play-sharp-fill
രാജ്യത്തെ നടുക്കിയ ചെയിൻ റേപ്പ്; സെക്സ് ചങ്ങലയിൽപ്പെട്ട് കൂട്ട ലൈം​ഗിക പീഡനത്തിന് ഇരയായത് 250 ഓളം വിദ്യാർത്ഥികൾ; ഇതിൽ ഭൂരിഭാഗം കുട്ടികളും 11നും 20നും ഇടയില്‍ പ്രായമുള്ളവരും; ഇന്ത്യ കണ്ട ഏറ്റവും വലിയ ലൈം​ഗിക പീഡന കേസിന്റെ വിധി വന്നത് 32 വര്‍ഷത്തിനുശേഷം; ആരേയും നടുക്കുന്ന പീഡനക്കേസ് പുറത്തുവന്നത് അർധന​ഗ്നയായ പെൺകുട്ടിയുടെ ഫോട്ടോയിലൂടെ

രാജ്യത്തെ നടുക്കിയ ചെയിൻ റേപ്പ്; സെക്സ് ചങ്ങലയിൽപ്പെട്ട് കൂട്ട ലൈം​ഗിക പീഡനത്തിന് ഇരയായത് 250 ഓളം വിദ്യാർത്ഥികൾ; ഇതിൽ ഭൂരിഭാഗം കുട്ടികളും 11നും 20നും ഇടയില്‍ പ്രായമുള്ളവരും; ഇന്ത്യ കണ്ട ഏറ്റവും വലിയ ലൈം​ഗിക പീഡന കേസിന്റെ വിധി വന്നത് 32 വര്‍ഷത്തിനുശേഷം; ആരേയും നടുക്കുന്ന പീഡനക്കേസ് പുറത്തുവന്നത് അർധന​ഗ്നയായ പെൺകുട്ടിയുടെ ഫോട്ടോയിലൂടെ

കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. കൊൽക്കൊത്ത ആർ ജി കർ ആശുപത്രിയിൽ നടന്ന ഹീനമായ കൃത്യത്തെ തുടർന്ന് ഡോക്ടമാർ രാജ്യവ്യാപകമായി പണി മുടക്കിയതും, പശ്ചിമ ബംഗാൾ ഭരിക്കുന്ന മമതാ ബാനർജിക്കെതിരെ ശക്തമായ പ്രതിഷേധമായി അത് മാറിയതും നാം കണ്ടു.

അതിനിടെയാണ് 92ൽ നടന്ന മറ്റൊരു റേപ്പ് കേസിന്റെ വിധിയുണ്ടാവുന്നത്. അതാണ് കുപ്രസിദ്ധമായ അജ്മീർ റേപ്പ് കേസ്. ഒന്നും രണ്ടുമല്ല 250ഓളം പെൺകുട്ടികളാണ് രാജസ്ഥാനിലെ സൂഫി ദർഗയാൽ പ്രസിദ്ധമായ ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമായി കരുതപ്പെടുന്ന അജ്മീറിൽ ലൈം​ഗിക പീഡനത്തിന് ഇരയായത്. അതിൽ ഭൂരിഭാഗം കുട്ടികളും 11നും 20നും ഇടയിൽ പ്രായമുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളാണ്.


ഇന്ത്യ കണ്ട ഏറ്റവും വലിയ ലൈം​ഗിക പീഡന കേസിന്റെ വിധി വന്നത് 32 വർഷത്തിനുശേഷമാണെന്നതും ഞെട്ടിപ്പിക്കുന്നതാണ്. സർക്കാർ റിപ്പോർട്ടിൽ തന്നെ നൂറോളം കുട്ടികൾ പീഡനത്തിന് ഇരയായി എന്നു പറയുന്നുണ്ട്. 2024 ആഗസ്റ്റ് 20ന് കേസിലെ 18 പ്രതികളിൽ ആറുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച്‌ രാജസ്ഥാനിലെ പോക്സോ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഹീനമായ കുറ്റകൃത്യത്തിൽ പ്രതികളെല്ലാം അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോക്കുക, നൂറിലേറെ പെൺകുട്ടികൾ റേപ്പ് ചെയ്യപ്പെട്ടിട്ടും അതിൽ വിധി വരാൻ 32 വർഷം എടുക്കുന്നു. അന്ന് പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളിൽ പലരും ഇന്ന് മുത്തശ്ശിമാരാണ്. പ്രതികളിൽ പലരും മരിച്ചു. വൈകിക്കിട്ടുന്ന നീതി, നീതി നിഷേധം തന്നെയാണെന്ന ആപ്തവാക്യം ഇവിടെ അന്വർത്ഥമാവുകയാണ്. ഇപ്പോൾ ബിബിസിയുടെ മുബൈ പ്രതിനിധി കേസിലെ ഇരകളെയും, പ്രോസിക്യൂട്ടറെയും, കേസ് പുറംലോകത്തെ അറിയിച്ച പത്രപ്രവർത്തകനെയുമൊക്കെ കണ്ടെത്തി വിശദമായി ഒരു ഫീച്ചർ തയ്യാറാക്കിയിരിക്കയാണ്.

