play-sharp-fill
‘സംസ്ഥാന സർക്കാരിന്റെ അന്വേഷണം അനുയോജ്യമല്ല, കേസ് സിബിഐക്ക് വിടാനുള്ള തന്റേടം മുഖ്യമന്ത്രിക്കുണ്ടോ’?, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെക്കണം: പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി കെ സുധാകരന്‍

‘സംസ്ഥാന സർക്കാരിന്റെ അന്വേഷണം അനുയോജ്യമല്ല, കേസ് സിബിഐക്ക് വിടാനുള്ള തന്റേടം മുഖ്യമന്ത്രിക്കുണ്ടോ’?, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെക്കണം: പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി കെ സുധാകരന്‍

 

തിരുവനന്തപുരം: അഴിമതിയുടെയും മാഫിയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദുവായ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും എഡിജിപിയേയും സംരക്ഷിച്ചുകൊണ്ട് ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. പ്രതിപക്ഷം ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നത് സിബിഐ അന്വേഷണമാണെന്നും അതിന് മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

 

മാഫിയ സംരക്ഷനായ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും രാജിവെച്ച് പുറത്തുപോകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിലും മന്ത്രിസഭയിലും ഒരുപോലെ സ്വാധീനമുള്ള വ്യക്തികളാണ് ആരോപണവിധേയര്‍. അതുകൊണ്ട് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണം സ്വീകാര്യമല്ല. അത് കുറ്റാരോപിതര്‍ക്ക് രക്ഷപെടാനുള്ള അവസരം ഒരുക്കലാണ്.


 

പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ വിശ്വസ്തരുമാണെന്നും ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോണ്‍ചോര്‍ത്തല്‍, സ്വര്‍ണ്ണക്കടത്ത്,കൊലപാതകം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. മാത്രമല്ല ആരുടെയെല്ലാം ഫോണുകളാണ് ഇത്തരത്തില്‍ ചോര്‍ത്തിയതെന്ന് സംബന്ധിച്ച വിവരം സര്‍ക്കാര്‍ പുറത്തുവിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നേരത്തെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായിരുന്നു. തന്റെ വിശ്വസ്തര്‍ക്കെതിരെ ഗുരതമായ ആരോപണം മറ്റൊരു വിശ്വസ്തനായ എംഎല്‍എ ഉന്നയിക്കുമ്പോഴും കുറ്റകരമായ മൗനമാണ് മുഖ്യമന്ത്രി തുടര്‍ന്നത്. തന്റെ വിശ്വസ്തരെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ രക്ഷപ്പെടുത്തിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെ അടവാണ് ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണമെന്നും സുധാകരന്‍ വ്യക്തമാക്കി.