റാവൂസ് ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു ; സംഭവത്തിൽ ഏഴ് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Spread the love

ന്യൂഡൽഹി : റാവൂസ് ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു.
ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. തിരുവനന്തപുരം സ്വദേശി നെവിൻ(24) ഉൾപ്പെടെ മൂന്ന് വിദ്യാർഥികളാണ് വെള്ളക്കെട്ടിൽ മരിച്ചത്.
വിദ്യാർത്ഥികളുടെ മരണത്തിൽ പൊലീസിനെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെയും (എംസിഡി) കോടതി കുറ്റപ്പെടുത്തി.
കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം സിബിഐക്ക് വിടുന്നതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളി നെവിൻ(24) ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്.
യുപി സ്വദേശി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി ടാനിയ സോണി(25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. സംഭവത്തിൽ ഏഴ് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.