
വമ്പൻ അഴിമതികള്‍ പിടിക്കാൻ സി.ബി.ഐ മോഡലില്‍ വിജിലൻസ് ; ”വിജിലൻസില്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. കാര്യങ്ങള്‍ പഠിച്ചശേഷം മികച്ച സംവിധാനമുണ്ടാക്കും” -യോഗേഷ് ഗുപ്ത
തിരുവനന്തപുരം: അഞ്ചു വർഷം സി.ബി.ഐയിലും ഏഴു വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) പ്രവർത്തിച്ചപ്പോള്‍, അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും ബാങ്ക് തട്ടിപ്പുകാരുടെയും നികുതി വെട്ടിപ്പുകാരുടെയും പേടി സ്വപ്നമായിരുന്ന അഡി.ഡി.ജി.പി യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായതോടെ, സംസ്ഥാനത്തെ അഴിമതി വേട്ടയുടെ രൂപം മാറും.
അഴിമതി പിടി കൂടാനും കുറ്റക്കാരെ അകത്താക്കാനും സി.ബി.ഐ മാതൃകയില്‍ വിജിലൻസില്‍ പ്രത്യേക സംവിധാനമൊരുക്കും.
അഴിമതിയും തട്ടിപ്പുകളും പിടി കൂടുന്നതില്‍ മികവു കാട്ടിയ യോഗേഷിന് വിശിഷ്ട,സ്തുത്യർഹ സേവനങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.
ഇ.ഡിയുടെ കിഴക്കൻമേഖലാ സ്പെഷ്യല്‍ ഡയറക്ടറായിക്കെ, രാജ്യത്തെ പിടിച്ചുലച്ച ബംഗാളിലെ ശാരദാ, റോസ്വാലി, സീഷോർ ചിട്ടിത്തട്ടിപ്പുകള്‍, നാരദാ കോഴ ടേപ്പ്, ബേസില്‍ നിക്ഷേപത്തട്ടിപ്പ് കേസുകള്‍ അന്വേഷിച്ചതും ഉന്നത രാഷ്ട്രീയക്കാരെ അകത്താക്കിയതും ഗുപ്തയുടെ നേതൃത്വത്തിലാണ്. ഈ
മണി ലോണ്ടറിംഗ് ആക്ട് പ്രകാരം പ്രതികള്‍ ശിക്ഷിക്കപ്പെട്ട ആദ്യ രണ്ട് ഇ.ഡികേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ഗുപ്തയായിരുന്നു.
22017ല്‍ ജാർഖണ്ഡ് മന്ത്രി ഹരിനാരായണ്റായ് ആയിരുന്നു ആദ്യം ശിക്ഷിക്കപ്പെട്ടത്.
ലഹരിമരുന്ന് ബന്ധമുള്ള കള്ളപ്പണക്കേസില്‍ രാജ്യത്താദ്യമായി പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതും ഗുപ്തയായിരുന്നു.
തൃണമൂല്‍ നേതാക്കള്‍ കുടുങ്ങിയ ചിട്ടിതട്ടിപ്പു കേസുകളില്‍ പതിനായിരം കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ചാർട്ടേർഡ് അക്കൗണ്ടന്റായ യോഗേഷിന് സി.ബി.ഐയില്‍ ബാങ്ക് തട്ടിപ്പുകള്‍ തടയുകയായിരുന്നു ചുമതല.
ഇരുപതിനായിരം കോടിയുടെ 50ബാങ്ക് തട്ടിപ്പുകള്‍, എസ്.ബി.ഐ സ്വർണത്തട്ടിപ്പ്, എയർപോർട്ട് അതോറിട്ടി റിക്രൂട്ട്മെന്റ് തട്ടിപ്പ് എന്നിവ അന്വേഷിച്ചതും ഓഹരിത്തട്ടിപ്പു കേസില്‍ കേതൻപരേഖിനെ അകത്താക്കിയതും യോഗേഷാണ്.
ആദായനികുതി വകുപ്പിലെയും കസ്റ്റംസിലെയും റെയില്‍വേയിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ അനധികൃത ഖനനം, ചിമ്ബാൻസി-കാണ്ടാമൃഗം കടത്തല്‍ എന്നിവയ്ക്കും തടയിട്ടു.
2030 ഏപ്രില്‍ വരെ സർവീസുള്ള യോഗേഷ് മുംബയ് സ്വദേശിയാണ്.
”വിജിലൻസില്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. കാര്യങ്ങള്‍ പഠിച്ചശേഷം മികച്ച സംവിധാനമുണ്ടാക്കും”
-യോഗേഷ് ഗുപ്ത
Whatsapp Group 1 | Whatsapp Group 2 |Telegram Group
