
ആലപ്പുഴ: പത്തിവിടർത്തിയ മൂർഖൻ ചീറ്റിക്കൊണ്ട് ആള്‍ക്കൂട്ടത്തിലേക്ക്. സവിത മൂർഖന്റെനേരേ വന്നുനിന്നു. ഇരുമ്പുവടികൊണ്ട് മൂർഖനെ കുടുക്കിലാക്കി സഞ്ചിയില്‍ കയറ്റി. ഇനിമുതല്‍ ജില്ലയില്‍ പാമ്പുപിടിക്കാൻ പരിശീലനം നേടിയവരില്‍ ഒരു വനിതകൂടി.
പരിശീലന സർട്ടിഫിക്കറ്റ് കിട്ടുന്നതോടെ പാമ്പുപിടിക്കാൻ പരിശീലനം കിട്ടിയ ജില്ലയിലെ ആദ്യ സ്ത്രീയാകും ചുനക്കര സ്വദേശിയും ചുനക്കര വടക്ക് പഞ്ചായത്തംഗവുമായ സവിതാ സുധി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൊമ്മാടിയിലെ സാമൂഹികവനവത്കരണ വിഭാഗം കാര്യാലയത്തില്‍ ശനിയാഴ്ചയായിരുന്നു പരിശീലനം.
സന്നദ്ധരായി എത്തിയ 20ഓളം പേർ പങ്കെടുത്തു. ജനങ്ങളെയും പാമ്പിനെയും സുരക്ഷിതരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. പാമ്പിനെ പിടിക്കാൻ സന്നദ്ധരായവരെ ലഭ്യമാക്കുന്ന സ്റ്റേറ്റ് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ് (SARPA) പരിചയപ്പെടുത്തുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് അൻവർ പരിശീലനത്തിനു നേതൃത്വം നല്‍കി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. രാജേഷ്, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കണ്‍സർവേറ്റർ ഫെൻ ആന്റണി, സജി ജെ. മോഹൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എസ്. സേവ്യർ എന്നിവർ പങ്കെടുത്തു.