‘വെയിറ്റിങ്ങ് 32 ഇയേഴ്സ് ഫോർ ജസ്റ്റിസ് ഇൻ ആൻ ഇന്ത്യൻ റേപ്പ് കേസ്’- എന്ന് തലക്കെട്ടിട്ട ആ റിപ്പോർട്ട് ഇന്ത്യൻ ഭരണവർഗം നിർബന്ധമായും വായിക്കേണ്ടതാണ്.

അജ്മീറിലെ ചെയിൻ റേപ്പ്

90കളിൽ അങ്ങേയറ്റം കലുഷിതമായ രാഷ്ട്രീയ സാഹചര്യമായിരുന്നു രാജസ്ഥാനടക്കമുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. ബാബരി മസ്ജിദിന്റെ തകർച്ചക്ക്ശേഷം ചെറുതും വലുതുമായ നിരവധി വർഗീയ കലാപങ്ങളിലൂടെ രാജ്യം കടന്നുപോയി. അപ്പോഴൊക്കെ ഒരു പ്രശ്നവുമില്ലാതിരുന്ന പ്രദേശമായിരുന്നു അജ്മീർ. മാത്രമല്ല അജ്മീർ സൂഫി ദർഗ എന്നത് മതസൗഹാർദത്തിന്റെ പ്രതീകമായിരുന്നു. പക്ഷേ ദൗർഭാഗ്യം എന്നു പറയട്ടെ ഈ ദർഗയുടെ നടത്തിപ്പുകാരുടെ ബന്ധുക്കൾ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലൈം​ഗിക പീഡനക്കേസിൽ പ്രതികളായതും.

ഇരകളാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഹിന്ദു പെൺകുട്ടികളുമായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് ഇതിന്റെ പേരിൽ ഒരു വർഗീയ കലാപം ഉണ്ടാവാഞ്ഞത്. അജ്മീർ കേസിന്റെ കോടതി രേഖകൾ വായിച്ചാൽ നടുങ്ങിപ്പോകും. അതുവരെ യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാതിരുന്ന ഒരു കൂട്ടം യുവാക്കൾ ഇങ്ങനെ കൊച്ചു പെൺകുട്ടികളെ പീഡന ചങ്ങലയിൽ വീഴുത്തുക എന്നത് സമാനതകൾ ഇല്ലാത്തതാണ്.

അജ്മീറിലെ സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങളിൽ പെട്ടവരായിരുന്നു പ്രതികൾ. പ്രണയം നടിച്ച്‌ ഒരു പെൺകുട്ടിയെ വശത്താക്കുക, തുടർന്ന് അവളെ ലൈംഗിക ചൂഷണം ചെയ്തശേഷം നഗ്ന ഫോട്ടോകൾ എടുക്കുക. എന്നിട്ട് ഇതിന്റെ പേരിൽ ബ്ലാക്ക് മെയൽ ചെയ്യുക. നീ മറ്റുകുട്ടികളെ ഇവിടെ എത്തിച്ചില്ലെങ്കിൽ ഫോട്ടോ നാടുമുഴുവൻ പ്രചരിപ്പിക്കുമെന്ന് പറയുക. അങ്ങനെ ഗത്യന്തരമില്ലാതെ അവൾ മറ്റൊരു കുട്ടിയെ പറഞ്ഞുവിടും. അവളെയും ചൂഷണം ചെയ്ത് ഇതേ തന്ത്രം ആവർത്തിക്കും.

അങ്ങനെ നെറ്റ് വർക്ക് മാർക്കറ്റിങ്ങുകാരൊക്കെ പ്രയോഗിക്കുന്ന തന്ത്രം പോലെയാണ് ഈ സെക്സ് ചെയിൻ മുന്നേറിയത്.

