
കോട്ടയം: കുമരകത്ത് കഴിഞ്ഞ ദിവസം ഉണ്ടായത് അപകട പരമ്പര. രണ്ട് അപകടങ്ങളിലായി പരിക്കേറ്റത് നാലുപേർക്ക്. ഗുരുതരമായി പരിക്കേറ്റവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ.
കുമരകം റോഡിലൂടെ നടന്നുപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. റോഡിന്റെ വശം ചേർന്ന് നടന്നു പോയിരുന്ന ഇവരെ പിന്നാലെ എത്തിയ ബുള്ളറ്റ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ ഇതുവഴി എത്തിയ വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പുത്തനങ്ങാടിയിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. പരിക്കേറ്റ മൂന്നു പേരും കോട്ടയം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുള്ളറ്റ് ഓടിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. കോട്ടയം ഭാഗത്തു നിന്നും കുമരകം ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബുള്ളറ്റ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മദ്യപിച്ചാണോ യുവാവ് വാഹനം ഓടിച്ചതെന്ന് ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കുമരകത്ത് ജെട്ടിപാലത്തിന് സമീപം മറ്റൊരു കാൽനട യാത്രക്കാരിക്കും അപകടത്തിൽ പരിക്കേറ്റു. കാൽനടയാത്രക്കാരിയായ സ്ത്രീയെ കോട്ടയം ഭാഗത്തുനിന്നും വന്ന കൊച്ചി സ്വദേശിയുടെ ടാറ്റ ഇലക്‌ട്രിക് കാർ ഇടിക്കുകയായിരുന്നു.
കുമരകം എസ്.കെ.എം.എച്ച്.എസ്.എസിലെ അധ്യാപികയായ പി.പി ഗീതയ്ക്കാണ് പരുക്കേറ്റത്. തലക്ക് കാര്യമായി പരിക്കേറ്റ അധ്യാപിക കുമരകം എസ്.എച്ച്.ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
അപകടത്തിന് കാരണമായ കാർ കുമരകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.