
സ്വന്തം ലേഖകൻ
കോട്ടയം: നാലുമാസംമുൻപ് നഷ്ടപ്പെട്ട മുക്കാല്‍ പവന്റെ ചെയിൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അതിരമ്പുഴ ഗവ.പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. ജീജയ്ക്ക് ഇല്ലായിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം അത് ജീജയ്ക്ക് തിരികെക്കിട്ടി. ഇതിന് വഴിതുറന്നത് ബ്യൂട്ടിപാർലറിലെ നന്മയുള്ള മൂന്ന് ജീവനക്കാരികള്‍.
ഏപ്രില്‍ 29-നാണ് ജീജയുടെ സ്വർണച്ചെയിൻ നഷ്ടപ്പെട്ടത്. പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെ, കഴിഞ്ഞദിവസം യാദൃശ്ചികമായി അതിരമ്പുഴ മാർക്കറ്റ് ജങ്ഷനില്‍വെച്ച് താര ബ്യൂട്ടിപാർലറിലെ മൂന്ന് ജീവനക്കാരികള്‍ ജീജയെ കണ്ടു. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോമെന്ന് ഇവർ ജീജയോട് ചോദിച്ചു. ചെയിൻ കാണാതെപോയ വിവരം ജീജ അറിയിച്ചു. എന്നാല്‍ അത് തങ്ങളുടെ പക്കലുണ്ടെന്ന് ജീവനക്കാരികള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഭരണം നഷ്ടമായ ദിവസം ബ്യൂട്ടിപാർലറില്‍ പോയിരുന്നു. എന്നാല്‍, ഇവിടെമാത്രം അന്വേഷിച്ചില്ല. ഉടമസ്ഥർ എത്തുന്നതുംകാത്ത് ജീവനക്കാരികള്‍ ബ്യൂട്ടിപാർലറില്‍ത്തന്നെ ആഭരണം സൂക്ഷിച്ചിരിക്കുകയായിരുന്നു. ആരുടേതാണിതെന്ന് അവർക്ക് അറിയില്ലായിരുന്നു. ചെയിൻ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ജീജ, ബ്യൂട്ടിപാർലറിലെ ജീവനക്കാരികളായ ഷിജാ അനില്‍, ശ്വേതാ രാധാകൃഷ്ണൻ, ലീലാ ജോജി എന്നിവർക്ക് ഓണക്കോടി വാങ്ങിനല്‍കി.