ഇരകളെ ചൂഷണം ചെയ്യുന്നതിനായി ഇവർക്ക് ഒരു ഫാം ഹൗസ് തന്നെ ഉണ്ടായിരുന്നു. പീഡനത്തിനായി ഒരു സുസുക്കി വാനും പ്രതികൾ സംഘടിപ്പിച്ചു. കേസിന്റെ തുടക്കം 90ലാണ്. ഇവിടുത്തെ ഒരു സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ രാഷ്ട്രീയ മോഹമാണ് പ്രതികൾ മുതലെടുത്തത് എന്നാണ് കോടതി രേഖകളിൽ പറയുന്നത്. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആ കുട്ടി ആഗ്രഹിച്ചിരുന്നു.

കേസിലെ മുഖ്യപ്രതിയായ ഫാറൂഖ് ചിഷ്തിക്ക് നല്ല കോൺഗ്രസ് ബന്ധമുണ്ട്. ഇങ്ങനെയാണ് ഇവർ പരിചയപ്പെടുന്നത്. 2003ലെ സുപ്രീം കോടതി വിധിയിൽ ഇക്കാര്യം പറയുന്നുണ്ട്. അങ്ങനെ സ്നേഹം നടിച്ച്‌ അടുത്തുകൂടിയ ഫാറൂഖ് കുട്ടിയെ ചൂഷണം ചെയ്യുകയും, നഗ്ന ഫോട്ടോകൾ എടുത്തതുമാണ് സെക്സ് റാക്കറ്റിന്റെ തുടക്കം. അത് അങ്ങനെ ചങ്ങലയായി പടർന്നു.

ഫാറൂഖും കുട്ടാളികളും ചേർന്ന് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളായ 250 ഓളംപേരെ പീഡിപ്പിച്ചെന്നാണ് പറയുന്നത്. പക്ഷേ പോലീസ് എഫ്‌ഐആർ ഇട്ടപ്പോൾ ഇത് നൂറായി കുറഞ്ഞു. രാഷ്ട്രീയ ഇടപെടലും, മതപരമായ സ്വാധീനവും, അന്വേഷണത്തിലെ മെല്ലെപ്പോക്കുമെല്ലാം ബാധിച്ച ഒരു വല്ലാത്ത കേസാണിത്.

തുണയായത് അർധനഗ്ന ഫോട്ടോ

ഏത് രഹസ്യവും ഒരിക്കൽ പുറത്താവുമല്ലോ. ഇരകളുടെ എണ്ണം വർധിച്ചതോടെ സംഭവം നാട്ടിൽ പാട്ടായി. പക്ഷേ അതിഭീകരമായ ലൈംഗിക ചൂഷണത്തിന്റെ വിവരങ്ങൾ അറിഞ്ഞിട്ടും ഇതിൽ നിയമ നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ രാജസ്ഥാനിലെ, പ്രാദേശിക ദിനപത്രമായ ദൈനിക് ജ്യോതിയുടെ ലേഖകൻ സന്തോഷ് ഗുപ്തയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. അജ്മീറിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നുറോളം പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതായി അദ്ദേഹം റിപ്പോർട്ട് ചെയ്തു.

ഒരു പെൺകുട്ടിയുടെ ചിത്രം, ഫോട്ടോ ലാബിൽ നിന്നും ചോർന്ന് സന്തോഷ് ഗുപ്തയുടെ കൈയ്യിൽ എത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ ഇരുണ്ട സത്യങ്ങൾ ചുരുൾ നിവരുന്നത്. ‘കുട്ടികൾ ബ്ലാക്ക്മെയിലിങ്ങിന്റെ ഇരകൾ’ എന്ന തലക്കെട്ടോടെയാണ് സന്തോഷ് ഗുപ്ത വാർത്ത പ്രസിദ്ധീകരിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് ഇതിലുള്ള പങ്കും ഗുപ്ത വിശദമായി റിപ്പോർട്ട് ചെയ്തു.

32 വർഷങ്ങൾക്കുശേഷം ബിബിസിയോട് പ്രതികരിക്കുമ്പോൾ, സന്തോഷ് ഗുപ്തക്ക് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. ‘നിങ്ങൾക്ക് ആഗസ്റ്റ് 20 ലെ വിധിയെ നീതി എന്ന് വിളിക്കാമോ? ആ വിധി നീതിയല്ല, ജസ്റ്റിസ് ഡിലൈഡ് എന്നാൽ ജസ്റ്റിസ് ഡിനൈഡ് തന്നെയാണ്’ – പ്രോസിക്യൂഷന് സാക്ഷി കൂടിയായ സന്തോഷ് ഗുപ്ത ബിബിസിയോടെ പഞ്ഞു. ‘ഇത് നിയമവ്യവസ്ഥയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. നമ്മുടെ പുരുഷാധിപത്യ സമൂഹം തകരണം. നമുക്ക് വേണ്ടത് ഒരു ചിന്താപരമായ മാറ്റമാണ്, എന്നാൽ അതിന് എത്ര സമയമെടുക്കും?- അദ്ദേഹം ചോദിക്കുന്നു.

