
വയനാട് ദുരന്തത്തിൽ ജീവൻ മാത്രം ബാക്കിയായവരോട് ബാങ്കിന്റെ ക്രൂരത: ദുരിതാശ്വാസ തുക അക്കൗണ്ടിൽ വന്നതോടെ ഇഎംഐ ഈടാക്കി ബാങ്ക്
വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരില്‍ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സർക്കാരിൻ്റെയും ഉറപ്പ് പാലിച്ചില്ല. ചൂരല്‍മലയിലെ കേരള ഗ്രാമീൺ ബാങ്കില്‍ നിന്ന് വായ്പ എടുത്തവരില്‍ നിന്ന് ഇഎംഐ പിടിച്ചു. സർക്കാരില്‍ നിന്നുളള അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെയാണ് അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി നീക്കിവച്ചിരുന്ന തുക ഒറ്റയടിക്ക് പിടിച്ചിരിക്കുന്നത്.
മുണ്ടക്കൈ ചൂരല്‍മല പുഞ്ചിരി മട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികള്‍ വായ്പയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗ്രാമീൺ ബാങ്കിനെയാണ്. ഉരുള്‍പ്പൊട്ടലിന്റെ ഇരയായ ഈ പാവപ്പെട്ടവരുടെ പണമാണ് സർക്കാർ സഹായം വന്ന ഉടനെ പിടിച്ചത്.
വീടുപണിക്ക് വേണ്ടി ചൂരല്‍മലയിലെ ഗ്രാമീണ ബാങ്കില്‍ നിന്ന് 50,000 രൂപ വായ്പ എടുത്തതാണ് പുഞ്ചിരി മട്ടം സ്വദേശി മിനിമോള്‍. ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്ത് നിന്നും തല്കാലത്തേക്ക് വായ്പ തിരിച്ചടവ് പിടിക്കില്ലെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അക്കൗണ്ടില്‍ നിന്ന് ഒറ്റയടിയ്ക്ക് പണം ബാങ്ക് ഈടാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുക്കളെ വാങ്ങാനാണ് ഉരുള്‍പ്പൊട്ടല്‍ ബാധിതനായ രാജേഷ് കേരള ഗ്രാമീൺ ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. വീടും പശുക്കളും എല്ലാം മലവെളളപ്പാച്ചിലില്‍ ഒലിച്ചു പോയി. അക്കൌണ്ടിലേക്ക് സർക്കാരില്‍ നിന്നുളള അടിയന്തിര ധനസഹായം എത്തിയതിന് പിന്നാലെ തിരിച്ചടക്കാനുള്ള തുക ബാങ്ക് കൃത്യമായി പിടിച്ചു.
ബാങ്കുകള്‍ വായ്പ എഴുതി തള്ളിയില്ലെങ്കിലും തിരിച്ചടവിന് കുറച്ച് സാവകാശമെങ്കിലും തരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. എന്നാല്‍ എസ് എല്‍ ബി സിയുടെ വിശദ റിപ്പോർട്ട് കിട്ടിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നാണ് ഗ്രാമീൺ ബാങ്കിൻ്റെ വിശദീകരണം.