
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി തട്ടിയത് 55 ലക്ഷം രൂപ; തട്ടിപ്പ് നടത്തിയത് മറ്റൊരാള്‍ സഹകരണ ബാങ്കില്‍ ഈടുവച്ച ഭൂമി സ്വന്തം പേരിലാക്കി വായ്പയെടുത്ത്; ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും പോലീസ് കേസ് നല്‍കാതെ ബാങ്ക് പ്രതിയായ നൈജോ കാച്ചപ്പള്ളിയെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ്
തൃശൂർ: സിപിഎം ഭരിക്കുന്ന പുതുക്കാട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി 55 ലക്ഷം രൂപ തട്ടിയെന്ന് സഹകരണ വകുപ്പിന്‍റെ കണ്ടെത്തല്‍. മറ്റൊരാള്‍ സഹകരണ ബാങ്കില്‍ ഈടുവച്ച ഭൂമി, വ്യവസ്ഥകള്‍ പാലിക്കാതെ സ്വന്തം പേരിലാക്കി വായ്പയെടുത്തായിരുന്നു തട്ടിപ്പ്.
തട്ടിപ്പ് സംബന്ധിച്ച് പോലീസ് കേസ് നല്‍കാതെ ബാങ്ക് പ്രതിയെ സംരക്ഷിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. സിപിഎമ്മിന്‍റെ കൊടകര ലോക്കല്‍ സെക്രട്ടറിയും പുതുക്കാട് ടൗണ്‍ സഹകരണ സംഘം മുന്‍ ഭരണ സമിതി അംഗവുമായ നൈജോ കാച്ചപ്പള്ളിയ്ക്കെതിരെയാണ് സഹകരണ വകുപ്പിന്‍റെ ഗരുതര കണ്ടെത്തല്‍.
കൊടകര വില്ലേജില്‍ ഉള്‍പ്പെടുന്ന 25 സെന്‍റ് സ്ഥലം ഒരാള്‍ പുതുക്കാട് ടൗണ്‍ സഹകരണ ബാങ്കില്‍ ഈടുവച്ച് ലോണെടുത്തിരുന്നു. ലോണ്‍ തീര്‍ക്കാതെ തന്നെ ഈ സ്ഥലം നൈജോ സ്വന്തമാക്കി. സ്വന്തം പണമല്ല അതിന് ചെലവാക്കിയത്. ഇതേ ബാങ്കില്‍ നിന്ന് രണ്ട് ഭരണ സമിതി അംഗങ്ങളുടെ ജാമ്യത്തില്‍ 41 ലക്ഷം വായ്പയെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തുകകൊണ്ട് ബാങ്കിന്‍റെ കടം വീട്ടി സ്ഥലം സ്വന്തമാക്കി. എന്നിട്ട് മുതലും പലിശയുമടച്ചില്ല. പലിശയടക്കം ഇപ്പോള്‍ ബാങ്കിന് കിട്ടാനുള്ളത് 85 ലക്ഷം രൂപയായി ഉയർന്നു. വസ്തുവിന് വിറ്റാല്‍ കിട്ടുന്ന തുക പരമാവധി മുപ്പത് ലക്ഷം മാത്രമേ കിട്ടൂ. ബാങ്കിന് നഷ്ടം 55 ലക്ഷം രൂപയെന്നും കണ്ടെത്തി.
തട്ടിപ്പ് നടന്നെന്ന് സമ്മതിക്കുന്ന സഹകരണ ബാങ്ക് ഭരണ സമിതി സ്ഥലം ജപ്തിക്കുള്ള നടപടി തുടങ്ങിയെന്ന് പറയുന്നു. ക്രമക്കേടില്‍ പോലീസ് കേസ് നല്‍കണമെന്ന സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലും ബാങ്ക് നടപടിയെടുത്തില്ല.