തന്റെ കൈയിൽ കിട്ടിയ ഒരു ഫോട്ടോ പ്രസിദ്ധീകരിക്കാൻ ദൈനിക് ജ്യോതി പത്രം എടുത്ത ധീരമായ തീരുമാനമാണ് സംഭവത്തിൽ വഴിത്തിരിവായതെന്ന്, സന്തോഷ് ഗുപ്ത പറയുന്നു. ‘തെളിവ് കിട്ടിയിട്ടും, ആദ്യം പോലീസിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ കാര്യമായ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ കുറച്ച്‌ റിപ്പോർട്ടുകൾ എഴുതിയെങ്കിലും വലിയ ചർച്ചയൊന്നും ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ് ഞങ്ങൾ പീഡനത്തിന്റെ ഒരു ഫോട്ടോ കൊടുക്കാനുള്ള ധീരമായ ഒരു തീരുമാനമെടുത്തത്.

അരക്കെട്ടിന് മുകളിലേക്ക് നഗ്നയായ ഒരു പെൺകുട്ടി, അവളുടെ മുലകൾ തഴുകുന്ന രണ്ട് പുരുഷന്മാർക്കിടയിൽ ഇരിക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്. പ്രതികളിൽ ഒരാൾ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയുടെ മുഖം ബ്ലർ ചെയ്താണ് കൊടുത്തത്. ഈ ഫോട്ടോ നാടിനെ ഞെട്ടിച്ചു. പൊതുജനം പ്രകോപിതരായി. നഗരം അടച്ചിടേണ്ടിവന്നു, രോഷം ആളിക്കത്തുന്ന തീ പോലെ രാജസ്ഥാനിൽ പടർന്നു’- സന്തോഷ് ഗുപ്ത മൂന്ന് പതിറ്റാണ്ടിനുശേഷം അക്കാര്യങ്ങൾ ഓർത്തെടുക്കുന്നു. ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. നാടെങ്ങും പ്രക്ഷോഭമായി.

സ്ഥിതിഗതികൾ വഷളായതോടെ അന്നത്തെ രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൈറോൺ സിംങ് ഷെഖാവത് പ്രതികളെ വെറുതെ വിടരുതെന്ന് നിർദ്ദേശം നൽകി. സന്തോഷ് ഗുപ്ത നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഒടുവിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടായി. പ്രതികൾക്കെതിരെ ബലാത്സംഗത്തിനും ബ്ലാക്ക് മെയിലിംഗിനും കേസ് രജിസ്റ്റർ ചെയ്യുകയും അത് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) കൈമാറുകയും ചെയ്തു.

വിശദമായ അന്വേഷണത്തിന് ശേഷം പതിനെട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രശസ്തമായ അജ്മീർ ദർഗയിലെ ഖാദിമാരുടെ അടുത്ത ബന്ധുക്കളും, പ്രാദേശിക കോൺഗ്രസ് നേതാക്കളും, പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. അറസ്റ്റിനെ തുടർന്ന് പീഡനത്തിന്റെ കൂടുതൽ വിവരങ്ങൾ വാർത്തകളായി. അതോടെ അജ്മീർ സംഘർഷഭരിതമായി. ബിബിസി ലേഖകൻ പ്രോസിക്യൂഷൻ അഭിഭാഷകനെയും നേരിട്ട് കാണുന്നുണ്ട്. പ്രതികൾ തങ്ങളുടെ ശക്തിയും സ്വാധീനവും ഉപയോഗിച്ച്‌ ഇരകളെ കബളിപ്പിക്കാനും ഭീഷണിപ്പെടുത്താനും വശീകരിക്കാനും ശ്രമിച്ചതായി പ്രോസിക്യൂഷൻ അഭിഭാഷകൻ വീരേന്ദ്ര സിംഗ് റാത്തോഡ് പറയുന്നു.

‘അവർ ഫോട്ടോഗ്രാഫുകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയാണ് ഇരകളെ നിശബ്ദരാക്കാൻ ശ്രമിച്ചത്. ഇതിനായി അവർ ഇടനിലക്കാരെയും ഇറക്കി. പണം കൊടുത്ത് മൊഴിമാറ്റിക്കാനും ശ്രമിച്ചു. പക്ഷേ എതാനും സ്ത്രീകൾ ധൈര്യപൂർവം മൊഴിയിൽ ഉറച്ചുനിന്നു. അതുമൂലമാണ് ഈ ശിക്ഷയെങ്കിലും വാങ്ങിക്കൊടുക്കാനായത്’-റാത്തോഡ് പറയുന്നു.

