
തിരുവാർപ്പ് : വീണ്ടുമൊരു ആമ്പൽ വസന്തവുമായ് മലരിക്കൽ ഉണർന്നു. മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി 2018 ജനു: 1നാണ് മലരിക്കൽ ജല ടൂറിസം കേന്ദ്രം ആരംഭിക്കുന്നത്.
ഗ്രാമീണ ടൂറിസം, അസ്തമയ കാഴ്ച്ച തുടങ്ങി പരിമിത ലക്ഷ്യങ്ങൾ മാത്രമുണ്ടായിരുന്ന പദ്ധതിയെ വൻ മുന്നേറ്റത്തിലെത്തിച്ചത് ജല ടൂറിസമാണ്. 1800 ഏക്കർ വിസ്തൃതിയിലുള്ള ജെ. ബ്ലോക്ക് പാടശേഖരത്തിൽ കൃഷി കഴിഞ്ഞപ്പോൾ വള്ളങ്ങൾ ഇറക്കി സഞ്ചാരികളെ ആകർഷിച്ചു. കൃഷി കഴിഞ്ഞ പാടത്ത് ആഗസ്റ്റ് മാസമാകുമ്പോൾ ആമ്പൽ വളർന്നു വെള്ളത്തിനു മീതെ ഉയരും.
അതിനിടയിലേക്ക് വള്ളങ്ങൾ കടന്നു ചെല്ലുകയും സഞ്ചാരികൾ ആമ്പലുകൾ ചെന്ന് കാണുകയും ചെയ്യാം. ജല ടൂറിസത്തിൻ്റെ ഭാഗമായിട്ടാണ് സഞ്ചാരികൾക്ക് ഈ അവസരം ഒരുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെ. ബ്ലോക്ക്, തിരുവായ്ക്കരി എന്നിങ്ങനെ രണ്ട് പാടങ്ങൾ, അതിലെ കർഷർക്ക് ആമ്പലുകൾ കൃഷിക്ക് തടസ്സമായ കളയാണ് കൃഷി നടക്കണമെങ്കിൽ അത് പറിച്ചു കളയണം. ഒക്ടോബർ മധ്യത്തോടെ കൃഷിക്കായി വെള്ളം വറ്റിക്കും. അതു വരെ രാവിലെ 9 മണി വരെ ആമ്പൽ പൂക്കളുടെ നിറഞ്ഞ സൗന്ദര്യം ഇവിടെയെത്തിയാൽ കാണാൻ സാധിക്കും.
ഇത്തവണത്തെ ആമ്പൽ വസന്തം ഉദ്ഘാടനം ആമ്പൽ വസന്തത്തിൻ്റെ ഉദ്ഘാടനം ഓഗസ്റ്റ് 28 ബുധനാഴ്ചയാണ്. രാവിലെ 8 ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വിസാമുവൽ ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയിൽ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ അദ്ധ്യക്ഷനാകും.
മലരിക്കൽ ടൂറിസം സൊസൈറ്റി ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും വന്നു കാണാൻ പറ്റുന്ന തരത്തിൽ 120 ൽ പരം വള്ളങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
അവർക്ക് പ്രതിഫലം നൽകിയാൽ ആമ്പൽപ്പാടങ്ങൾക്ക് നടുവിലൂടെ വള്ളത്തിലൂടെ യാത്ര ചെയ്യാം, പാടം സ്വകാര്യ വ്യക്തികളുടേതായതിനാൽ അതിൽ ഇറങ്ങി വരമ്പുകൾ ഇല്ലാതാക്കരുത്, പൂക്കൾ പറിച്ച് വിൽക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്, അവർക്ക് ചെറിയ വില കൊടുത്താൽ ആമ്പൽ പാടം കാണാനെത്തുന്നവർക്ക് പൂക്കളും വാങ്ങാം, ഗ്രാമീണ ജനതക്ക് വരുമാനം ലഭിക്കുക, എന്ന ലക്ഷ്യത്തോടെയാണ് ഹരിത ടൂറിസം പദ്ധതി ഇവിടെ ഒരുക്കിയിട്ടുള്ളത്,
ഭക്ഷണ പായ്ക്കറ്റുകൾ, പ്ലാസ്റ്റിക്ക് എന്നിവ വലിച്ചെറിയരുത്. അതു കൊണ്ടു വരുന്നവർ തിരികെ കൊണ്ടുപോയി സഹായിക്കണം. ബാത്ത് റൂം സൗകര്യം വീടുകളിലുണ്ട്. പണം നൽകി ഉപയോഗിക്കാൻ സ്ഥലങ്ങൾ ഉണ്ട്. പാർക്കിംഗ് സൗകര്യം ഉണ്ട്. മലരിക്കൽ ജംഗ്ഷനിൽ നല്ല നിലവാരമുള്ള ബാത്ത് റും ഉള്ള ഒരു ഭക്ഷണശാലയുണ്ട്.
ഈ വർഷം ആമ്പലുകൾ കൂടുതലുള്ളത് തെക്കുഭാഗത്തെ തിരുവായ്കരിയാണ്. ആദ്യത്തെ പാടം കടന്നു രണ്ടാമത്തെ പാടത്തിൽ പോയാൽ അതു കാണാം.
അടുത്ത വർഷം വരണം. അതിനായി അച്ചടക്കമുള്ള ടൂറിസമാകണം. ഒരു ചെറിയ ഗ്രാമത്തിലെ നല്ലവരായ മനുഷ്യർ ജീവിക്കുന്ന ഇടമാണ് അവരെ മാനിക്കണം. സന്ദർശനം അവർക്ക് സന്തോഷകരം ആണെന്നും, കാഴ്ച കാണാൻ വരുന്നവർ സ്വയം വാളണ്ടിയർമാരാവുക എന്നും പ്രദേശത്തെ ജനകീയ കൂട്ടായ്മയുടെ ഭാരവാഹികൾ പറയുന്നു.