play-sharp-fill
“ചൊവ്വയുടെ അഞ്ചിലൊന്ന് ഭാഗവും ഒരിക്കൽ വെള്ളത്തിനടിയിലായിരുന്നു”; നിർണായക കണ്ടെത്തലുമായി നാസ, ഉപരിതലത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ ജല സാന്നിധ്യം കണ്ടെത്തി

“ചൊവ്വയുടെ അഞ്ചിലൊന്ന് ഭാഗവും ഒരിക്കൽ വെള്ളത്തിനടിയിലായിരുന്നു”; നിർണായക കണ്ടെത്തലുമായി നാസ, ഉപരിതലത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ ജല സാന്നിധ്യം കണ്ടെത്തി

ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ ജല സാന്നിധ്യം കണ്ടെത്തി. നാഷണൽ അക്കാദമി ഓഫ് സയൻസസ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ അവകാശവാദം. നാസയുടെ റോബോട്ടിക് ഇൻസൈറ്റ് ലാൻഡർ ചൊവ്വയുടെ ഉൾവശം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൗത്യത്തിനിടെ ശേഖരിച്ച ഭൂകമ്പ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തൽ.

കാലിഫോർണിയ, ബെർക്ക്‌ലി, യുസി സാൻ ഡീഗോ സർവകലാശാലകളില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍. ലാൻഡറിലുണ്ടായിരുന്ന ഒരു ഭൂകമ്പമാപിനി ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തില്‍ കഴിഞ്ഞ നാല് വർഷം സംഭവിച്ച ഭൂകമ്പങ്ങളും ഭൂചലനങ്ങളുടെയും വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു.

ഈ ഭൂചലനങ്ങളുടെ വിശകലനത്തിലൂടെയും ഗ്രഹത്തിന്‍റെ കൃത്യമായ ചലനത്തിലൂടെയും ചൊവ്വയിൽ ദ്രാവകാവസ്ഥയിലുള്ള ജലത്തിന്‍റെ “സീസ്മിക് സിഗ്നലുകൾ” കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യവും ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജല സാന്നിധ്യവും നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ചൊവ്വയില്‍ ജല സാന്നിധ്യമുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 11.5 മുതല്‍ 20 കിലോമീറ്റർ താഴെയാണ് ജല സാന്നിധ്യം കൂടുതലായും കണ്ടെത്തിയത്. ജലസാന്നിധ്യം കണ്ടെത്തിയതോടെ മൈക്രോബയോളജിക്കൽ ജീവന്‍റെ നിലനിൽപ്പിന് അനുയോജ്യമായ സാഹചര്യങ്ങൾ ചൊവ്വ നൽകിയേക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

“പുരാതന ചൊവ്വയിലെ സമുദ്രങ്ങൾ നിറയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ള ജലത്തിന്‍റെ അളവിനേക്കാൾ കൂടുതലാണ് ഞങ്ങളുടെ ദ്രാവക ജലത്തിന്‍റെ കണക്ക്.” എന്നാണ് ഇത് സംബന്ധിച്ച് പഠനത്തിന്‍റെ സഹ-രചയിതാവായ കാലിഫോർണിയ സാൻ ഡീഗോ സർവകലാശാലയിലെ സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിൽ നിന്നുള്ള ഡോ. വഷൻ റൈറ്റ് പറയുന്നത്.

“ഭൂമിയിൽ, ഭൂഗർഭജലം ഉപരിതലത്തിൽ താഴേക്ക് ഇറങ്ങുന്നു. ഈ പ്രക്രിയ ചൊവ്വയിലും സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ ഇപ്പോഴുള്ളതിനേക്കാൾ ചൂട് കൂടിയപ്പോഴായിരിക്കാം വെള്ളം താഴേക്ക് ഇറങ്ങിയത്.’ റൈറ്റ് കൂട്ടിച്ചേര്‍ത്തു.

ഗ്രഹത്തിന്‍റെ ഉള്‍കാമ്പിലും ഉപരിതല പരിതസ്ഥിതിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ ചൊവ്വയുടെ ജലചക്രത്തെക്കുറിച്ചുള്ള അവബോധം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള തരത്തിലേക്ക് ചൊവ്വയുടെ ഉപരിതലം രൂപപ്പെട്ടത് മൂന്നൂറ് കോടി വര്‍ഷം മുമ്പാണെന്ന് കരുതുന്നു.

നാസയുടെ ആസ്ട്രോബയോളജി വെബ് പേജില്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്തു. ചൊവ്വയുടെ അഞ്ചിലൊന്ന് ഭാഗവും ഒരിക്കൽ വെള്ളത്തിനടിയിലായിരുന്നുവെന്നും ഇത് ജീവന്‍റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.