‘പല സ്ത്രീകളും, തങ്ങളുടെ കേസുമായി ബന്ധപ്പെടുത്താൻ ആഗ്രഹിച്ചില്ല. ഇപ്പോൾ 50വയസ്സ് പ്രായമുള്ള ഇരകൾ, തങ്ങളെ വർഷങ്ങൾക്ക് ശേഷം എന്തിനാണ് കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് ജഡ്ജിയോട് അപേക്ഷിച്ചിരുന്നു. കേസിൽ സാക്ഷികൾ ഇല്ലാതെ പ്രോസിക്യൂഷൻ വിഷമിച്ചു. കോടതിയിലേക്കുള്ള വരവും വിചാരണയും ഇരകളായ സ്ത്രീകളുടെ ജീവിതത്തിൽ പ്രശ്നമായി. ഇപ്പോഴും പ്രതികളിലൊരാൾ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യുകയോ, മറ്റ് പ്രതികൾ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുകയോ ചെയ്താൽ ഇരകളെയും സാക്ഷികളെയും വീണ്ടും മൊഴിയെടുക്കാൻ വിളിക്കും. ‘- റാത്തോഡ് ബിബിസിയോട് റഞ്ഞു.

ഹൈക്കോടതി, ഫാസ്റ്റ് ട്രാക്ക് കോടതി, സുപ്രീം കോടതി, പോക്‌സോ കോടതി അങ്ങനെ വിധി കോടതികൾ കയറിയിറങ്ങിയ കേസായിരുന്നു ഇത്. 1998ൽ സെഷൻ കോടതി എട്ടു പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു. നാലുപേരെ മതിയായ തെളിവില്ലാത്തതിനാൽ വെറുതെവിട്ടു. ഒരാൾ ആത്മഹത്യ ചെയ്തു. 2007ൽ മറ്റൊരാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും, ആറ് വർഷത്തിന് ശേഷം വെറുതെ വിട്ടു. പ്രതികളിലൊരാൾ ഇപ്പോഴും ഒളിവിലാണ്.

2003ൽ പ്രതികളായ മറ്റ് നാല് പേരുടെ ജീവപര്യന്തം തടവ് പത്ത് വർഷമായി കുറച്ചു. അതിനുശേഷം ഇപ്പോഴാണ് പോക്സോ കോടതിയുടെ വിധിയുണ്ടാവുന്നത്. ഇതിനെതിരെയും പ്രതികൾക്ക് അപ്പീൽ പോവാം. ചുരുക്കിപ്പറഞ്ഞാൽ കേസിൽ അന്തിമ വിധി ഇപ്പോഴും ഉണ്ടായിട്ടില്ല.

ഇരകൾക്ക് സംഭവിച്ചത്?

രാഷ്ട്രീയരംഗത്തും സാമൂഹികമേഖലകളിലും ഉന്നതസ്വാധീനമുള്ളവരാണ് പ്രതികളായത്. അതുകൊണ്ടുതന്നെ ഇരകൾക്കുമേൽ അവരുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. അതിക്രമം നേരിട്ടവരുടെ നഗ്നഫോട്ടോകൾ പ്രദേശത്ത് പ്രചരിച്ചതോടെ പലരും നാടുവിട്ടു. വർഗീയ സംഘർഷത്തിനുള്ള സാധ്യതയും പലരും ഭയന്നിരുന്നു. എന്നിരുന്നാലും അതിക്രമത്തിന് വിധേയരായ കൂടുതൽ പേരുടെയം വിവരങ്ങൾ രഹസ്യമായിത്തന്നെ നിലനിന്നു.

അവരിൽ പലരും ഇടത്തരം കുടുംബങ്ങളിൽ നിന്നായിരുന്നു. എന്നാൽ, ഇവർ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന തരത്തിൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്നടക്കം തെറ്റായ പ്രചാരണമുണ്ടായി. പീഡിപ്പിക്കപ്പെട്ടവരിൽ ഏതാനും പേർ മാത്രമാണ്, സർക്കാർ ഉദ്യോഗസ്ഥരുടെ മക്കളായി ഉണ്ടായിരുന്നത്.

