play-sharp-fill
ഒപിയിൽ ക്യൂനിന്ന് കഷ്ടപ്പെടേണ്ട; വിവിധ സേവനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ ഇനി ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കാം; ഒ.പി ടിക്കറ്റ് കൂടി ഡിജിറ്റലാകുന്നതോടെ ഓൺലൈൻ പണമിടപാട് സംവിധാനം പൂർണമാകും

ഒപിയിൽ ക്യൂനിന്ന് കഷ്ടപ്പെടേണ്ട; വിവിധ സേവനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ ഇനി ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കാം; ഒ.പി ടിക്കറ്റ് കൂടി ഡിജിറ്റലാകുന്നതോടെ ഓൺലൈൻ പണമിടപാട് സംവിധാനം പൂർണമാകും

പത്തനംതിട്ട: വിവിധ സേവനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ ഇനി ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കാം. മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഓൺലൈനിലൂടെ മുൻകൂർ പണം അടയ്ക്കുന്നതിനുളള സൗകര്യങ്ങളുമൊരുക്കും. ഡിജിറ്റൽ പേമെന്റിനൊപ്പം നേരിട്ട് പണം സ്വീകരിക്കുന്നത് തുടരും. ഒ.പി ടിക്കറ്റ് കൂടി ഡിജിറ്റലാകുന്നതോടെ ഓൺലൈൻ പണമിടപാട് സംവിധാനം പൂർണമാകും.


ഓൺലൈൻ ബുക്കിംഗ് തുടരുന്നതോടെ നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറെ കാണാൻ കഴിയും. ഇതോടെ ഒ.പിയിലെ തിരക്ക് കുറയും. പ്രധാന ആശുപത്രികളിലെല്ലാം ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജാേർജ് അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പണം അടയ്ക്കുന്നതിന് ഇ – പോസ്, ക്യൂ ആർ കോഡ് സ്കാൻ ക്രമീകരണങ്ങളായി. ജീവനക്കാർക്ക് ഇതിനുള്ള പരിശീലനം നൽകിവരികയാണ്. കോന്നി മെഡിക്കൽ കോളേജിൽ മൊബൈൽ കവറേജ് പൂർണ തോതിൽ ലഭ്യമല്ലാത്തതിനാൽ ക്യു.ആർ കോഡ് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

മൊബൈൽ കമ്പനികൾക്ക് ഇതുസംബന്ധിച്ച് കത്തു നൽകിയിട്ടുണ്ട്. ഇ – ഹെൽത്ത് നടപ്പാക്കിയ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ പണമിടപാട് പൂർണ തോതിൽ നിലവിൽ വരുന്നത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇ – ഹെൽത്ത് നടപ്പാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. ജില്ലയിലെ പതിനൊന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇ – ഹെൽത്ത് നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളിലും പണം അടയ്ക്കാൻ ഓൺലൈൻ സേവനം ലഭ്യമാക്കും.

ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ എത്തേണ്ടിവരുന്നവർക്ക് പക്കൽ പണമില്ലെങ്കിൽ പേ.ടി.എം, ഗൂഗിൾ പേ വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടയ്ക്കാം. ഇതിനുള്ള ക്യു ആർ കോഡുകൾ ക്യാഷ് കൗണ്ടറുകളിലുണ്ടാകും. എ.ടി.എം കാർഡുപയോഗിച്ച് സ്വൈപ്പ് ചെയ്തും പണം അടയ്ക്കാം.

അപകടത്തിൽ പെടുന്നവരുമായി ആശുപത്രിയിലെത്തിയ ഒട്ടേറെ ആളുകൾ പണം അടയ്ക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഓൺലൈനായി പണം അടയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ പരിശോധനയും തുടർ ചികിത്സയും വൈകിയ സംഭവങ്ങളുമുണ്ട്.