. നെഗറ്റീവ് വോട്ടുകളും , പി.സി തോമസ് പിടിക്കുന്ന വോട്ടും യു ഡി എഫിന്റെ വോട്ട് ഷെയറിൽ കുറവുണ്ടാക്കുമെന്ന ആശങ്ക യു ഡി എഫ് ക്യാമ്പിനുണ്ട്.

ശക്തി കേന്ദ്രങ്ങളിൽ ഇടത് പ്രതീക്ഷ

ശക്തി കേന്ദ്രങ്ങൾക്കൊപ്പം വി.എൻ വാസവന്റെ ജനകീയ അടിത്തറയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി ക്യാമ്പ്. കോട്ടയം , ഏറ്റുമാനൂർ , വൈക്കം , പുതുപ്പള്ളി മണ്ഡലങ്ങളിൽ നിന്ന് അര ലക്ഷം വോട്ടിന്റെ ലീഡാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി എന്ന നിലയിലും , പ്രളയകാലത്തെ രക്ഷപ്രവർത്തനങ്ങളും ഇടത് ക്യാമ്പിൽ വോട്ട് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻ ഡി എ സ്ഥാനാർത്ഥി പി.സി തോമസ് രണ്ടര ലക്ഷം വോട്ട് പിടിച്ചാൽ വിജയം ഉറപ്പെന്നാണ് ഇടത് മുന്നണി കണക്ക് കൂട്ടുന്നത്.
എന്നാൽ , പാർട്ടിയ്ക്കുള്ളിലെ ചെറിയ പ്രശ്നങ്ങളും തർക്കങ്ങളും , കേരള കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതും പാർട്ടിയ്ക്ക് പ്രതീക്ഷിച്ച വിജയം നഷ്ടമാക്കുമോ എന്ന ആശങ്ക ഇടത് മുന്നണിയ്ക്കുണ്ട്.

കേരള കോൺഗ്രസ് വോട്ടിൽ പ്രതീക്ഷ വച്ച് പി സി തോമസ്

കേരള കോൺഗ്രസ് വോട്ടിൽ പ്രതീക്ഷ വച്ചാണ് പി.സി തോമസ് ഇക്കുറിയും കളത്തിലിറങ്ങുന്നത്. പാർലമെന്റിലേയ്ക്ക് കോട്ടയത്ത് നിന്ന് ഒരു കേന്ദ്ര മന്ത്രി എന്നതാണ് പി.സി തോമസും ബി ജെ പിയും മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. കേരള കോൺഗ്രസ് വിരുദ്ധ വോട്ടുകൾക്കൊപ്പം ബി ജെ പി വോട്ടും ബി ഡി ജെ എസ് വോട്ടും ലഭിച്ചാൽ പി.സി തോമസിന് വിജയിക്കാനാവുമെന്നാണ് വിജയക്കുതിപ്പ് നടത്താനാവുമെന്നാണ് പ്രതീക്ഷ.
എന്നാൽ , കൂറുമാറുമെന്ന പ്രചാരണം പി.സി തോമസിന് തിരിച്ചടിയാകുമെന്നാണ് ആശങ്ക. യുവാക്കൾക്കിടയിൽ പി സി തോമസിന്റെ മോശം പ്രതിച്ഛായയും തിരിച്ചടിയാകുമെന്ന് ബിജെപി ഭയക്കുന്നു.