പോലീസ് രേഖകളിൽ അതിജീവിതരുടെ അപൂർണമായ പേരും കാലഹരണപ്പെട്ട മേൽവിലാസങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഇതും കേസ് അന്വേഷണത്തെ പലപ്പോഴും പ്രതികൂലമായി ബാധിച്ചു. 30 വർഷത്തോളം ഇവരിൽ പലരും കോടതികൾ കയറിയിറങ്ങി. പോലീസ് അകമ്പടിയോടെയും അല്ലാതെയുമുള്ള ഈ കോടതി സന്ദർശനങ്ങളും അവരെ മാനസികമായി തളർത്തി.

‘ഞാനിപ്പോഴൊരു മുത്തശ്ശിയാണ്. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ. ഞങ്ങൾക്കും കുടുംബമുണ്ട്. ഇനിയും ഞങ്ങളെന്ത് പറയാനാണ്?’- 2021ൽ കോടതിമുറിയിൽ ഒരു അതീജിവിതയുടെ പ്രതികരണമിങ്ങനെയായിരുന്നു. കേസ് നീണ്ടുപോകുന്നതിൽ പോലീസും അസ്വസ്ഥരായിരുന്നു. എത്ര തവണയാണ് ഈ പാവങ്ങളെ ഇങ്ങനെ വിളിച്ചുവരുത്തുക. ഫോൺ വിളിക്കുമ്പോഴേക്കും അവർ ഞങ്ങളെ ചീത്തപറയുകയാണ്. വാതിൽക്കൽ ഓരോ തവണ പോലീസുകാരനെ കാണുമ്പോഴും അവർ ഭയചകിതരാകുന്നു.

ഇക്കാലത്തിനിടയ്ക്ക് ജീവനൊടുക്കിയ ഇരകളുണ്ട്. ആത്മഹത്യാശ്രമം നടത്തിയവരുമുണ്ട്. വിചരണയ്ക്കിടെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ തമ്മിൽ തർക്കമുമുണ്ടായിരുന്നു. നൂറിൽ പരം പെൺകുട്ടികൾ ഇരകളാണെങ്കിലും കുറച്ചു പേർ മാത്രമാണ് മൊഴികളിൽ ഉറച്ചു നിന്നത്. ഇതിൽ ഒരു ഇരയെ ബിബിസി ലേഖകൻ നേരിട്ട് കാണുന്നുണ്ട്. സുഷമ എന്ന ഒരു ഫേക്ക് ഐഡന്റിറ്റിയാണ് ബിബിസി അവർക്ക് കൊടുത്തത്.

‘അന്ന് എനിക്ക് 18 വയസ്സായിരുന്നു. എനിക്ക് അറിയാവുന്ന ഒരാൾ വീഡിയോ ടേപ്പുകൾ കാണാമെന്ന് പറഞ്ഞ് എന്നെ, ഒരു ഉപേക്ഷിക്കപ്പെട്ട വെയർഹൗസിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്‌ ഏഴോളം പുരുഷന്മാർ കെട്ടിയിട്ട് ലൈം​ഗികമായി പീഡിപ്പിക്കുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. അതിനുശേഷം, അവരിൽ ഒരാൾ എനിക്ക് 200 രൂപ ലിപ്സ്റ്റിക്ക് വാങ്ങാൻ തന്നു. ഞാൻ പണം വാങ്ങിയില്ല. എനിക്ക് ഇന്ന് 50 വയസ്സായി, ഒടുവിൽ എനിക്ക് നീതി ലഭിച്ചതായി തോന്നുന്നു. എന്നാൽ എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ കൊണ്ടുവരാൻ അതിന് കഴിയില്ല.’- സുഷമ പറയുന്നു.

ഇതിന്റെ പേരിൽ വർഷങ്ങളോളം സമൂഹത്തിൽ നിന്നുള്ള അപവാദങ്ങളും പരിഹാസങ്ങളും താൻ സഹിച്ചുവെന്നും, ഭർത്താവ് ഭൂതകാലം കണ്ടെത്തിയതോടെ തന്റെ രണ്ട് വിവാഹങ്ങളും വിവാഹമോചനത്തിൽ അവസാനിച്ചുവെന്നും അവർ പറഞ്ഞു. കേസിൽ കോടതിയിൽ മൊഴി കൊടുത്ത 16 ഇരകളിൽ ഒരാളാണ് സുഷമയെന്നും ബിബിസി റിപ്പോർട്ട് എടുത്തുപറയുന്നു.

