ഡോക്ടറെ ആക്രമിച്ച തെരുവ് നായകളിൽ ഒന്ന് കൂട്ടിൽനിന്നും ചാടിപ്പോയി; കാണാതായത് പേ വിഷബാധയുണ്ടോയെന്നറിയാൻ നിരീക്ഷണത്തിൽ പാർപ്പിച്ച നായ
തൃശൂർ: മാളയിൽ ഡോക്ടറെ ആക്രമിച്ച തെരുവ് നായയെ നിരീക്ഷണത്തിലിരിക്കവേ കാണാതായി. പേ വിഷബാധയുണ്ടോയെന്നറിയാൻ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന നായയാണ് കൂട്ടിൽ നിന്ന് പുറത്തുചാടിയത്. ഡോക്ടറെ ആക്രമിച്ച നായ്‌ക്കളെ മാള പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാള വെറ്ററിനറി ആശുപത്രിയിലെ കൂടുകളിലേക്ക് മാറ്റിയിരുന്നു. മൂന്ന് നായ്‌ക്കളിൽ ഒന്നിനെയാണ് മൂന്നാം ദിനം കാണാതായത്.
നായ എങ്ങനെയാണ് പുറത്തുപോയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ മാള ഗ്രാമപഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 12-ാം തീയതിയാണ് നടന്നുപോയ വനിതാ ദന്ത ഡോക്ടറെ തെരുവ് നായ്‌ക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്. അഷ്ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
നായ കൂട്ടം വരുന്നത് കണ്ട് ഭയന്ന ഡോക്ടർ പിറകിലോട്ട് വീഴുകയായിരുന്നു. വീണ് കിടന്ന ഡോക്ടറെ നായ്‌ക്കൾ ആക്രമിച്ചു. കാലുകളിലും കൈകളിലും കടിയേറ്റിട്ടുണ്ട്. കൈക്ക് ഒടിവും സംഭവിച്ചിരുന്നു. സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരാണ് ഡോക്ടറെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group