കോട്ടയം നഗരസഭയിലെ മൂന്ന് കോടിയുടെ തട്ടിപ്പ് : അഖിൽ സി വർഗീസ് തമിഴ്നാട്ടിലെന്ന് സൂചന; അന്വേഷണസംഘം തമിഴ്നാട്ടിൽ; തട്ടിപ്പിന്റെ രേഖകൾ പലതും കോട്ടയം നഗരസഭയിൽ കാണാനില്ല; അന്വേഷണം മുറുകിയത്തോടെ മുക്കിയതെന്ന് സൂചന

Spread the love

കോട്ടയം : പെൻഷൻ ഫണ്ട് തട്ടിപ്പിൽ, കോടികള്‍ തട്ടിയെടുത്ത് നാടുവിട്ട നഗരസഭാ ജീവനക്കാരൻ അഖില്‍ സി.വർഗീസിനെത്തേടി അന്വേഷണസംഘം തമിഴ്നാട്ടില്‍. സ്വന്തം മൊബൈല്‍ ഫോണ്‍ ഓഫാക്കി മറ്റ് നമ്പറുകളില്‍ നിന്നും ഇന്റർനെറ്റ് കോളുകള്‍ മുഖേനയും ഇയാള്‍ പലരുമായും ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഇയാള്‍ക്കായി വലവിരിച്ചിട്ടുണ്ട്.

അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നഗരസഭയിലെ സാമ്ബത്തിക രേഖകള്‍ പരിശോധിച്ചുവരുകയാണ്. രണ്ടര കോടിയോളം രൂപയുടെ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അതേസമയം തട്ടിപ്പിന്റെ രേഖകൾ പലതും കോട്ടയം നഗരസഭയിൽ കാണാനില്ല, അന്വേഷണം മുറുകിയത്തോടെ മുക്കിയതെന്നാണ് സൂചന.

അതിനിടെ കോടതിയില്‍നിന്ന് മുൻകൂർ ജാമ്യം എടുക്കാനുള്ള ശ്രമങ്ങളും പ്രതി നടത്തുന്നതായാണ് വിവരം. ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചാല്‍ ശക്തമായി എതിർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയില്‍നിന്ന് എത്ര കോടിയാണ് തട്ടിയെടുത്തതെന്ന് നഗരസഭാ അധികൃതർക്കൊ, ജീവനക്കാർക്കൊ വ്യക്തമായി അറിയില്ല. തട്ടിപ്പ് കണ്ടെത്തി ആഴ്ച കഴിഞ്ഞിട്ടും മൂന്ന് കോടിയോളം രൂപയെന്നല്ലാതെ കൃത്യമായ കണക്കെടുക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.

കോടികളുടെ തട്ടിപ്പ് പുറത്തുവന്ന കോട്ടയം നഗരസഭയില്‍ കഴിഞ്ഞ രണ്ട് വർഷത്തെ സാമ്ബത്തിക രേഖകള്‍ കാണാനില്ല. ഇതേ തുടർന്ന് പണമിടപാട് സംബന്ധിച്ച രേഖകള്‍ ബാങ്കില്‍നിന്ന് ശേഖരിച്ച്‌ നഗരസഭയിലെ കണക്ക് പരിശോധിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പണമിടപാട് സംബന്ധിച്ച്‌ വിവരങ്ങള്‍ ആവശ്യപ്പെട്ട് നഗരസഭാ അധികൃതർ ബാങ്കില്‍ കത്തുനല്‍കി.

സാമ്ബത്തിക രേഖകളില്ലാത്തതിനാലാണ് അടിയന്തര കൗണ്‍സില്‍ വിളിക്കാൻ ഭരണസമിതി ഭയക്കുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനില്‍ പറഞ്ഞു. സാമ്ബത്തികവിഭാഗം കൈകാര്യംചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളടങ്ങുന്ന രേഖകളും കാണാതായിരിക്കുകയാണ്. മൂന്ന് ജീവനക്കാരെ സസ്പെൻഡുചെയ്ത നടപടി സാധൂകരിക്കുന്നതിനാണ് കഴിഞ്ഞ ദിവസം കൗണ്‍സില്‍ ചേർന്നത്.

തട്ടിപ്പ് സംബന്ധിച്ച്‌ ചർച്ചചെയ്യാനാണ് യോഗം വിളിക്കേണ്ടത്. അതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതും. എന്നാല്‍ കോടികളുടെ തട്ടിപ്പ് ഒതുക്കിത്തീർക്കാനാണ് ചില ജീവനക്കാരും ഭരണപക്ഷവും ചേർന്ന് ശ്രമിക്കുന്നത്. യഥാർഥ വസ്തുതകള്‍ പുറത്തുവരുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഷീജ അനില്‍ പറഞ്ഞു.