
സ്വന്തം ലേഖകൻ
കോഴിക്കോട്: അനധികൃതമായി പ്രവർത്തിച്ച കന്നുകാലി ഫാമിന് പൂട്ടിട്ട് പഞ്ചായത്ത് അധികൃതർ. ഫാമിൽ നിന്നു മാലിന്യം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്നാണ് നടപടി. കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ പേരിയ കോഴിച്ചിറയിലെ കന്നുകാലി ഫാമിനെതിരെയാണ് നടപടിയെടുത്തത്. ഫാമിലെ മുഴുവൻ കന്നു കാലികളേയും പഞ്ചായത്ത് അധികൃതർ പിടിച്ചെടുത്ത് ലേലം ചെയ്തു. ഫാം ഉടമയിൽ നിന്നു പിഴ ഈടാക്കാനും തീരുമാനിച്ചുണ്ട്.
പ്രദേശവാസികൾ നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്നു രണ്ട് മാസം മുൻപ് തന്നെ ഉടമയ്ക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകിയതായി പഞ്ചായത്ത് അധികൃതർ പറയുന്നു. ലൈസൻസ് ഇല്ലാതെയും അശാസ്ത്രീയമായ രീതിയിൽ ഫാമിൽ നിന്നുള്ള മാലിന്യങ്ങൾ കൈകാര്യം ചെയ്തുമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മുഴുവൻ കന്നുകാലികളേയും ഫാമിൽ നിന്നു മാറ്റണമെന്നു നേരത്തെ ആവശ്യപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്നറിയിപ്പ് കാലാവധി കഴിഞ്ഞപ്പോഴാണ് പഞ്ചായത്ത് അധികൃതർ ഉദ്യോഗസ്ഥ സംഘവുമായി എത്തി നടപടിയെടുത്തത്. ആറ് പശുക്കളും നാല് കിടാരികളും ആറ് പോത്തുകളുമാണ് ഫാമിൽ ഉണ്ടായിരുന്നത്. ഇവയെ മുഴുവൻ പിടിച്ചെടുത്തു ലേലം ചെയ്തത്. പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.