
കൊച്ചി: സംവിധായകന്‍ വി കെ പ്രകാശിനെതിരെ ലൈംഗികാരോപണവുമായി യുവ കഥാകൃത്ത്. ആദ്യ സിനിമയുടെ കഥ പറയാനായി കൊല്ലത്തെ ഹോട്ടല്‍ മുറിയില്‍ ചെന്നപ്പോഴാണ് മോശമായി പെരുമാറിയതെന്ന് യുവ കഥാകൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ യുവതി ഡിജിപിക്ക് പരാതി നല്‍കി.
‘രണ്ട് വര്‍ഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വി കെ പ്രകാശ് എന്ന സംവിധായകനെ ഫോണില്‍ വിളിച്ചത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും പറഞ്ഞു. സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്. അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ കൊല്ലത്തെത്തി.
കൊല്ലത്ത് ഒരു ഹോട്ടലില്‍ അദ്ദേഹം രണ്ട് മുറികള്‍ ബുക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുറിയിലെത്തി കഥ പറയുന്നതിനിടെ കുറച്ചുകഴിഞ്ഞപ്പോള്‍ അത് നിര്‍ത്തിവെക്കാന്‍ പറയുകയും മദ്യം ഓഫര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമില്ലേയെന്ന് ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിനയത്തോട് താല്‍പര്യമില്ലെന്നും എന്റെ കഥ സിനിമയാക്കാനാണ് താല്‍പര്യമെന്നും പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് പറ്റുമെന്ന് പറഞ്ഞിട്ട് അതിന് നിര്‍ബന്ധിച്ചു. താന്‍ ഒരു സീന്‍ പറയാം അത് അതുപോലെ അഭിനയിച്ച് കാണിക്കാന്‍ പറ്റുമെന്നു പറഞ്ഞ്, ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്നു. എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് കാണിച്ചുതരാമെന്ന് പറഞ്ഞ് ദേഹത്ത് സ്പര്‍ശിക്കാനും ചുംബിക്കാനും കിടക്കയിലേക്ക് കിടത്താനും ശ്രമിച്ചു.
കഥ കേള്‍ക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോള്‍ തന്നെ എനിക്ക് മനസിലായി. സര്‍ മുറിയിലേക്ക് പൊയ്‌ക്കോളൂ, ഞാന്‍ വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു,’ യുവതി വെളിപ്പെടുത്തി.
സംവിധായകന്‍ മുറിയില്‍ നിന്ന് പോയതോടെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് താന്‍ അവിടെ നിന്ന് ഇറങ്ങി എറണാകുളത്തേക്ക് മടങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉണര്‍ന്നുനോക്കുമ്പോള്‍ ഫോണില്‍ അദ്ദേഹത്തിന്റെ നിരവധി മിസ്ഡ് കോളുകള്‍ കണ്ടു.
തിരിച്ചുവിളിച്ചപ്പോള്‍ ക്ഷമിക്കണമെന്ന് പറയുകയും ചെയ്തു. എന്ത് പണിയാണ് കാണിച്ചത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ എന്താകും അവസ്ഥ. മകളെല്ലാം സിനിമാരംഗത്ത് സജീവമാണെന്ന് പറഞ്ഞ അദ്ദേഹം എന്തായാലും അവിടെ നിന്ന് ഇവിടെ വരെ വന്നതല്ലേയെന്ന് പറഞ്ഞ് പതിനായിരം രൂപ അയച്ചുതന്നതായും അവര്‍ പറഞ്ഞു.
‘ഇല്ല സര്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ഞാനത് ക്ലോസ് ചെയ്തു. അതിന് ശേഷം ഒരു ബന്ധവും ഉണ്ടായില്ല. എന്നാല്‍, ഇപ്പോള്‍ ഇത് പറയുന്നത് പിണറായി വിജയന്‍ സഖാവ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞത് കൊണ്ടാണ്. സിനിമാ മേഖലയില്‍ ഇനി വരുന്ന ആര്‍ക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്,’ അവര്‍ പറഞ്ഞു.
നിലവില്‍ സിനിമയുമായി ബന്ധമില്ലെന്നും ഇപ്പോള്‍ ഒരുപാട് പേര്‍ മുന്നോട്ട് വരികയും സര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്തതിനാലാണ് തുറന്ന് പറയാന്‍ ധൈര്യം ലഭിച്ചെന്നും യുവതി കൂട്ടിച്ചേര്‍ത്തു.