play-sharp-fill
കേരള ക്രിക്കറ്റ് ലീഗ് :  ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് തകർത്തു ; ആലപ്പി റിപ്പിള്‍സിന് രണ്ടാം വിജയം

കേരള ക്രിക്കറ്റ് ലീഗ് : ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് തകർത്തു ; ആലപ്പി റിപ്പിള്‍സിന് രണ്ടാം വിജയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് പരാജയപ്പെടുത്തി കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് രണ്ടാമത്തെ വിജയം സ്വന്തമാക്കി. ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച തുടക്കം സമ്മാനിച്ചു. സ്കോർ 51ൽ നിൽക്കുമ്പോൾ മുഹമ്മദ് അസ്ഹറുദീന്‍ 28 റണ്ണുമായി പുറത്തായി.

ഇതോടെ ആലപ്പി റിപ്പിള്‍സിന്റെ ബാറ്റില്‍ നിന്നുള്ള റണ്ണൊഴുക്ക് കുറഞ്ഞു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നീല്‍ സണ്ണിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് സ്കോർ ബോർഡ് വീണ്ടും ചലിപ്പിച്ചു. 20 ഓവറില്‍ എട്ടിന് 145 എന്ന സ്‌കോറിന് ആലപ്പിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. അദാനി ട്രിവാന്‍ട്രം റോയല്‍സിന് വേണ്ടി അഖിന്‍ സത്താറും എം.യു ഹരികൃഷ്ണനും ആലപ്പി റിപ്പിള്‍സിന്റെ രണ്ടു വിക്കറ്റ് വീതം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗിനിറങ്ങിയ അദാനി ട്രിവാന്‍ട്രം റോയല്‍സിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വിഷ്ണുരാജിനെ നഷ്ടമായി. ട്രിവാന്‍ഡ്രത്തിന്റെ സ്‌കോര്‍ബോര്‍ഡില്‍ റണ്ണൊന്നും സ്‌കോര്‍ ചെയ്യുന്നതിനു മുമ്പേ രോഹന്‍ പ്രേമിന്റെയും വിക്കറ്റ് നഷ്ടമായി. തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട ട്രിവാൻഡ്രം റോയൽസിന് ആശ്വാസമായത് എം.എസ് അഖിലും ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദും ചേര്‍ന്ന് നടത്തിയ ചെറുത്തു നിൽപ്പാണ്.

ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ട്രിവാന്‍ഡ്രത്തിന്റെ സ്‌കോറിംഗ് വേഗത്തിലാക്കി. സ്‌കോര്‍ 89-ല്‍ നില്‍ക്കെ 31 പന്തില്‍ 45 റണ്‍സ് നേടിയ അബ്ദുള്‍ ബാസിദിനെ കിരണ്‍ സാഗര്‍ പുറത്താക്കി. എം.എസ്. അഖിലിനെ (36 പന്തില്‍ 38) ഫനൂസ് ബൗള്‍ഡാക്കിയതോടെ ട്രിവാൻഡ്രം റോയൽസിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. ഒടുവിൽ ട്രിവാന്‍ഡ്രം റോയല്‍സ് 18.1 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ട്. അഖില്‍ ജോസഫും ഫായിസല്‍ ഫാനൂസും നാലു വിക്കറ്റ് വീതം സ്വന്തമാക്കി. ഫായിസല്‍ ഫാനൂസാണ് മാന്‍ ഓഫ് ദി മാച്ച്.