വയനാട് ഉരുൾപ്പൊട്ടൽ: ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലെ സംഘം രണ്ട് റിപ്പോർട്ട് സമർപ്പിച്ചു, പുനരധിവാസത്തിന് കണ്ടെത്തിയ 24 സ്ഥലങ്ങളിൽ 12 ഇടങ്ങളിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി, അഞ്ച് സ്ഥലങ്ങൾ ടൗൺഷിപ്പ് നിർമിക്കാൻ ശുപാർശ ചെയ്തു
കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ സംബന്ധിച്ച് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലെ സംഘം രണ്ട് റിപ്പോർട്ട് സമർപ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാദ്ധ്യത നിലനിൽക്കുന്ന സ്ഥലങ്ങളും സംബന്ധിച്ചാണ് റിപ്പോർട്ട്.
ഇത് ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി. ജോൺ മത്തായി നൽകിയ റിപ്പോർട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പുഞ്ചിരിമട്ടം, മുണ്ടക്കെെ, ചൂരൽമല മേഖലകളിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് വിദഗ്ദ്ധ സംഘം റിപ്പോർട്ട് നൽകിയത്.
പുനരധിവാസത്തിന് 24 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നതിൽ 12 ഇടങ്ങളിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. ഇതിൽ അഞ്ച് സ്ഥലങ്ങൾ ടൗൺഷിപ്പ് നിർമിക്കാനായി ശുപാർശ ചെയ്തിട്ടുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കെെ, പടവെട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അപകടമേഖലകളാണ് രണ്ടാമത്തെ റിപ്പോർട്ടിൽ ഉള്ളത്. പുഴയിൽ നിന്നുള്ള ദൂരം, ഭൂമിയുടെ ചരിവ്, നീർച്ചാൽ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിലെ അപകടമേഖലകൾ കണ്ടെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ ചിലയിടങ്ങളിൽ പുഴയിൽ നിന്ന് 350 മീറ്റർ വരെ അപകടമേഖലയായി തരംതിരിച്ചിട്ടുണ്ട്. അമ്പത് മീറ്റർ ഉണ്ടായിരുന്ന പുഴ ഇരുൾപൊട്ടലോടെ നൂറോ നൂറ്റമ്പതോ മീറ്ററായി പരിണമിച്ചിട്ടുണ്ട്. പുഴയുടെ പുതിയ വക്ക് കണ്ടെത്തി തിരിച്ചറിഞ്ഞ സംഘം അവിടെ നിന്നാണ് അപകടമേഖല കണക്കാക്കിയിരിക്കുന്നത്.
എങ്ങനെ ഉരുൾപൊട്ടൽ ഉണ്ടായെന്നുള്ള റിപ്പോർട്ട് സംഘം ഇനിയും നൽകിയിട്ടില്ല. ഇത് പ്രഭവകേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമേ തയ്യാറാക്കൂ. ഇനി റിപ്പോർട്ട് ഉന്നതാധികാര സമിതി പഠിക്കും. അവർ ഉരുൾപൊട്ടൽ മേഖലയിൽ സന്ദർശനം നടത്തി ഈ റിപ്പോർട്ട് കൂടി പരിഗണിച്ച് സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകും.