play-sharp-fill
119 പേർ കാണാമറയത്ത് ; വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി

119 പേർ കാണാമറയത്ത് ; വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി

 

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഇപ്പോഴത്തെ കണക്ക് അനുസരിച്ച്‌ 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.

അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവില്‍ ക്യാമ്പുകള്‍ ആയി പ്രവർത്തിക്കുന്ന സ്കൂളുകളില്‍ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ല്‍ ഏറെ കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ ഉണ്ട്.

വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികള്‍ അടങ്ങിയ പ്രത്യേക കിറ്റും നല്‍കുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതിനിടെ, ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു. കൂടുതല്‍ ഡിഎൻഎ സാമ്പിളുകളുടെ ഫലവും കിട്ടിത്തുടങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീ ബില്‍ഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച്‌ സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കിയിരുന്നു. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തില്‍ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും.

പരമാവധി മൂന്ന് ഗഡുക്കളായി തുക നല്‍കണമെന്നും സമ്മതപത്രം നല്‍കുന്ന ജീവനക്കാരില്‍ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതല്‍ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാലറി ചലഞ്ച് സംബന്ധിച്ച്‌ സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.

പത്ത് ദിവസത്തെ ശമ്പളം നല്‍കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികള്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന ധാരണയിലെത്തിച്ചു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്‍കാൻ അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ ഉത്തരവിട്ടത്.