ആറ് പ്രതികളെ ശിക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മൂന്ന് ഇരകളിൽ ഒരാളായ സുഷമ പറഞ്ഞു – ‘ഞാൻ ഒരിക്കലും എന്റെ കഥ കോടതിയിൽ മാറ്റിപ്പറഞ്ഞില്ല. ഈ ആളുകൾ എന്നോട് ഇത് ചെയ്യുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു. ഇപ്പോൾ മുത്തശ്ശിയായി. എനിക്കിപ്പോൾ നഷ്ടപ്പെടാൻ എന്താണുള്ളത്?’.

പ്രതികളുടെ കോൺഗ്രസ് ബന്ധം വിവാദത്തിൽ

അജ്മീർ കൂട്ടബലാത്സഗം വലിയ രീതിയിൽ രാഷ്ട്രീയ വിവാദവുമായിരുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നുള്ള ആരോപണങ്ങളൊക്കെ ഉയർന്നു. പ്രതികളിലുൾപ്പെട്ട ഫറൂഖും നഫീസും അജ്മീർ ഷരീഫ് ദർഗ നടത്തിപ്പുമായി ബന്ധമുള്ള ഖാദി കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഇവർക്ക് കോൺഗ്രസിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

മുഖ്യപ്രതി ഫാറൂഖ് ചിഷ്തി അജ്മീർ യൂത്ത് കോൺഗ്രസ് പ്രസിഡന്റും, മറ്റ് പ്രതികളായ നഫീസ് ചിഷ്തിയും അൻവർ ചിഷ്തിയും യഥാക്രമം അജ്മീർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എന്നാൽ, തങ്ങൾ ഒരുകാലത്തും പ്രതികളെ സഹായിച്ചിട്ടില്ലെന്നും, ഇരകൾക്ക് ഒപ്പമാണെന്നും, തങ്ങളുടെ സർക്കാറാണ് പ്രതികളെ പിടികൂടിയത് എന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

2023ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം അജ്മീർ 92 ഈ ബലാത്സംഗ കേസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ആ സമയത്ത്, പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മൂൻ മന്ത്രി രാജേന്ദ്ര സിംഗ് ഗുഡ, അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നത് വാർത്തായായിരുന്നു.

‘അജ്മീർ 92 സിനിമയുടെ വില്ലൻ സംസ്ഥാന മന്ത്രിസഭയിൽ ഉണ്ട്. ഏറ്റവും വലിയ റേപ്പിസ്റ്റ് മന്ത്രിസഭയിലാണ്. ഈ ആരോപണം തെറ്റാണെന്ന് തെളിയിച്ചാൽ ഞാൻ രാഷ്ട്രീയം വിടും’- ഗുഡയുടെ ഈ പ്രസ്താവന വൻ വിവാദം സൃഷ്ടിച്ചിരുന്നു. അജ്മീറിൽ നടത്ത് ഹിന്ദുപീഡനം ആണെന്ന് ആരോപിച്ച്‌ ബിജെപിയും വിഎച്ച്‌പിയും രംഗത്ത് എത്തിയിരുന്നു. മുസ്ലീം വോട്ടുകൾക്ക് വേണ്ടി കോൺഗ്രസ് സർക്കാറുകൾ, കേസിൽ വെള്ളം ചേർത്തുവെന്നും അവർ ആരോപിക്കുന്നുണ്ട്.

ഇപ്പോൾ പോക്സോ കോടതിയുടെ വിധി വന്നതിന്റെ പശ്ചാത്തലത്തിൽ, പ്രതികളെ തൂക്കിലേറ്റണം എന്ന ആവശ്യവുമായി വിഎച്ച്‌പി നേതാവ് ഡോ. സുരേന്ദ്ര ജെയിൻ രംഗത്തെത്തിയിട്ടുണ്ട്. ഇതോടൊപ്പം അജ്മീർ ദർഗ ഷെരീഫിന്റെ ഇരുണ്ട ചരിത്രവും ജനങ്ങൾക്കുമുന്നിൽ തുറന്നു കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുരേന്ദ്ര ജെയിൻ പറയുന്നത്.

അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെ-‘തന്റെ യജമാനനായ മൊയ്‌നുദ്ദീൻ ചിഷ്തിയുടെ കീഴിൽ ശരീഅത്ത് നിയമങ്ങൾ പിന്തുടർന്ന്, അയാളുടെ ഖാദി ആയി സൽമാൻ ചിഷ്തി ഈ ദർഗയിൽ ആണ് സേവനമനുഷ്ഠിച്ചിരുന്നത്. ഇയാൾ ഹിന്ദുക്കൾക്ക് നേരെ നിരവധി അതിക്രമങ്ങൾ നടത്തുകയും, നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്തു എന്ന കാര്യവും ഇവിടെ പരാമർശിക്കേണ്ടതുണ്ട്.

