play-sharp-fill
കെസിഎല്‍ : തുടർച്ചയായ രണ്ടാം ജയവുമായി ഏരീസ് കൊല്ലം ; വീണ്ടും തോല്‍വിക്ക് വഴങ്ങി തൃശൂര്‍ ടൈറ്റന്‍സ്

കെസിഎല്‍ : തുടർച്ചയായ രണ്ടാം ജയവുമായി ഏരീസ് കൊല്ലം ; വീണ്ടും തോല്‍വിക്ക് വഴങ്ങി തൃശൂര്‍ ടൈറ്റന്‍സ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിന് തൃശൂര്‍ ടൈറ്റന്‍സിനെതിരേ എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 101 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം 16 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. കൊല്ലത്തിനു വേണ്ടി അര്‍ദ്ധ സെഞ്ചുറി നേടിയ അഭിഷേക് നായരാണ് ( 56 പന്തില്‍ 66 റണ്‍സ്) പ്ലെയര്‍ ഓഫ് ദി മാച്ച്. സീസണില്‍ കൊല്ലം രണ്ട് മത്സരങ്ങളിലും വിജയിച്ചപ്പോള്‍ തൃശൂര്‍ രണ്ട് കളികളിലും തോറ്റു.


ടോസ് നേടിയ ഏരീസ് കൊല്ലം തൃശൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊല്ലത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ ബാറ്റര്‍മാര്‍ പാടുപെട്ടു. രണ്ടാം ഓവറിലെ അവസാന പന്തില്‍ തൃശൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. അഭിഷേക് പ്രതാപിനെ എന്‍.എം ഷറഫുദ്ദീന്റെ പന്തില്‍ എ.കെ അര്‍ജുന്‍ പുറത്താക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 റണ്‍സ് എത്തിയപ്പോള്‍ തൃശൂരിന്റെ നാലു മുന്‍നിര ബാസ്റ്റ്മാന്‍മാരുടെ വിക്കറ്റ് നഷ്ടമായി. 33 പന്തില്‍ നിന്നും പുറത്താകാതെ 38 റണ്‍സ് നേടിയ അക്ഷയ് മനോഹര്‍ ആണ് തൃശൂരിന്റെ ടോപ് സ്‌കോറര്‍. 18 ഓവറില്‍ 101 റണ്‍സിന് തൃശൂര്‍ ഓള്‍ ഔട്ടായി.കൊല്ലത്തിനു വേണ്ടി എന്‍.എം ഷറഫുദ്ദീന്‍ മൂന്ന് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. സുധേഷ് മിഥുന്‍, ബിജു നാരായണന്‍, എന്‍.പി ബേസില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

ഓപ്പണര്‍മാരായ അഭിഷേക് നായരും അരുണ്‍ പൗലോസും ആദ്യ ഓവറുകളില്‍ സിംഗിളുകളെടുത്താണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.10-ാം ഓവറില്‍ 39 പന്തില്‍ നിന്ന് അഭിഷേക് നായര്‍ അര്‍ദ്ധ സെഞ്ചുറി നേടി. 24 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെട്ടെ 18 റണ്‍സ് നേടിയ അരുണ്‍ പൗലോസിനെ 11.4-ാം ഓവറില്‍ അഹമ്മദ് ഇമ്രാന്റെ പന്തില്‍ വിഷ്ണു വിനോദ് അതിമനോഹരമയ ക്യാച്ചിലൂടെ പുറത്താക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെയും (5) ഇമ്രാന്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. എ.കെ അര്‍ജുനുമായി (ഒന്‍പത്) ചേര്‍ന്ന് അഭിഷേക് കൊല്ലത്തിനു വിജയം സമ്മാനിച്ചു.