ലൈംഗിക പീഡന പരാതികളിൽ എംഎൽഎ എം.മുകേഷ്, ഇടവേള ബാബു എന്നിവർക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
കൊച്ചി: ലൈംഗിക പീഡന പരാതികളിൽ എംഎൽഎ എം.മുകേഷ്, ഇടവേള ബാബു എന്നിവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോർട്ട് ജഡ്‌ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ രണ്ടു ദിവസത്തെ രഹസ്യവാദത്തിൽ പ്രോസിക്യൂഷൻ എതിർത്തു. അതേസമയം, മണിയൻപിള്ള രാജുവിനെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് കണ്ടെത്തി ഹർജി കഴിഞ്ഞദിവസം തീർപ്പാക്കിയിരുന്നു. സിനിമകളിൽ അവസരവും അമ്മയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 2009ൽ മരടിലെ ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് മുകേഷിനെതിരായ കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിൽ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. അതേസമയം, രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനും സിനിമാ അവസരങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത പരാതിയെന്നായിരുന്നു മുകേഷിന്റെ വാദം.
15 വർഷത്തിനു ശേഷമാണ് പരാതിപ്പെടുന്നത്. വാദങ്ങൾ തെറ്റാണെന്ന് 2009 മാർച്ച് ഏഴിന് യുവതി അയച്ച ഇ-മെയിൽ തെളിയിക്കുന്നു. സഹായിക്കുന്നതിന് നന്ദി അറിയിക്കുന്ന മെയിലിൽ തന്റെ വൈവാഹിക പ്രശ്നങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെയും ഒരുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള വാട്സാപ് സന്ദേശത്തിന്റെയും പകർപ്പുകൾ നടൻ ഹാജരാക്കി.