സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ നാളെ മുതല്‍ 4 കോച്ചുകള്‍ കൂട്ടും. ഒരു സ്ലീപ്പറും 3 ജനറല്‍ കോച്ചുകളുമാണു കൂട്ടുക. ഇതോടെ ട്രെയിനില്‍ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാര്‍ കോച്ചുകള്‍ കൂട്ടണമെന്നാവശ്യപ്പെട്ടു വരികയാണ്.
തിങ്കളാഴ്ച രാവിലെ മാവേലിക്കര മുതലുള്ള യാത്രക്കാർ കറുത്ത ബാഡ്ജുകൾ ധരിച്ച് എറണാകുളം ടൗൺ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തിയതിന്റെ പിന്നാലെയാണ് കോച്ചുകൾ വർദ്ധിപ്പിച്ചത്. പാലരുവിയിയ്ക്കും വേണാടിനുമിടയിൽ മെമു അനുവദിക്കണമെന്നായിരുന്നു യാത്രക്കാരുടെ പ്രധാന ആവശ്യം. അടിയന്തിര പരിഹാരമായി പാലരുവിയിൽ കോച്ചുകൾ വർദ്ധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കായംകുളം മുതൽ കോട്ടയം വഴി എറണാകുളത്തേയ്ക്ക് അതികഠിനമായ തിരക്കാണ് രാവിലെയുള്ള പാലരുവിയിലും വേണാടിലും അനുഭവപ്പെടുന്നത്. യാത്രക്കാർ കുഴഞ്ഞു വീഴുന്നത് പതിവായിരുന്നു. പ്രതിഷേധ ദിനത്തിലും മൂന്ന് യാത്രക്കാർ കുഴഞ്ഞുവീണിരുന്നു. രണ്ട് ട്രെയിനുകൾക്കുമിടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയാണ് തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നത്…
കോച്ചുകൾ വർദ്ധിപ്പിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിലവിലെ തിരക്കുകൾക്ക് ശാശ്വത പരിഹാരം മെമു സർവീസ് മാത്രമാണെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം അഭിപ്രായപ്പെട്ടു. വേണാട് ജംഗ്ഷൻ ഒഴിവാക്കിയത് മൂലം സൗത്തിലെ ഓഫീസുകളിൽ സമയം പാലിക്കാൻ കഴിയാതെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടുന്നുണ്ട്. മെട്രോ നിരക്കുകൾ സാധാരണക്കാരന് താങ്ങാൻ കഴിയില്ലെന്നും മെമു സർവീസ് മാത്രമാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധി ശ്രീജിത്ത് കുമാർ പ്രതികരിച്ചു.