കൊട്ടിഘോഷിച്ച് നിരത്തിലറക്കിയ നവകേരള ബസ് മ്യൂസിയത്തിലില്ല, പകരം വർക്ക്ഷോപ്പിൽ കട്ടപ്പുറത്ത്; ബസ് നിരത്തിൽനിന്നു പിൻവിലിക്കാനാണ് കട്ടപ്പുറത്ത് കയറ്റിയതെന്നും ആരോപണം
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രക്ക് ഉപയോഗിച്ച്, വിവാദങ്ങൾക്കിടയാക്കിയ നവകേരള ബസ് കോഴിക്കോട് കെഎസ്ആർടിസി റീജനൽ വർക്ക്ഷോപ്പിൽ കട്ടപ്പുറത്ത് പൊടിപിടിച്ച് കിടക്കുന്നു. നവകേരള യാത്രക്ക് ശേഷം കോഴിക്കോട് -ബംഗ്ളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സർവിസ് നടത്തിയ ബസാണ് അറ്റകുറ്റപ്പണിക്കെന്ന പേരിൽ കട്ടപ്പുറത്ത് കയറ്റി ആരും തിരഞ്ഞുനോക്കാതെ കിടക്കുന്നത്.
സർവിസ് നിർത്തി ജൂലൈ 21നാണ് എ.സി ബസ് റീജനൽ വർക്ക് ഷോപ്പിലേക്ക് മാറ്റിയത്. കോഴിക്കോട് നിന്നാണ് നവകേരള ബസ് സർവീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെല്ലാം എടുക്കുന്നത് തിരുവനന്തപുരം കെഎസ്ആർടിസി ആസ്ഥാനത്ത് നിന്നാണ്.
കോടികൾ ചെലവഴിച്ച് വാങ്ങിയ ബസിലെ പ്രധാന സവിശേഷതയായി ഉയർത്തിക്കാട്ടിയ ബാത്ത് റൂം ഒഴിവാക്കി ആ ഭാഗത്ത് കൂടി സീറ്റ് ക്രമീകരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായാണ് ബസ് വർക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നതെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു ഉത്തരവും കെഎസ്ആർടിസി ആസ്ഥാനത്തുനിന്ന് ഉണ്ടായില്ല. ഇതിനാൽ വർക്ക് ഷോപ്പിന്റെ മൂലയിൽ പൊടിപിടിച്ച് കിടക്കുകയാണ് ബസ്. കോടികൾ മുടക്കി വാങ്ങിയ ബസ് നവകേരള യാത്ര കഴിഞ്ഞ് മറ്റ് സർവിസുകൾക്കൊന്നും ഉപയോഗിച്ചിരുന്നില്ല. ബസ് മ്യൂസിയത്തിലേക്ക് മാറ്റുമെന്ന വിമർശനം ശക്തമായതോടെ മേയ് അഞ്ചു മുതൽ കോഴിക്കോട് -ബംഗളൂരു റൂട്ടിൽ ഓടിക്കുകയായിരുന്നു.
ഇതിനിടെ ബാത്ത് റൂം ടാങ്കിന് ചോർച്ച, യാത്രക്കാർ ഇല്ലാത്തതും മൂലം നിരവധി തവണ സർവിസ് മുടങ്ങി. വിവാദത്തിൽ ഇടം നേടിയ ബസ് എന്ന നിലയിൽ ആദ്യ ദിനങ്ങളിൽ ടിക്കറ്റ് ബുക്കിങ്ങിന് വൻ തിരക്ക് അനുഭവപ്പെട്ടു. പിന്നീട് വാരാന്ത്യങ്ങളിലും ആരംഭത്തിലും മാത്രമാണ് ബസിൽ മുഴുവൻ സീറ്റുകളിലും ആളുകളുമായി യാത്ര ചെയ്തിരുന്നത്.
പുലർച്ച നാലിന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന ബസിന്റെ സമയക്രമം അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. പല ദിവസങ്ങളിലം കോഴിക്കോടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി യാത്ര പുറപ്പെട്ട ബസ്, ഒറ്റ യാത്രക്കാരുമില്ലാതെ നിർത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇത് വാർത്തയായതോടെ യാത്രക്കാരില്ലെങ്കിലും ബസ് ഓടണമെന്ന് തിരുവനന്തപുരത്തുനിന്ന് ഇ.ഡി ഓപറേഷൻ കർശന നിർദേശം നൽകിയിരുന്നു.
അതിനിടെയാണ് അറ്റകുറ്റപ്പണിക്കെന്ന പേരിൽ വർക്ക്ഷോപ്പിലേക്ക് മാറ്റിയത്. എന്ന് പണി തുടങ്ങുമെന്നോ തിരികെ റോഡിൽ ഇറക്കുമോയെന്നോ സംബന്ധിച്ച് കെഎസ്ആർടിസി ഡിപ്പോ അധികൃതർക്കോ വർക്ക് ഷോപ്പ് അധികൃതർക്കോ മറുപടിയില്ല. ബസ് നിരത്തിൽനിന്നു പിൻവിലിക്കാനാണ് കട്ടപ്പുറത്ത് കയറ്റിയിരിക്കുന്നതെന്നും ആരോപണമുണ്ട്.