ഈ ബലാത്സംഗകേസിലെ പ്രതികളായ പകുതിയിലേറെപ്പേർ സ്ഥലത്തെ കോൺഗ്രസ് പാർട്ടിയുടെ ഭാരവാഹികളായിരുന്നു എന്നതും വസ്തുതയാണ്. ഹിന്ദുവിനെ എങ്ങനെയും നശിപ്പിക്കാനായി ജിഹാദികളും കോൺഗ്രസ്സും തമ്മിൽ തോളോട് തോൾ ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്. അജ്മീർ ദർഗ ഷെരീഫ് സന്ദർശനത്തിന് നൽകുന്ന പണം ഹിന്ദുക്കൾക്കെതിരെ അനധികൃത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. അജ്മീർ ബലാത്സംഗക്കേസ് ഇതിന് വ്യക്തമായ ഉദാഹരണമാണ്.

അതിനാൽ ദർഗ ഷെരീഫ് സന്ദർശിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് കാലാകാലങ്ങളായി ഹിന്ദുക്കളോട് ആവശ്യപെട്ടിട്ടുണ്ട്. ഹിന്ദുക്കളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കണം എന്ന് അവിടെ നിന്നുള്ള ഒരു ചിഷ്തി ആഹ്വാനം ചെയ്തിരുന്നു എന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. ഖാദി കുടുംബം നേരത്തെയും പലവിധ വിവാദങ്ങളിൽ പെട്ടിരുന്നു എന്നത് രഹസ്യമായകാര്യമല്ല. അജ്മീർ ദർഗ ഭരണം നടത്തുന്ന അഞ്ജുമാൻ കമ്മിറ്റിയിലെ സർവാർ ചിഷ്തി പ്രകോപനപരമായ പ്രസ്താവനകൾ നടത്തി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യം മുഴുവൻ ‘ഇളക്കിമറിക്കും’എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതും ഗൗരവമായി കാണേണ്ടതാണ്.

റിപ്പോർട്ടുകൾ പ്രകാരം സർവാർ ചിഷ്തി നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തകനാണെന്നു സ്വയം പറഞ്ഞിട്ടുണ്ട്. കൂടാതെ അജ്മീർ ദർഗയിൽ നിന്ന് ഹിന്ദുക്കളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനും ഇയാൾ ആഹ്വാനം ചെയ്തിട്ടുണ്ട്’- ഇങ്ങനെ അതിഗുരുതരമായ ആരോപങ്ങളാണ് അജ്മീർ ദർഗക്കെതിരെ വിഎച്ച്‌പി ഉന്നയിക്കുന്നത്.

എന്നാൽ, ഇതെല്ലാം വെറും വ്യാജ വാർത്തകൾ മാത്രമാണെന്നും, സൂഫി പാരമ്പര്യം പിന്തുടരുന്ന തങ്ങൾ അക്രമരാഹിത്യത്തിലാണ് വിശ്വസിക്കുന്നതുമെന്നും, എല്ലാ മതവിശ്വാസികൾക്കും വരാവുന്ന സ്ഥലമാണ് ഇവിടമെന്നുമാണ് അജീമീർ ദർഗ അധികൃതർ പറയുന്നത്. പ്രതികളെ ഒറ്റപ്പെടുത്തുകയും, പിടികൂടാനായി പോലീസിനൊപ്പം നിന്നവരുമാണ് തങ്ങൾ എന്നാണ് ദർഗാ നേതൃത്വം പറയുന്നത്. അജ്മീർ റേപ്പ് കേസ് വീണ്ടും വിവാദമായതോടെ, അത് സാമുദായിക സ്പർധയിലേക്ക് പോകുമോ എന്ന ആശങ്ക പൊതുവെ നിലനിൽക്കുന്നുണ്ട്.

അജ്മീർ ദർഗ മുമ്പ് ക്ഷേത്രമായിരുന്നുവെന്നും, അത് തങ്ങൾക്ക് തിരിച്ചുകിട്ടണമെന്നുമുള്ള മഹാറാണ പ്രതാപ് സേനയെന്ന ഹിന്ദുത്വ സംഘടനയുടെ അവകാശ വാദവും ഇതോടൊപ്പം ചേർത്ത് വായിക്കണം. അയോധ്യയിലും, ഗ്യാൻവാപിയിലും നടത്തിയത് പോലെ അജ്മീർ ദർഗയിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർവേ നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.