play-sharp-fill
തുലാഭാരത്തിനിടെ പരിക്കേറ്റ തരൂർ ആശുപത്രിയിൽ തന്നെ: തലയ്ക്കേറ്റ പരിക്ക് നിസാരം: കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ തരൂരിനെ സന്ദർശിച്ചു

തുലാഭാരത്തിനിടെ പരിക്കേറ്റ തരൂർ ആശുപത്രിയിൽ തന്നെ: തലയ്ക്കേറ്റ പരിക്ക് നിസാരം: കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ തരൂരിനെ സന്ദർശിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആശുപത്രിയിൽ തന്നെ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശശി തരൂരിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തരൂരിനെ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിർമ്മല സീതാരാമൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി സന്ദർശിച്ചു. തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് നിർമ്മല സീതാരാമൻ തരൂരിനെ ആശുപത്രിയിൽ സന്ദർശിച്ചത്. ഇതു സംബന്ധിച്ച് തരൂർ തന്നെയാണ് ട്വീറ്റിലൂടെ വ്യക്തമാക്കിയതും. രാഷ്ട്രീയത്തിൽ അപൂർവമായി മാത്രം കാണുന്ന മര്യാദ ആണെന്ന് പ്രഖ്യാപിച്ച തരൂർ , തന്നെ സന്ദർശിച്ച നിർമ്മല സീതാരാമന് നന്ദിയും അർപ്പിച്ചു. നിർമ്മല സീതാരാമൻ ആശുപത്രിയിൽ എത്തിയതിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇതു കുടാതെ തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി.ദിവാകരൻ ശശി തരൂരിനെ ഫോണിൽ വിളിച്ച് അരോഗ്യ സ്ഥിതി തിരക്കിയിട്ടുണ്ട്.
വിഷു ദിനത്തിലാണ് തരൂരിന് അപകടമുണ്ടായത്. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ ദീപാരാധനയ്ക്ക് ശേഷം തരൂർ തുലാഭാരത്തിന് ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് ത്രാസ് പൊട്ടി തലയിൽ വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ തരുരിനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയിൽ ആറ് തുന്നലുള്ള തരൂരിനെ ന്യൂറോ സർജറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെ മാത്രമേ ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ.